കണ്ണന്താനത്തെ അഭിനന്ദിച്ച പിണറായിക്കെതിരെ ഒളിയമ്പുമായി വിഎസ്; ഇടതുപക്ഷ സഹയാത്രീകന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയം

ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ്  അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്
കണ്ണന്താനത്തെ അഭിനന്ദിച്ച പിണറായിക്കെതിരെ ഒളിയമ്പുമായി വിഎസ്; ഇടതുപക്ഷ സഹയാത്രീകന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയം

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നേര്‍ക്ക് ഒളിയമ്പെയ്തും, കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിച്ചും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. കണ്ണന്താനത്തിന് മന്ത്രിസ്ഥാനം ലഭിച്ചതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് വിഎസ് പറഞ്ഞു. 

വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭത്തിലാണ് കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നത്. അത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണ്. അതുകൊണ്ടുതന്നെ, അതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് വിഎസ് പ്രസ്താവനയില്‍ പറയുന്നു. 

ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ്  അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. ഒരു രാജ്യത്ത് ഫാസിസം നടപ്പാക്കുന്നതിന്റെ ചാലകശക്തിയായും ചട്ടുകമായും ഒരിക്കലും ഒരു ഇടതുപക്ഷ സഹയാത്രികന് മാറാനാവരുതാത്തതാണ്. 

സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന തിരിച്ചറിവുകൂടിയാണ് കണ്ണന്താനത്തിലൂടെ ഇടതുപക്ഷത്തിന് നല്‍കുന്നത്. ഒരുതരത്തിലും സന്ധിചെയ്യാന്‍ വകുപ്പില്ലാത്ത ഒരു ഘട്ടത്തില്‍, തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്ന് അദ്ദേഹംതന്നെ പറഞ്ഞ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് ഫാസിസത്തോട് സന്ധിചെയ്യുകയാണ് കണ്ണന്താനം ചെയ്തതെന്നും പ്രസ്താവനയില്‍ വിഎസ് ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com