സെബാസ്റ്റന്‍ പോളിനോട് വിയോജിച്ച് മകന്‍

2017 സപ്തംബര്‍ 10ന് സൗത്ത് ലൈവ് ചീഫ് എഡിറ്റര്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നുവെന്ന് റോണ്‍ ബാസ്റ്റ്യന്‍
സെബാസ്റ്റന്‍ പോളിനോട് വിയോജിച്ച് മകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ ഡോ. സെബാസ്റ്റന്‍ പോളിനെ രൂക്ഷമായി വിമര്‍ശിച്ച് മകന്‍ റോണ്‍ ബാസ്റ്റ്യന്‍ . 2017 സപ്തംബര്‍ 10ന് സൗത്ത് ലൈവ് ചീഫ് എഡിറ്റര്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നുവെന്ന് റോണ്‍ ബാസ്റ്റിയന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 

സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണമെന്ന തലക്കെട്ടിലായിരുന്നു സെബാസ്റ്റിയന്‍ പോളിന്റെ ലേഖനം. ദിലീപ് ജയിലില്‍ അറുപത് ദിവസം പിന്നിട്ടു. അറുപതെന്നത് റിമാണ്ട് കാലാവധിയിലെ നിര്‍ണായകമായ ഒരു ഘട്ടമാണ്. അടുത്ത ഘട്ടം തൊണ്ണൂറാണ്. ജാമ്യം എന്ന സ്വാഭാവികമായ അവകാശം നിഷേധിക്കുന്നതിന് അപ്പോഴേയ്ക്ക് ഒരു കുറ്റപത്രം കോടതിയില്‍ വരും. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കും. അത് പൊലീസിന്റെ കാര്യം. പൊലീസ് പറയുന്നത് വിശ്വസിക്കരുതെന്ന മുന്നറിയിപ്പാണ് ക്രിമിനല്‍ നിയമവും ഭരണഘടനയും നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ മജിസ്‌ട്രേറ്റുമാരും ജഡ്ജിമാരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്നു. അവര്‍ പൊലീസിനെ വിശ്വസിക്കുന്നു. തീയില്ലാതെ പുകയുണ്ടാകുമോ എന്ന അതീവലളിതമായ നാടന്‍ ചോദ്യത്താല്‍ അവര്‍ നയിക്കപ്പെടുന്നു. ഇരയെ ഓര്‍ക്കേണ്ടതല്ലേ എന്ന പ്രത്യക്ഷത്തില്‍ മനുഷ്യത്വപരമായ ചോദ്യവും അവര്‍ ഉന്നയിക്കും. വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് രചിക്കുന്നത് നീതിനിഷേധത്തിന്റെ മഹേതിഹാസമാണ്.

നീതിനിഷേധത്തിനെതിരെ പ്രതികരിക്കുന്നതിനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ജസ്റ്റീസ് ഫോര്‍ മഅദനി ഫോറം എന്ന പേരില്‍ മഅദനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം എനിക്കുണ്ടായി. അതിന് ഫലവുമുണ്ടായി. ദിലീപിനുവേണ്ടി സംഘടനയുണ്ടാക്കുന്നില്ല. പക്ഷേ ദിലീപിനുവേണ്ടി സംസാരിക്കണം. കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിന് ആ സംസാരം ആവശ്യമുണ്ട്. അപ്രകാരം സംസാരിക്കുന്ന സുമനസുകള്‍ക്കൊപ്പം ഞാന്‍ ചേരുന്നു. ഇത് ഉപകാരസ്മരണയോ പ്രത്യുപകാരമോ അല്ല. ഉപകാരത്തിന്റെ കണക്ക് ഞങ്ങള്‍ തമ്മിലില്ല

