പെട്രോള്‍ വിലവര്‍ധനവിന് കാരണം ഇതാണെന്ന് തോമസ് ഐസക്

മോഡി അധികാരത്തില്‍ വന്നശേഷം 16 തവണ സെന്‍ട്രല്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചു. എപ്പോഴെല്ലാം ക്രൂഡോയില്‍ വില താഴ്‌ന്നോ അപ്പോഴെല്ലാം നികുതി വര്‍ദ്ധിപ്പിച്ച് ആ നേട്ടം തന്റേതാക്കി
പെട്രോള്‍ വിലവര്‍ധനവിന് കാരണം ഇതാണെന്ന് തോമസ് ഐസക്

തിരുവനന്തപുരം:  കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍ ഡീസല്‍ കൊള്ള എല്ലാ സീമകളും ലംഘിക്കുകയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വിലയില്‍ ദിനംപ്രതി പുതുക്കല്‍ വരുത്താനുള്ള തീരുമാനം നിലവില്‍ വന്നശേഷം പെട്രോളിന് ഇതേവരെ ഏഴു രൂപയാണ് വര്‍ദ്ധിച്ചത്. ഡീസലിന് അഞ്ചു രൂപയും.പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വല്ലപ്പോഴുമുണ്ടാകുന്ന രണ്ടോ മൂന്നോ രൂപ വില വര്‍ദ്ധനപോലും പണ്ട് ഒന്നാം പേജ് വാര്‍ത്തയായിരുന്നു. വലിയ പ്രതിഷേധവും അക്കാലത്തുയര്‍ന്നിരുന്നതായും തോമസ് ഐസ്‌ക് പറഞ്ഞു.

പിന്നീട് ഓരോ പതിനഞ്ചു ദിവസം കൂടുന്തോറും വില പുതുക്കുകയെന്ന പുതിയ രീതി നടപ്പില്‍ വന്നു. ദിനംപ്രതി വില പുതുക്കാനുള്ള തീരുമാനം നടപ്പിലായത് കഴിഞ്ഞ ജൂണ്‍ 16 മുതലാണ്. വിലയില്‍ ഒറ്റയടിക്ക് വര്‍ദ്ധന വരുത്തുന്നതിനു പകരം പ്രതിദിനം പത്തോ പതിനഞ്ചോ പൈസ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ബുദ്ധി. ഈ ചെറിയ വ്യത്യാസം ശ്രദ്ധിക്കപ്പെടില്ലെന്നും പെട്ടെന്നുണ്ടാകുന്ന വില വര്‍ദ്ധന സൃഷ്ടിക്കുന്ന പ്രതിഷേധം ഇങ്ങനെ മറികടക്കാമെന്നും സര്‍ക്കാരിന്റെ ബുദ്ധികേന്ദ്രങ്ങള്‍ കരുതി. പക്ഷേ, രണ്ടു മാസം കൊണ്ട് ഏഴു രൂപ വര്‍ദ്ധിച്ചത് രാജ്യവ്യാപകമായി വലിയ അസംതൃപ്തിയും പ്രതിഷേധവുമാണ് വരുത്തിയിരിക്കുന്നത്.

ക്രൂഡോയിലിന്റെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസമെന്നും എണ്ണവില ഇഷ്ടംപോലെ നിശ്ചയിക്കാനുള്ള കമ്പനികളുടെ അവകാശം എടുത്തുകളയണം. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്‌സൈസ് നികുതിയില്‍ വരുത്തിയ വര്‍ദ്ധന പിന്‍വലിക്കണം. ഇതാവണം നമ്മുടെ മുദ്രാവാക്യമെന്നും ഐസ്‌ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം


