വിജയന്‍ തോമസ് ബിജെപിയിലേക്ക്; തടയാന്‍ ഐ ഗ്രൂപ്പിന്റെ അവസാനവട്ട ശ്രമം

മോദി രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിയാണെന്നായിരുന്നു വിജയന്‍ തോമസ് അഭിപ്രായപ്പെട്ടു. യുപിഎ ഭരണം രാജ്യത്തെ പിന്നോട്ടു നയിച്ചെന്നും അദ്ദേഹം പറഞ്ഞു
വിജയന്‍ തോമസ് ബിജെപിയിലേക്ക്; തടയാന്‍ ഐ ഗ്രൂപ്പിന്റെ അവസാനവട്ട ശ്രമം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും പ്രവാസി വ്യവസായിയുമായ വിജയന്‍ തോമസ് ബിജെപിയില്‍ ചേരുന്നു. ഇതു സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ആശയ വിനിമയം തുടരുകയാണ്. അതേസമയം വിജയന്‍ തോമസ് ബിജെപിയിലെത്തുന്നതു തടയാന്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഐ വിഭാഗം തീവ്ര ശ്രമം തുടങ്ങി.

സംസ്ഥാനത്തെ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ബിജെപിയില്‍ എത്തിക്കാന്‍ ഏറെ നാളായി ശ്രമം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ആശയവിനിമയത്തെ തുടര്‍ന്നാണ് വിജയന്‍ തോമസ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നത്. സംസ്ഥാന ഘടകത്തിന് ഇതില്‍ പൂര്‍ണ തൃപ്തിയില്ലെന്നാണ് സൂചനകള്‍. 

കെപിസിസി നിര്‍വാഹക സമിതി അംഗമായിരിക്കെത്തന്നെ വിജയന്‍ തോമസ് സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിജയന്‍ തോമസ് ഉന്നയിച്ചത്. യുപിഎ ഭരണകാലം അഴിമതി കൊടികുത്തി വാഴുകയായിരുന്നെന്നു കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങ്ങിനെയും നേരന്ദ്ര മോദിയെയും താരതമ്യം ചെയ്തും സംസാരിച്ചിരുന്നു. മോദി രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിയാണെന്നായിരുന്നു വിജയന്‍ തോമസ് അഭിപ്രായപ്പെട്ടു. യുപിഎ ഭരണം രാജ്യത്തെ പിന്നോട്ടു നയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബാലഗോകുലത്തിന്റെ വേദിയില്‍ കോണ്‍ഗ്രസ്‌നേതാവ് നടത്തിയ പ്രസംഗം വാര്‍ത്തയായതോടെ നടപടിയുമായി കെപിസിസി നേതൃത്വം രംഗത്തെത്തി. വിജയന്‍ തോമസിനെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തതായി തമ്പാനൂര്‍ രവി വാര്‍ത്താ കുറിപ്പിറക്കി. എ്ന്നാല്‍ ഐ ഗ്രൂപ്പ് ഇടപെട്ടതിനെത്തുടര്‍ന്ന് ഇതു മരവിപ്പിക്കുകയായിരുന്നു. വിശദീകരണം ചോദിച്ച ശേഷം മാത്രമേ നടപടിയിലേക്കൂ കടക്കാവൂ എന്നാണ് ഐ ഗ്രൂപ്പ് ഹസനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയന്‍ തോമസ് ബിജെപിയില്‍ ചേരുന്നതു തടയുന്നതിനുള്ള അവസാന ശ്രമം നടത്താനാണ് ഐ ഗ്രൂപ്പിന്റെ നീക്കമെന്നാണ് സൂചന.

പ്രവാസി വ്യവസായിയായ വിജയന്‍ തോമസാണ് കോണ്‍സിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ടെലിവിഷന്‍ ചാനലിന്റെ മുഖ്യ സംരംഭകനായതും അതിനു ചുക്കാന്‍ പിടിച്ചതും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെടിഡിസി ചെയര്‍മാന്‍ ആയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ കിട്ടാത്തതിനാല്‍ വിജയന്‍ തോമസ് അതൃപ്തനായിരുന്നുവെന്നാണ് വാര്‍ത്തകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്ന് വിജയന്‍ തോമസ് ചാനലിലെ ഓഹരികള്‍ തിരിച്ചു ചോദിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com