നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണ് ദിലീപിന്റെത്; ദിലീപിന് പിന്തുണയുമായി വീണ്ടും  സെബാസ്റ്റ്യന്‍ പോള്‍

പോലീസിനെ വിശ്വസിച്ച് നിഗ്രഹിക്കുന്നത് ശരിയല്ലെന്നും നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണ് ദിലീപിന്റെത്. താന്‍ ഇരയ്ക്ക് എതിരല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍
നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണ് ദിലീപിന്റെത്; ദിലീപിന് പിന്തുണയുമായി വീണ്ടും  സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ വീണ്ടും പിന്തുണച്ച് സെബാസ്റ്റ്യന്‍ പോള്‍. പോലീസിനെ വിശ്വസിച്ച് നിഗ്രഹിക്കുന്നത് ശരിയല്ലെന്നും പോള്‍ വ്യക്തമാക്കി. നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണ് ദിലീപിന്റെത്. താന്‍ ഇരയ്ക്ക് എതിരല്ലെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. 

്ദിലീപ് ജയിലില്‍ അറുപത് ദിവസം പിന്നിട്ടു. അറുപതെന്നത് റിമാണ്ട് കാലാവധിയിലെ നിര്‍ണായകമായ ഒരു ഘട്ടമാണ്. അടുത്ത ഘട്ടം തൊണ്ണൂറാണ്. ജാമ്യം എന്ന സ്വാഭാവികമായ അവകാശം നിഷേധിക്കുന്നതിന് അപ്പോഴേയ്ക്ക് ഒരു കുറ്റപത്രം കോടതിയില്‍ വരും. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കും. അത് പൊലീസിന്റെ കാര്യം. പൊലീസ് പറയുന്നത് വിശ്വസിക്കരുതെന്ന മുന്നറിയിപ്പാണ് ക്രിമിനല്‍ നിയമവും ഭരണഘടനയും നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ മജിസ്‌ട്രേറ്റുമാരും ജഡ്ജിമാരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്നു. അവര്‍ പൊലീസിനെ വിശ്വസിക്കുന്നു. തീയില്ലാതെ പുകയുണ്ടാകുമോ എന്ന അതീവലളിതമായ നാടന്‍ ചോദ്യത്താല്‍ അവര്‍ നയിക്കപ്പെടുന്നു. ഇരയെ ഓര്‍ക്കേണ്ടതല്ലേ എന്ന പ്രത്യക്ഷത്തില്‍ മനുഷ്യത്വപരമായ ചോദ്യവും അവര്‍ ഉന്നയിക്കും. വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് രചിക്കുന്നത് നീതിനിഷേധത്തിന്റെ മഹേതിഹാസമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു

കൊച്ചിയിലെ ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണ്. ആയതിന്റെ അടിസ്ഥാനമെന്തെന്ന് മഞ്ജു വെളിപ്പെടുത്തിയതായി അറിവില്ല. സന്ധ്യയോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ടാകാം. ദിലീപിന്റെയും മഞ്ജുവിന്റെയും ദാമ്പത്യജീവിതം കലുഷമായതിന്റെ ഉത്തരവാദി എന്ന നിലയിലാണ് നടിയോട് ദിലീപിന് വിദ്വേഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. മഞ്ജു അങ്ങനെ പറഞ്ഞിട്ടുണ്ടോ? പ്രതിയുടെ സന്ദിഗ്ധത നിറഞ്ഞ വെളിപ്പെടുത്തലിന്റെയും തത്പരകക്ഷിയുടെ അവ്യക്തമായ ആരോപണത്തിന്റെയും അടിസ്ഥാനത്തില്‍ പന്താടാനുള്ളതാണോ ഒരു വ്യക്തിയുടെ ജീവനും ജീവിതവുമെന്നും സെബാസ്റ്റ്യന്‍ പോള്‍ ചോദിക്കുന്നു

ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. ചോദ്യങ്ങളിലൂടെയാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടുന്നത്. ഗൗരിക്ക് ലഭിച്ചതുപോലെ ചിലപ്പോള്‍ വെടിയുണ്ടകളായിരിക്കും മറുപടി. എന്നാലും ചോദ്യങ്ങള്‍ അവസാനിക്കരുത്. ദീദി ദാമോദരനും മറ്റും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന വീണ്ടുവിചാരമില്ലാത്ത നിലപാട് എന്നെ വേദനിപ്പിക്കുന്നു. ദിലീപിന് അനുകൂലമായി തരംഗം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പൊലീസ് എന്റെ നിലപാടിനെ വ്യാഖ്യാനിച്ചേക്കാം. സഹതാപതരംഗമോ അനുകൂലതരംഗമോ സൃഷ്ടിക്കപ്പെടുന്നതില്‍ എന്തു തെറ്റാണുള്ളത്? പ്രതികൂലതരംഗം സൃഷ്ടിക്കുന്നതിന് മാധ്യമങ്ങളെ പൊലീസ് നന്നായി ഉപയോഗിക്കുന്നുണ്ട്. ടി ദാമോദരന്റെ സ്‌ക്രിപ്റ്റ്‌പോലെ അനായാസം സങ്കീര്‍ണവിമുക്തമാക്കാന്‍ കഴിയുന്നതല്ല ജീവിതത്തിലെ സന്ധികളും പ്രതിസന്ധികളും. ഭരണഘടനയുടെ പരിരക്ഷയുള്ള പൗരനെ കുടയ്ക്കു പുറത്ത് മഴയത്ത് നിര്‍ത്തുമ്പോള്‍ ചോദ്യങ്ങള്‍ ഉണ്ടാകണം. ജാമ്യത്തിനുള്ള നീക്കം ഓരോ തവണയുണ്ടാകുമ്പോഴും കോടതിയുടെ മനസ് പ്രതികൂലമാക്കുന്നതിന് പൊലീസ് ഓരോ കഥയിറക്കും. മഅദനിയുടെ കേസില്‍ അത് നിരന്തരം കണ്ടവരാണ് ഞങ്ങള്‍. അതിവിടെ ആവര്‍ത്തിക്കരുതെന്ന് ശാഠ്യം പിടിക്കുന്നതിനുള്ള ഉത്തരവാദിത്വം എനിക്കും ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉണ്ട്. സംസാരവും സഹാനുഭൂതിയും തടയുന്നതിന് മജിസ്‌ട്രേട്ടിനെ സമീപിച്ച പൊലീസ് തങ്ങളുടെ ആവനാഴിയില്‍ അമ്പുകള്‍ വേണ്ടത്രയില്ലെന്ന സംശയമാണ് ജനിപ്പിക്കുന്നത്. ഏഴു മാസം പഴക്കമായ കേസില്‍ തെളിവുകള്‍ ആവോളമായെങ്കില്‍ ഇനി ദിലീപിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കരുത്. അയാളെ പുറത്തുനിര്‍ത്തി നമുക്ക് വിചാരണയിയേക്ക് കടക്കാം. കുറ്റക്കാരനെന്നു കണ്ടാല്‍ ദീദിക്കും കൂട്ടര്‍ക്കും മതിയാവോളം ദിലീപിനെ നമുക്ക് ശിക്ഷിക്കാമല്ലോ എന്നും  പോള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com