നടന്‍മാരുടെ ജയിലിലേക്കുള്ള കൂട്ടയാത്ര ഭീതികൊണ്ടുള്ള വ്യഗ്രതയില്‍: ദീദി ദാമോദരന്‍

കുറ്റാരോപിതനുള്ള പിന്‍തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകരുടെ ജയിലിലേക്കുള്ള കൂട്ടതീര്‍ത്ഥയാത്രയില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല . അതു തന്നെയാണവര്‍ പിന്നിട്ട 89 വര്‍ഷമായി സിനിമയിലും ചെയ്തു പോന്നിട്ടുള്ളത്
നടന്‍മാരുടെ ജയിലിലേക്കുള്ള കൂട്ടയാത്ര ഭീതികൊണ്ടുള്ള വ്യഗ്രതയില്‍: ദീദി ദാമോദരന്‍

കോഴിക്കോട്: കുറ്റാരോപിനായ നടന് പിന്തുണയേകി  ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ട സന്ദര്‍ശനം ഭീതിയില്‍ നിന്നുള്ള വ്യഗ്രതകൊണ്ടാണെന്ന് വിമന്‍ കലക്ടീവ് ഇന്‍ സിനിമാ ഭാരവാഹിയും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍. ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നും ഇതു തന്നെയാണവര്‍ പിന്നിട്ട 89 വര്‍ഷമായി സിനിമയിലും ചെയ്തു പോന്നിട്ടുള്ളതെന്നും ദീദീ ദാമോദരന്‍ പറഞ്ഞു. ഈ തിരുത്ത് നാളെ ആര്‍ക്കു നേരെയും ഉയരാം എന്ന സാധ്യതയാണ് ഭീതിയായി അതിനെ മുളയിലേ നുള്ളാനുള്ള ഈ വ്യഗ്രതയുടെ അടിസ്ഥാനം. കൂട്ട യാത്രയുടെ ഉള്ളടക്കം അതു മാത്രമാണ്. അതെങ്ങിനെ അവരെ ങ്കലാപ്പിലാക്കാതിരിക്കുമെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ദീദി ദാമോദരന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം

#അവള്‍ക്കൊപ്പം
കുറ്റാരോപിതനുള്ള പിന്‍തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകരുടെ ജയിലിലേക്കുള്ള കൂട്ടതീര്‍ത്ഥയാത്രയില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല . അതു തന്നെയാണവര്‍ പിന്നിട്ട 89 വര്‍ഷമായി സിനിമയിലും ചെയ്തു പോന്നിട്ടുള്ളത്. അത് നിര്‍വ്വഹിച്ചു കൊടുക്കുന്ന പണി മാത്രമായിരുന്നു സ്ത്രീകള്‍ക്ക് . ഇപ്പോഴുണ്ടായ വ്യത്യാസം ചരിത്രപരമാണ് .അത് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി പരാതിപ്പെട്ടു എന്നതാണ്. അവള്‍ക്കൊപ്പം നില്‍ക്കാന്‍ ഒരു പെണ്‍കുട്ട് ഉണ്ടായി എന്നതാണ്. പതിവുകള്‍ തെറ്റിച്ചു കൊണ്ട് അധികാരികള്‍ മൂകരും ബധിരരും അല്ലെന്ന് സാക്ഷ്യപ്പെട്ടുത്തി എന്നതാണ്.അത് നാമിന്നോളം കണ്ട ആണ്‍ തിരക്കഥകളിലെ തിരുത്താണ്. ഈ തിരുത്ത് നാളെ ആര്‍ക്കു നേരെയും ഉയരാം എന്ന സാധ്യതയാണ് ഭീതിയായി അതിനെ മുളയിലേ നുള്ളാനുള്ള ഈ വ്യഗ്രതയുടെ അടിസ്ഥാനം. കൂട്ട യാത്രയുടെ ഉള്ളടക്കം അതു മാത്രമാണ്. ഈ തിരുത്ത് അവരുടെ ധാര്‍ഷ്ട്യത്തിനേറ്റ (ചെറുതെങ്കിലുമായ) ആഘാതമാണ് . ഹൃദയത്തിലുണ്ടായ (മാരകമല്ലാത്തതെങ്കിലും) ഒരു സുഷിരമാണ് . അതെങ്ങിനെ അവരെ അങ്കലാപ്പിലാക്കാതിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com