ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, പുരസ്‌കാരം കിട്ടിയവര്‍ക്ക് കയ്യടിക്കാന്‍ താരങ്ങള്‍ എത്തിയോ എന്നതല്ലല്ലോ പ്രധാനം: ഡോ. ബിജു

സര്‍ക്കാര്‍ അവാര്‍ഡുകളുടെ ഗൗരവ ബോധവും സാംസ്‌കാരികതയും നശിപ്പിച്ച് തമാശ നിറഞ്ഞ ഒരു ജനക്കൂട്ട താര ആരവ ചടങ്ങായി മാറ്റപ്പെട്ടു സംസ്ഥാന അവാര്‍ഡുകള്‍
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, പുരസ്‌കാരം കിട്ടിയവര്‍ക്ക് കയ്യടിക്കാന്‍ താരങ്ങള്‍ എത്തിയോ എന്നതല്ലല്ലോ പ്രധാനം: ഡോ. ബിജു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ താരങ്ങള്‍ എത്താതിരുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി സംവിധായകന്‍ ഡോ. ബിജു. താരങ്ങളേക്കാള്‍ പുരസ്‌കാരം ലഭിച്ചവരെയും സിനിമയെയും പ്രോത്സാഹിപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണെന്ന ഡോ. ബിജു ചൂണ്ടിക്കാട്ടി. സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ പുരസ്‌കാര ചടങ്ങിനെ ചാനലുകള്‍ക്കു വേണ്ടി ഡാന്‍സും മിമിക്രിയും കുത്തിനിറച്ചു വാണിജ്യവത്കരിക്കുകയാണെന്ന് ഡോ. ബിജു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. 

പുരസ്‌കാരം ലഭിച്ചവരെയും സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും ബാധ്യതയും ഉള്ളത് താരങ്ങളേക്കാള്‍ കൂടുതല്‍ സര്‍ക്കാരിനാണ് . കലാമൂല്യമുള്ള സാംസ്‌കാരിക സാമൂഹ്യ പ്രതിബദ്ധത ഉള്ള സിനിമകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത് . അതുകൊണ്ട് തന്നെ അത്തരം സിനിമകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനും കൂടുതലായി നിര്മിക്കപ്പെടുവാനും പ്രദര്‍ശന സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുവാനും ഒക്കെയുള്ള കടമ സംസ്ഥാന സര്‍ക്കാരിനുണ്ട് . പുരസ്‌കാര വിതരണ ചടങ്ങില്‍ താരങ്ങള്‍ ക്ഷണിതാക്കളായി പങ്കെടുക്കുക എന്നതിലല്ല കാര്യം മറിച്ചു ഇത്തരം സിനിമകളുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നതാണ് പ്രാഥമികമായി വിലയിരുത്തേണ്ട കാര്യം . നിര്‍ഭാഗ്യവശാല്‍ സിനിമ ഒരു കലയും സംസ്‌കാരവും എന്ന നിലയില്‍ പ്രോത്സാഹിപ്പിക്കാനോ നില നിര്‍ത്തുവാനോ കേരള സര്‍ക്കാര്‍ ഒരു കാലത്തും ഒന്നും ചെയ്തിട്ടില്ല. മാറാത്തയും ബംഗാളും യൂ പി യും ഗുജറാത്തും ഒക്കെ കലാമൂല്യ സിനിമകള്‍ക്ക് സബ്‌സിഡിയും പ്രദര്‍ശന സംവിധാനവും ഉറപ്പ് വരുത്തുന്ന നടപടികളും നിയമ നിര്‍മാണവും ഒക്കെ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നടത്തിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയാണെന്ന് ഡോ. ബിജു കുറിപ്പില്‍ പറഞ്ഞു.

കേരളത്തില്‍ കലാമൂല്യ സിനിമകളുടെ പ്രോത്സാഹനത്തിനും സബ്‌സിഡിക്കുമായി നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ അടൂര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെ രണ്ട് വിശദമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആ രണ്ടു റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രിയുടെയും സിനിമാ വകുപ്പ് മന്ത്രിയുടെയും മേശവലിപ്പില്‍ ഒരു നടപടി പോലും സ്വീകരിക്കപ്പെടാതെ വിശ്രമിക്കുന്നുണ്ട്. ആ റിപ്പോര്‍ട്ടുകളിന്മേല്‍ ഇനിയെങ്കിലും എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമോ എന്നാണ് ഞങ്ങള്‍ ഉറ്റു നോക്കുന്നത്. അതുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, പുരസ്‌കാരം കിട്ടിയവര്‍ക്ക് കയ്യടിക്കാന്‍ താരങ്ങള്‍ മെഗാ ഷോയില്‍ എത്തിയോ എത്തിയില്ലയോ എന്നതല്ല പ്രധാനം. മറിച്ചു സിനിമയെ കലാപരമായും സാംസ്‌കാരികമായും നില നിര്‍ത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും ക്രിയാത്മകമായ സമീപനം സ്വീകരിക്കാന്‍ തയ്യാറാകുമോ എന്നതാണ്. 

