സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളമായില്ല: കേരളത്തെ കാത്തിരിക്കുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധി

സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമെ ഇപ്പോള്‍ ഡാമുകളിലുള്ളു.
സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളമായില്ല: കേരളത്തെ കാത്തിരിക്കുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധി

തിരുവനന്തപുരം: ഇത്തവണ ആവശ്യത്തിന് മഴ ലഭിച്ചിട്ടും കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കാണ് പോകുന്നത്. സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമെ ഇപ്പോള്‍ ഡാമുകളിലുള്ളു. രൂക്ഷമായ വരള്‍ച്ചനേരിട്ട കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കുറവാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഡാമുകളിലുള്ള വെള്ളത്തിന്റെ അളവ്. 

പ്രതിസന്ധി മറികടക്കാന്‍ പുറമെനിന്ന് വൈദ്യുതി വാങ്ങേണ്ടിവന്നാല്‍ നിരക്കുവര്‍ധനയ്ക്ക് കാരണമാകും. സെപ്റ്റംബര്‍ ആദ്യ ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം 1977 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമെ ഇപ്പോള്‍ ഡാമുകളിലുള്ളു. കഴിഞ്ഞവര്‍ഷം ഇതേസമയം ഡാമുകളില്‍ 2300 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടായിരുന്നു. ഇടുക്കിയില്‍ ആകെ സംഭരണ ശേഷിയുടെ 46 ശതമാനം മാത്രമെയുള്ളു. 

ഇടുക്കി അണക്കെട്ടില്‍ നിന്നാണ് കേരളത്തിനാവശ്യമായ വൈദ്യുതിയുടെ ഭൂരിഭാഗവും ഉല്‍പ്പാദിപ്പിക്കുന്നത്. ശബരിഗിരിയില്‍ 51 ശതമാനവും ഇടമലയാറില്‍ 60 ശതമാനവും വെള്ളമുണ്ട്. ഷോളയാറില്‍ മാത്രമാണ് കൂടുതല്‍ വെള്ളമുള്ളത്. 89 ശതമാനം. എന്നാല്‍ ഇത് താരതമ്യേന ചെറിയ ഡാമാണ്. പ്രധാന ഡാമുകളിലാകെ 52 ശതമാനം വെള്ളമുണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വകുപ്പിന്റെ കണക്ക്. നീരൊഴുക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. 

ഓഗസ്റ്റ് മാസത്തിലെ ശരാശരി വൈദ്യുതി ഉപഭോഗം 64 ദശലക്ഷം യൂണിറ്റാണ്. മഴമാറുന്നതോടെ ഉപയോഗം 72 ദശലക്ഷം യൂണിറ്റ് കടക്കും. ഇക്കൊല്ലം പ്രധാന ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ കാര്യമായി പെയ്തിട്ടില്ല എന്നതാണ് വൈദ്യുത പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com