മുകളില്‍ നഗരകാഴ്ച താഴെ സമരക്കാഴ്ച; മുഖ്യമന്ത്രി കാണുന്നുണ്ടോ കെഎംആര്‍എല്‍ സ്ഥാപിച്ച ഈ പരസ്യബോര്‍ഡ്

മുകളില്‍ നഗരക്കാഴ്ച താഴെ സമരക്കാഴ്ച എന്ന കൊച്ചി മെട്രോയുടെ പരസ്യവാചകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു - ബോര്‍ഡുകള്‍ മാറ്റണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം. 
മുകളില്‍ നഗരകാഴ്ച താഴെ സമരക്കാഴ്ച; മുഖ്യമന്ത്രി കാണുന്നുണ്ടോ കെഎംആര്‍എല്‍ സ്ഥാപിച്ച ഈ പരസ്യബോര്‍ഡ്

കൊച്ചി: കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായതിന്റെ പിന്നിലെ സമരങ്ങള്‍ കെഎംആര്‍എല്‍ മറന്നു പോയോ. മറന്നുപോയില്ലെങ്കില്‍ ഇത്തരമൊരു ബോര്‍ഡ് കെഎംആര്‍എല്‍  സ്ഥാപിക്കില്ലായിരുന്നെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്‌.  മെട്രോയുടെ പുതിയ പരസ്യമാണ് പ്രതിഷേധത്തിനിടയാക്കിയത്‌
മുകളില്‍ നഗരകാഴ്ച. താഴെ സമരക്കാഴ്ച എന്നാണ് പരസ്യവാചകം. മെട്രോയുടെ ഈ പരസ്യബോര്‍ഡിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

സിപിഐഎം മനുഷ്യചങ്ങല സംഘടിപ്പിച്ചില്ലെങ്കില്‍ മെട്രോ പണിയാന്‍ ഡിഎംആര്‍സി ഉണ്ടാകുമായിരുന്നില്ലെന്ന് പറഞ്ഞത് മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു. പി രാജീവ് എംപിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചപ്പോള്‍ അത് എന്തിനാണെന്ന് മനസിലായില്ലെന്നും പിന്നീ്ട് തിരിഞ്ഞുനോക്കുമ്പോള്‍ മനുഷ്യച്ചങ്ങലയുടെ പ്രാധാന്യം മനസിലാകുന്നുണ്ടെന്നുമായിരുന്നു ഇ ശ്രീധരന്റെ വാക്കുകള്‍. എന്നാല്‍ പാലം കടക്കുവോളം നാരായണ എന്ന പറഞ്ഞപ്പോലെയായി ഇപ്പോഴത്തെ പരസ്യവാചകം കാണുമ്പോഴെന്നാണ് നാട്ടുകാര്‍ പറയുന്നത്. പല തവണ മെട്രോ യാഥാര്‍ത്ഥ്യമാകില്ലെന്ന പ്രതീതിയുണ്ടായപ്പോള്‍ ജനകീയ സമരത്തിന്റെ ഭാഗമായിട്ടുകൂടിയായിരുന്നു മെട്രോ യാഥാര്‍ത്ഥ്യമായത്.

1999ല്‍ ഇകെ നയനാരുടെ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു കേരളത്തില്‍ മെട്രോ റെയില്‍ പദ്ധതി സാധ്യത പഠനം നടത്തിയത്. 2005 ജൂലൈയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ സ്ഥാപിക്കുന്ന നിര്‍ദിഷ്ട മെട്രോ റെയിലിന്റെ പദ്ധതി റിപ്പോര്‍ട്ട് ഡിഎംആര്‍സി കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു.2007 ഫെബ്രുവരി 28ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കു വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭ അംഗീകാരം നല്‍കുകയും സ്‌പെഷ്യല്‍ ഓഫീസറായി ദക്ഷിണ റയില്‍വേ റിട്ട. അഡീഷനല്‍ ജനറല്‍ മാനേജര്‍ ആര്‍. ഗോപിനാഥന്‍ നായരെ നിയമിക്കുകയും ചെയ്തു.2008 ജനുവരി 1ന് കേരള നിയമസഭ മൂവായിരം കോടി പദ്ധതിക്ക് അംഗീകാരം നല്‍കുകയും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. 2009 മാര്‍ച്ച് 06ന് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. കൊച്ചി മെട്രോയുടെ പ്രോജക്ട് ഡയറക്ടറായി ചീഫ് എന്‍ജിനീയര്‍ പി. ശ്രീറാമിനെ ഡിഎംആര്‍സി നിയമിച്ചു.

