ചരിത്രത്തിലാദ്യമായി മട്ടാഞ്ചേരി രക്തസാക്ഷി ദിനം രണ്ടായി ആചരിക്കാന്‍ തീരുമാനിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ മട്ടാഞ്ചേരി രക്തസാക്ഷികളുടെ സ്മരണദിനംം ചരിത്രത്തിലാദ്യമായി സിപിഎമ്മും സിപഐയും രണ്ടായി ആചരിക്കുന്നു
ചരിത്രത്തിലാദ്യമായി മട്ടാഞ്ചേരി രക്തസാക്ഷി ദിനം രണ്ടായി ആചരിക്കാന്‍ തീരുമാനിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

കൊച്ചി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ മട്ടാഞ്ചേരി രക്തസാക്ഷികളുടെ സ്മരണദിനംം ചരിത്രത്തിലാദ്യമായി സിപിഎമ്മും സിപിഐയും രണ്ടായി ആചരിക്കുന്നു. 1953ല്‍ കൊച്ചി തുറമുഖത്ത് തൊഴിലിനായി നിലനിന്ന ''ചാപ്പ'' സമ്പ്രദായത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ മൂന്ന് തൊഴിലാളികളാണ് രക്തസാക്ഷികളായത്. ചക്കരയിടുക്കില്‍ നടന്ന പൊലീസ് വെടിവെയ്പ്പില്‍ സെയ്ദ്,സെയ്ദാലി എന്നിവരും പൊലീസ് കസ്റ്റഡിയിലെ മര്‍ദനത്തില്‍ ആന്റണിയെന്നയാളുമാണ് മരിച്ചത്.സംഭവത്തിന് ശേഷം മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുത്തുറ്റ പ്രസ്ഥാനമായി വളര്‍ന്നു. 

ഇവരുടെ രക്തസാക്ഷി ദിനം എല്ലാ വര്‍ഷവും ആചരിക്കാറുണ്ട്. പാര്‍ട്ടി പിളര്‍ന്നപ്പോഴും സിപിഐയും സിപിഎമ്മും ഒരുമിച്ചാണ് രക്തസാക്ഷി ദിനാചരണം നടത്തിയത്. എന്നാല്‍ അടുത്ത കാലകത്തുടലെടുത്ത തര്‍ക്കങ്ങള്‍ അതിരുവിട്ടതോടെ ഇരു പാര്‍ട്ടികളും വെവ്വേറെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

സിപിഎമ്മില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് സിപിഐ അംഗത്വം നല്‍കിയതാണ് പ്രസ്‌നം രൂക്ഷമാകാന്‍ കാരണമായത്. സിപിഎം ഏരിയ സെക്രട്ടറി ആയിരുന്ന എം.ഡി ആന്റണിയെ പാര്‍ട്ടി പുറത്താക്കിയപ്പോള്‍ സിപിഐ അദ്ദേഹത്തെ എഐടിയുസി മണ്ഡലം സെക്രട്ടറിയാക്കിയതാണ് സിപിഎമ്മിനെ ഏറെ പ്രകോപിപ്പിച്ചത്. ഒന്നര വര്‍ഷമായി സംഘടനകള്‍ തമ്മില്‍ കടുത്ത നിസ്സഹകരണത്തിലാണ്. ഇതേത്തുര്‍ന്ന് മേഖലയിലെ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ പോലും നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രക്തസാക്ഷി സ്മരണയും രണ്ടായി നടത്തിയാല്‍ മതിയെന്ന് ഇരു പാര്‍ട്ടികളും തീരുമാനിച്ചത്. 

രക്തസാക്ഷി അനുസ്മരണം സഹകരിച്ച് നടത്താം എന്ന ആവശ്യവുമായി സിപിഎമ്മിനെ സമീപിച്ചിരുന്നുവെന്നും, എന്നാല്‍ സിപിഎം മാറി നില്‍ക്കുകയാണ് എന്നുമാണ് സിപിഐ ആരോപിക്കുന്നത്. 

സിപിഎമ്മില്‍ നിന്ന് ചില നേതാക്കള്‍ സിപിഐയില്‍ എത്തിയതാകാം സിപിഎമ്മിന് സിപിഐയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി.കെ ഷബീബ് പറഞ്ഞു.

കൊച്ചിയില്‍ നടത്തുന്ന ഒരുപരിപാടിയുമായും സിപിഐ കുറേ നാളുകളായി സഹകരിക്കുന്നില്ല,ഇക്കുറിയും സമീപിച്ചു.സിപിഐയുമായി സിപിഎമ്മിന് അഭിപ്രായ ഭിന്നതകളില്ല. ഇടത് ഐക്യത്തിന് വിരുദ്ധമായ നിലപാടുകളാണ് ഇക്കാര്യത്തിലും സിപിഐയ്ക്ക് ഉള്ളതെന്ന് സിപിഎം ഏര്യാ സെക്രട്ടറി കെ.എം റിയാദ് പറഞ്ഞു.

രക്തസാക്ഷി ദിനമായ 15ന് രാവിലെ ഏഴിന് സിപിഐ രക്തസാക്ഷി മണ്ഡപത്തില്‍ കൊടിയുയര്‍ത്തും. വൈകിട്ട് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. കെ.ഇ ഇസ്മായില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഎം പരിപാടി രാവിലെ 8.30നാണ്.പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പൊതുസമ്മേളനം നടത്തും. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com