പിസി ജോര്‍ജ്ജിനെതിരെ നടിയുടെ മൊഴി; പരാമര്‍ശം മാനഹാനിയുണ്ടാക്കി

സാധാരണക്കാര്‍ക്കിടയില്‍  തന്നെക്കുറിച്ച് സംശയത്തിന്‌ ഇടയാക്കിയെന്നും തനിക്കെതിരായ പ്രചരണത്തിന് ഇത് ചിലര്‍ ആയുധമാക്കിയെന്നും നടി മൊഴി നല്‍കി
പിസി ജോര്‍ജ്ജിനെതിരെ നടിയുടെ മൊഴി; പരാമര്‍ശം മാനഹാനിയുണ്ടാക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ നടി മൊഴി നല്‍കി. എംഎല്‍എയുടെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്നാണ് നടി മൊഴി നല്‍കിയത്. സാധാരണക്കാര്‍ക്കിടയില്‍ തന്നെ കുറിത്ത് സംശയത്തിന് ഇടയാക്കിയെന്നും തനിക്കെതിരായ പ്രചരണത്തിന് ഇത് ചിലര്‍ ആയുധമാക്കിയെന്നും നടി മൊഴി നല്‍കി. നടിയുടെ മൊഴി പരിശോധിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി തന്നെയായിരുന്നു നടി പൊലീസിനും നല്‍കിയിരുന്നത്. പൊതുപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും തനിക്ക് ലഭിക്കേണ്ടത് ധാര്‍മിക പിന്തുണയായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പിസി ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ ഇപ്പോഴും സമൂഹമാധ്യമത്തില്‍ പ്രചാരത്തിലുണ്ട്. അത് തനിക്കെതിരെ ആയുധമാക്കാന്‍ ചിലര്‍ ഇപ്പോഴും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ പിസി ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ പൊലീസ് പരിശോധിക്കും. നിലവില്‍ ജാമ്യം ലഭിക്കാവുന്ന തരത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി പിസി ജോര്‍ജ്ജിന് പൊലീസ് നോട്ടീസ് നല്‍കും

പിസി ജോര്‍ജ്ജിന്റെ പരാമര്‍ശത്തിനെതിരെ നടി നേരത്തെ മുഖ്യമന്ത്രിക്ക് കത്തെഴുതുയിരുന്നു. അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതല്ല എന്റെ ജീവിതത്തില്‍ സംഭവിച്ചത്. പി സി ജോര്‍ജ്ജിനെപ്പോലുള്ളവര്‍ ഞാന്‍ എന്തു ചെയ്യണമെന്നാണ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടെക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ? ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് എന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നേല്‍ നന്നായിരുന്നെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നടി കത്ത് നല്‍കിയതിന് പിന്നാലെയും നടിക്കെതിരെ പിസി ജോര്‍ജ്ജ് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ആവര്‍ത്തിച്ചിരുന്നു.

പിസി ജോര്‍ജ്ജ് എംഎല്‍എയുടെ പ്രസ്താവന ഏറെ വേദനിപ്പിച്ചെന്ന് നടി നേരത്തെ വനിതാ കമ്മീഷനും മൊഴി നല്‍കിയിരുന്നു.   വാര്‍ത്താ സമ്മേളനങ്ങളിലും ചര്‍ച്ചകളിലും അഭിമുഖങ്ങളിലുമാണ്  പിസി ജോര്‍ജ്ജ് നടിക്കെതിരെ മോശം പരമാര്‍ശം നടത്തിയത്. നടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തെളിവില്ലെന്നും ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം നടി അഭിനയിക്കാന്‍ പോയതില്‍ ദുരൂഹതയുണ്ടെന്നും ഇപ്പോള്‍ ഇവിടെ നടക്കുന്നത് പുരുഷ പീഡനമാണെന്നുമായിരുന്നു പിസി ജോര്‍ജ്ജ്് പറഞ്ഞത്. 

ഈ സാഹചര്യത്തിലായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാനും പി.സി.ജോര്‍ജ്ജിന്റെ മൊഴിയെടുക്കാനും ചെയര്‍പെഴ്‌സണ്‍ എംസി ജോസഫൈന്‍ കമ്മീഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജോര്‍ജ്ജിന്റെ അഭിപ്രായ പ്രകടനങ്ങള്‍ സ്ത്രീത്വത്തെ ഹനിക്കുന്നതെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. വനിതാ കമ്മീഷന്‍ ആക്ട് പ്രകാരം വനിതകള്‍ക്കെതിരായ ഏത് തരം അതിക്രമങ്ങള്‍ക്കും കേസെടുക്കാന്‍  കമ്മീഷന്‍ അധികാരമുണ്ട്. അപകീര്‍ത്തി കേസില്‍ ബന്ധപ്പെട്ടായാളുടെ പരാതി വേണമെന്നില്ല. പിസി ജോര്‍ജ്ജിനെതിരെ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കാമെന്ന നിയമോപദേശത്തിന്റെ കൂടി സാഹചര്യത്തിലാണ് സ്വമേധയാ കേസെടുക്കാനും തുടര്‍ നടപടികള്‍ക്കും ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ആക്രമണത്തിനിരയായ നടിക്കെതിരെ പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതമാണെന്നും സ്പീക്കര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഉന്നത പദവിയിലിരിക്കുന്ന ആള്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്പീക്കറുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com