കുട്ടികള്‍ക്കെതിരെ വര്‍ധിക്കുന്ന ലൈംഗികാതിക്രമത്തിനെതിരെ ബോധവത്കരണം വേണമെന്ന് മുഖ്യമന്ത്രി 

പല പഠനങ്ങളും സൂചിപ്പിക്കുന്നത് ഇത്തരം അക്രമങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് കുഞ്ഞുങ്ങള്‍ക്കു നേരിട്ട് പരിചയമുള്ളവരില്‍ നിന്നുതന്നെയാണ് എന്നതാണ്. ഇതിനെക്കുറിച്ച് സമൂഹത്തിലാകെ ബോധവല്‍ക്കരണം ഉണ്ടാകണം. 
കുട്ടികള്‍ക്കെതിരെ വര്‍ധിക്കുന്ന ലൈംഗികാതിക്രമത്തിനെതിരെ ബോധവത്കരണം വേണമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതില്‍ രാജ്യവ്യാപക ബോധവത്കരണം ലക്ഷ്യമിട്ട് നൊബേല്‍ ജേതാവ് കൈലേഷ് സത്യാര്‍ഥിയുടെ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ നടത്തുന്ന ഭാരത യാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ബാലവേല ചിലയിടങ്ങളിലെങ്കിലും ഇന്നും തുടരുന്നു. അതിലും വേദനാജനകമാണ് അവര്‍ക്കെതിരെയുള്ള ലൈംഗിക അക്രമങ്ങള്‍ വര്‍ധിക്കുന്നു എന്നത്. പല പഠനങ്ങളും സൂചിപ്പിക്കുന്നത് ഇത്തരം അക്രമങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് കുഞ്ഞുങ്ങള്‍ക്കു നേരിട്ട് പരിചയമുള്ളവരില്‍ നിന്നുതന്നെയാണ് എന്നതാണ്. ഇതിനെക്കുറിച്ച് സമൂഹത്തിലാകെ ബോധവല്‍ക്കരണം ഉണ്ടാകണം.
കുട്ടികള്‍ ഏതൊരു സമൂഹത്തിന്റെയും ഭാവിയാണ്. അതുകൊണ്ടുതന്നെ അവരുടെ വളര്‍ച്ചയ്ക്കുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് കരുതലുള്ള ഏതൊരു സമൂഹവും പ്രധാന്യം നല്‍കും. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകമായൊരു വകുപ്പുതന്നെ രൂപീകരിച്ചിട്ടുണ്ട്. ഇത് പ്രകടനപത്രികയില്‍ തന്നെ മുന്നോട്ടുവെച്ചിരുന്ന ആശയമായിരുന്നു. ഒട്ടും കാലതാമസമില്ലാതെ അത് നടപ്പിലാക്കുകയും ചെയ്തു. അത്രത്തോളം ഗൗരവമായാണ് കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഈ സര്‍ക്കാര്‍ കാണുന്നത്.

നമ്മുടെ സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ പോന്ന ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി കുട്ടികള്‍ മാറണമെങ്കില്‍ ഭയരഹിതമായി ജീവിക്കാന്‍ കഴിയുന്ന ഒരു ബാല്യം അവര്‍ക്കുണ്ടാകണം. ലോകോത്തര നിലവാരമുള്ള വിദ്യ അഭ്യസിക്കാന്‍ കഴിയുന്ന ഒരു കൗമാരമവര്‍ക്കുണ്ടാവണം. തങ്ങള്‍ പഠിച്ച ആശയങ്ങള്‍ പരീക്ഷിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയുന്ന ഒരു യൗവ്വനമുണ്ടാകണം.

ശരീരത്തിന്റെ വളര്‍ച്ചയെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് മനസ്സിന്റെയും ബുദ്ധിയുടെയും വികാസം എന്നത്. അത് സാധ്യമാക്കാന്‍ പുരോഗമനപരമായി ചിന്തിക്കുകയും ഇടപെടുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ അവര്‍ വളരണം. ഉന്നതമായ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹം ഉണ്ടാവണം. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടത്തുന്നതെന്നും പിണറായി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com