തടവുകാരെ സന്ദര്‍ശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യണമെന്നത് ആ തടവുകാരന്റെ നിര്‍ദേശമാണ്. അന്ത്യവിധിയുടെ നാളില്‍ വിലമതിക്കപ്പെടുന്ന മനോഗുണപ്രവൃത്തിയാണത്. ഇത് ക്രിസ്ത്യാനികള്‍ക്കു മാത്രം ബാധകമായ കാര്യമല്ല. വിനയന്റെ വിശ്വാസത്തിലും, അല്ലെങ്കില്‍ പ്രത്യയശാസ്ത്രത്തിലും, ആത്മീയതയുടെ ഈ വെളിച്ചമുണ്ടാകണം. ജയറാമിന്റെ ഓണക്കോടിയിലും ഗണേഷ്‌കുമാറിന്റെ അല്‍പം അതിരുവിട്ട സംഭാഷണത്തിലും ഈ വെളിച്ചം ഞാന്‍ കാണുന്നുണ്ട്. മകന്‍ ജയിലില്‍ കിടന്നാലും കാണാന്‍ പോവില്ലെന്ന് വിനയന്‍ പറഞ്ഞത് മകന്‍ ജയിലില്‍ കിടക്കാത്തതുകൊണ്ടാണ്. മകന്‍ ജയിലില്‍ കിടക്കുമ്പോഴുള്ള വേദന അനുഭവിച്ചിട്ടുള്ള പിതാവാണ് ഞാന്‍.
ഇരയോടുള്ള സഹാനുഭൂതി പ്രതിയോടുള്ള വിദ്വേഷത്തിന് കാരണമാകരുത്. ആക്രമിക്കപ്പെട്ടവള്‍ ചൂണ്ടിക്കാട്ടിയ പ്രതികള്‍ ജയിലിലുണ്ട്. അവര്‍ക്കെതിരെ തെളിവുകള്‍ ശക്തമാക്കി പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല. സമാനമായ ആക്രമണം മറ്റ് നടികള്‍ക്കെതിരെയും പള്‍സര്‍ സുനി നടത്തിയതായി വാര്‍ത്തയുണ്ട്. ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്തിയും പരിചയവും അയാള്‍ക്കുണ്ട്. വെളിവാക്കപ്പെട്ട രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ എനിക്കുള്ള മറ്റ് സന്ദേഹങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് ലേഖനത്തില്‍ പറയുന്നത്. നിരവധി പേര്‍ സെബാസ്റ്റിയന്‍ പോളിന്റെ നിലപാടിനെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. സ്വന്തം സ്ഥാപനത്തില്‍ നിന്നുപോലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഇത്തരത്തിലായിന്നു സെബാസ്റ്റിയന്‍ പോളിന്റെ പ്രതികരണം.

ഞാനാണ് ചീഫ് എഡിറ്ററെങ്കില്‍, ഒരു എഡിറ്റര്‍ക്ക് അയാളുടെ പേര് വച്ച് എന്തും എഴുതുന്നതിനുള്ള അധികാരമുണ്ട്. അത് ആര്‍ക്കാണ് ചോദ്യം ചെയ്യാന്‍ കഴിയുക? ചീഫ് എഡിറ്റര്‍ എഴുതുന്ന ലേഖനം പ്രസിദ്ധപ്പെടുത്താന്‍ എക്‌സിക്യൂട്ടീവ് എഡിറ്റരും കൂട്ടരും വൈമുഖ്യം കാണിക്കുക, ഒടുവില്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുമ്പോള്‍ അത് പ്രസിദ്ധപ്പെടുത്തുക, എന്നിട്ട് പുറത്തുപോയി ഫേസ്ബുക്കില്‍ ചീഫ് എഡിറ്റര്‍ക്കെതിരെ ആക്ഷേപമുന്നയിക്കുക, അതൊന്നും ഒരു നല്ല കാര്യമല്ല. എനിക്ക് ചില തത്വങ്ങളൊക്കെയുള്ളയാളാണ്. ഞാനതിനെ ത്യാഗപൂര്‍വം മുറുകെപ്പിടിക്കുന്നയാളാണ്. കേരളത്തിലെ മറ്റേതെങ്കിലും മാധ്യമസ്ഥാപനങ്ങളിലായിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്ന ഒരു ഭവിഷ്യത്ത് എന്റെ സ്ഥാപനത്തിലുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് എന്റെ ഒരു ബലഹീനതയായി കാണേണ്ടതില്ല. ഞാന്‍ എല്ലാവരോടും വളരെ ഔദാര്യമായി പ്രവര്‍ത്തിക്കുന്നയാളാണ്. അവരൊന്നും സൗജന്യമായി പ്രവര്‍ത്തിക്കുന്നയാളുകളുമല്ല. കേരളത്തിലെ പൊതുനിലവാരമനുസരിച്ച് അവര്‍ക്ക് കിട്ടാവുന്നതിന്റെ അപ്പുറത്താണ് അവര്‍ക്ക് ഞങ്ങള്‍ കൊടുക്കുന്ന വേതനവും ആനുകൂല്യങ്ങളും. ചീഫ് എഡിറ്ററുടെ നിലപാടിനോട് വിയോജിപ്പുണ്ടെങ്കില്‍ അവര്‍ക്ക് പിരിഞ്ഞ് പോവാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com