എന്റെ നോട്ട് നിരോധന പോസ്റ്റുകള്‍ക്കു ശേഷം ഇത്രയേറെ സംഘികളുടെ ആക്രമണം പെട്രോള്‍ വില വര്‍ദ്ധന സംബന്ധിച്ച പോസ്റ്റിനാണ്. രണ്ടാഴ്ച മുമ്പ് ഏഷ്യാനെറ്റിലെ നോട്ട് നിരോധനം സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞ് ഇറങ്ങുമ്പോള്‍ വിനു പറഞ്ഞു. ഒരു ചോദ്യംകൂടി ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനേക്കാള്‍ കൂടുതല്‍ നികുതി കേരള സര്‍ക്കാരാണ് ചുമത്തുന്നതെന്നും അതാണ് പെട്രോള്‍ വിലക്കയറ്റത്തിന് കാരണമെന്നും ബിജെപി വക്താവ് തലേദിവസത്തെ ചര്‍ച്ചയില്‍ ആധികാരികമായി പ്രസ്താവിച്ചത്രെ. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഏതാനും മണിക്കൂറുകള്‍ മുമ്പ് എത്തിച്ചുതന്ന കണക്കുകള്‍ പ്രകാരം വസ്തുതകള്‍ ഇവയാണ്.
14/09/2017 ന് 72.82 രൂപയാണ് പെട്രോളിന്റെ വില. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് നികുതി 21.48 രൂപ. സംസ്ഥാന സര്‍ക്കാരിന്റെ നികുതി (സെസ് അടക്കം) 17.53 രൂപ. യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നികുതി ഇതിനേക്കാള്‍ കൂടുതല്‍ വരും. കാരണം. ക്രൂഡ് ഓയിലിനുമേല്‍ ടണ്ണിന് 50 രൂപ വച്ച് ഇറക്കുമതി നികുതിയുണ്ട്. പെട്രോള്‍ നേരിട്ട് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ 2.5 ശതമാനം ബേസിക് കസ്റ്റംസ് ഡ്യൂട്ടിയും 21.48 രൂപ ലിറ്ററിന് അഡീഷണല്‍ കസ്റ്റംസ്/കൌണ്ടര്‍ വെയിലിംഗ് ഡ്യൂട്ടിയായും നല്‍കണം.
ഡീസലിന്റെ റീട്ടെയില്‍ വില 61.70 രൂപയാണ്. കേന്ദ്രസര്‍ക്കാരിന്റെ നികുതി 17.30 രൂപ. സംസ്ഥാന സര്‍ക്കാരിന്റേത് 11.69 രൂപയും.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുംമുമ്പ് സംസ്ഥാന നികുതി ആയിരുന്നു കേന്ദ്ര നികുതിയേക്കാള്‍ കൂടുതല്‍. 201415 ല്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ഇനങ്ങളിലുമായി പെട്രോള്‍ മേഖലയില്‍ നിന്നും പിരിച്ച നികുതി 1.26 ലക്ഷം കോടി രൂപയാണ്. അതേസമയം എല്ലാ സംസ്ഥാനങ്ങള്‍ക്കുംകൂടി നികുതിയിനത്തില്‍ നിന്നും ലഭിച്ചത് 1.60 ലക്ഷം കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിന് 2.73 ലക്ഷം കോടി കിട്ടിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് 1.89 ലക്ഷം കോടിയേ ലഭിച്ചുള്ളൂ.
എങ്ങനെ ഇത് വന്നു ചേര്‍ന്നു? മോഡി അധികാരത്തില്‍ വന്നശേഷം 16 തവണ സെന്‍ട്രല്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചു. എപ്പോഴെല്ലാം ക്രൂഡോയില്‍ വില താഴ്‌ന്നോ അപ്പോഴെല്ലാം നികുതി വര്‍ദ്ധിപ്പിച്ച് ആ നേട്ടം തന്റേതാക്കി. ഇതുവഴി ഏതാണ്ട് ഒരു ലക്ഷം കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാരിന് അധികവരുമാനം കിട്ടി. ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയില്‍ നിന്നും 8.48 രൂപയായി ഉയര്‍ത്തി. അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 2.00 രൂപയില്‍ നിന്നും 6.00 രൂപയായി ഉയര്‍ത്തി. സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി ലിറ്ററിന് 6.00 രൂപയില്‍ നിന്നും 7.00 രൂപയായി ഉയര്‍ത്തി. ഇതാണ് പെട്രോളിന്റെ വില വര്‍ദ്ധനവിന് കാരണം. എന്നിട്ട് ഒരിക്കല്‍പോലും നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ മേലില്‍ കുറ്റം ചാര്‍ത്താനാണ് ശ്രമം.
സംസ്ഥാന നികുതി വേണ്ടെന്നുവച്ച് മോഡിക്ക് ബദലായിക്കൂടെ എന്നാണ് ചിലരുടെ ചോദ്യം. അതുശരി! മോഡി നികുതി കൂട്ടുക. അതില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കുക. അങ്ങനെ സ്വയം പാപ്പരാവുക. ആ പൂതി മനസ്സില്‍ വച്ചാല്‍ മതി. ആദ്യം മോഡി സര്‍ക്കാര്‍ തങ്ങളുടെ നികുതി വര്‍ദ്ധനവ് വേണ്ടെന്നു വയ്ക്കട്ടെ. കേന്ദ്രസര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി തൂക്കത്തിന്‍മേലല്ല സംസ്ഥാനത്തിന്റെ നികുതി വിലയുടെ മേലാണ് (അറ്മഹീൃലാ ഞമലേ). അതുകൊണ്ട് മോഡിയുടെ നികുതി കുറയുമ്പോള്‍ സ്വാഭാവികമായും സംസ്ഥാന നികുതിയും കുറഞ്ഞോളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com