ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയേക്കും; ദിലീപ് അനുകൂല പ്രതികരണങ്ങള്‍ കേസ് അട്ടിമറിക്കാനെന്ന് പൊലീസ് കോടതിയെ അറിയിക്കും

ശ്രാദ്ധ ദിനത്തിന് ബലിയിടാന്‍ പോകാന്‍ കോടതി അനുവദിച്ചതും, നിബന്ധനകള്‍ പാലിച്ച് താന്‍ പോയി വന്നതും ഹൈക്കോടതിയില്‍ ദിലീപ് ചൂണ്ടിക്കാട്ടും
ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയേക്കും; ദിലീപ് അനുകൂല പ്രതികരണങ്ങള്‍ കേസ് അട്ടിമറിക്കാനെന്ന് പൊലീസ് കോടതിയെ അറിയിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. അച്ഛന്റെ ശ്രാദ്ധ ദിനത്തിന് ബലിയിടാന്‍ പോകാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചതും, നിബന്ധനകള്‍ പാലിച്ച് താന്‍ പോയി വന്നതും ഹൈക്കോടതിയില്‍ നല്‍കുന്ന ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടും. 

ദിലീപ് അറസ്റ്റിലായിട്ട് ഇന്നേക്ക് രണ്ട് മാസം തികഞ്ഞിരുന്നു. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. രണ്ട് തവണയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോകുന്ന സമയത്ത് ദിലീപിന് ജാമ്യം അനുവദിക്കരുത് എന്നായിരിക്കും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുക. സിനിമാ പ്രവര്‍ത്തകര്‍ ദിലീപിനെ കാണാന്‍ ജയിലിലേക്ക് എത്തിയ കാര്യവും, ദിലീപിന് അനുകൂലമായി ഇവര്‍ പ്രസ്താവന നടത്തിയ കാര്യവും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. 

ദിലീപിനെ അനുകൂലിച്ചുള്ള ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രസ്താവന പ്രതിയെ സഹായിക്കാനും, ആസൂത്രിതമായിട്ടുള്ളതാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിരുന്നു. ഈ നിലപാട് തന്നെയായിരിക്കും ഹൈക്കോടതിയിലും പ്രോസിക്യൂഷന്‍ സ്വീകരിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com