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തിരുന്നത് ലളിതവും എന്നാല്‍ സാംസ്‌കാരിക പൂര്‍ണവുമായ ചടങ്ങില്‍ വെച്ച് ആയിരുന്നു . ദേശീയ പുരസ്‌കാരങ്ങള്‍ ഇപ്പോഴും വിതരണം ചെയ്യുന്നത് അതിന്റെ അന്തഃസത്തയും ഔദ്യോഗികതയും കാത്തു സൂക്ഷിച്ച് തന്നെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ആയാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ടെലിവിഷന്‍ ചാനലുകളുടെ മാതൃകയില്‍ ആഘോഷങ്ങള്‍ നിറഞ്ഞ താര മാമാങ്കങ്ങള്‍ ആയി മാറ്റിയത് . സര്‍ക്കാര്‍ അവാര്‍ഡുകളുടെ ഗൗരവ ബോധവും സാംസ്‌കാരികതയും നശിപ്പിച്ച് തമാശ നിറഞ്ഞ ഒരു ജനക്കൂട്ട താര ആരവ ചടങ്ങായി മാറ്റപ്പെട്ടു സംസ്ഥാന അവാര്‍ഡുകള്‍. മുന്‍പ് ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം നടത്തിയിരുന്ന പുരസ്‌കാര ചടങ്ങ് സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് സംപ്രേഷണത്തിനായി കച്ചവടം നടത്തിയതോടെ ടെലിവിഷന്റ്റെ താല്പര്യത്തിനനുസരിച്ചു ഡാന്‍സും മിമിക്രിയും കുത്തി നിറച്ചും, മുഖ്യ അതിഥികള്‍ ആയി താരങ്ങളെ പങ്കെടുപ്പിച്ചും, ആദരിക്കല്‍ ചടങ്ങുകള്‍ തിരുകി കയറ്റിയും ഒക്കെ വാണിജ്യവല്‍ക്കരിക്കുകയാണ് ഉണ്ടായത്. സിനിമ എന്ന മാധ്യമത്തില്‍ ഓരോ വര്‍ഷവും സാംസ്‌കാരികമായും കലാപരമായും സൗന്ദര്യപരമായും സാങ്കേതികപരമായും ഉന്നതമായ സംഭാവനകള്‍ ചെയ്തവര്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഔദ്യോഗിക ആദരവ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. അത് നല്‍കുന്ന വേദി കുറേക്കൂടി ഗൗരവാവഹവും സാംസ്‌കാരികപൂര്‍ണവുമാകാന്‍ നിര്‍ദ്ദേശിക്കണം. അവിടെ പുരസ്‌കാരം ലഭിച്ചവരാണ് മുഖ്യ അതിഥികള്‍. അവരെ മറികടന്ന് എന്തിനാണ് താരങ്ങളെ മുഖ്യ അതിഥികള്‍ എന്ന നിലയില്‍ ആ വേദിയിലേക്ക് ക്ഷണിച്ചു വരുത്തുന്നത്? 

പുരസ്‌കാരം കിട്ടിയവരെ ആണ് ആ വേദിയില്‍ ആദരിക്കേണ്ടത് . അവരെ മറികടന്ന് എന്തിനാണ് വേറെ പത്ത് പതിനഞ്ച് ആളുകളെ ആദരിക്കാനായി പ്രേത്യേകം ക്ഷണിച്ചു വരുത്തുന്നത് ?. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകണം. അടുത്ത വര്‍ഷം എങ്കിലും ദേശീയ പുരസ്‌കാര വിതരണ ചടങ്ങിന്റെ മാതൃകയില്‍ അന്തസ്സുറ്റ ഒരു വേദിയില്‍ നിന്ന് കൊണ്ട് അങ്ങ് പുരസ്‌കാര വിതരണം നടത്തുന്നതിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കും എന്ന് കരുതുന്നു. സിനിമയെ കലാമൂല്യമുള്ള സാംസ്‌കാരിക ഇടമായി നില നിര്‍ത്താനും അത്തരം സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായിക്കേണ്ടത് സര്‍ക്കാര്‍ ആണ്. മറ്റുള്ള ഭാഷകളില്‍ സര്‍ക്കാര്‍ അത് ചെയ്യുന്നുണ്ട് . കേരളത്തില്‍ മാത്രം എത്ര കാലം നമുക്ക് അത്തരം ഇടപെടലുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കും . ആര്‍ജ്ജവവും കാഴ്ചപ്പാടുമുള്ള ഒരു സര്‍ക്കാരില്‍ നിന്നും കലാ സാംസ്‌കാരിക ലോകം പ്രതീക്ഷിക്കുന്നത് ഫലപ്രദമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ആണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com