ചിത്രം: ആല്‍ബിന്‍ മാത്യു, എക്‌സ്പ്രസ്‌
ചിത്രം: ആല്‍ബിന്‍ മാത്യു, എക്‌സ്പ്രസ്‌

2012 ജനുവരി 12ന് പദ്ധതിയുടെ പൂര്‍ണ ചുമതല ഇ. ശ്രീധരനു നല്‍കി. ഡിഎംആര്‍സിക്ക് രാജ്യാന്തര ടെന്‍ഡറില്ലാതെ തന്നെ മെട്രോ കരാര്‍ നല്‍കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.2012 ജൂണ്‍ 14ന് കൊച്ചി മെട്രോ റയിലിനു 'കോമറ്റ്' എന്ന പേരിടാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തീരുമാനിച്ചു. (പിന്നീട് കെ എം ആര്‍ എല്‍ എന്ന് മാറ്റി)2012 ഓഗസ്റ്റ് 20ന് കൊച്ചി മെട്രോ റെയില്‍ കമ്പനി എംഡിയായി ഏലിയാസ് ജോര്‍ജ് ചുമതലയേറ്റു.

കേരളത്തിലെ വ്യവസായ വാണിജ്യസിരാ കേന്ദ്രത്തിലൂടെ അത്ര വേഗത്തിലാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്. 2012 സെപ്തംബര്‍ 13 ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കൊച്ചി മെട്രോക്ക് തറക്കല്ലിട്ടു. 2013 ജൂണ്‍ ഏഴിന് നിര്‍മ്മാണം തുടങ്ങി. ഒന്നാംഘട്ടം മൂന്ന് വര്‍ഷം കണക്കാക്കി. കണ്ണ് ചിമ്മിയ വേഗതയില്‍ കൊച്ചി മെട്രോ നിര്‍മ്മാണം പൂര്‍ത്തിയായി. ആലുവ മുതല്‍ പാലാരിവട്ടം വരെ പതിമൂന്ന് കിലോ മീറ്റര്‍ പാതയിലാണ് മെട്രോ തീവണ്ടി ആദ്യമോടുന്നത്. ആലുവാ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ 25 കിലോ മീറ്ററാണ് ഒന്നാംഘട്ടമായി നിര്‍മ്മിച്ചത്്. ഐ.ടി നഗരമായ കാക്കനാട്ടേക്ക് രണ്ടാംഘട്ട നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍  അധികാരമൊഴിഞ്ഞത്. 

വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം വിലങ്ങുതടിയാകരുതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന തരത്തിലായിരുന്നു മെട്രോയുടെ ഉദ്ഘാടനം. പ്രധാനമന്ത്രി തന്നെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തി. കേരളത്തിലെ ജനം ഒന്നടങ്കം  ആ ചരിത്രമൂഹൂര്‍ത്തത്തിന് സാക്ഷികളുമായി. മെട്രോ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് കണക്കില്ല. ആദ്യം കയ്‌ച്ചെങ്കിലും പിന്നിട് മധുരിക്കുമെന്ന മെട്രോ പരസ്യവാചകം ജനങ്ങള്‍ നെഞ്ചേറ്റി. എന്നാല്‍ പുതിയ പരസ്യവാചകത്തിനെതിരെ വലിയ എതിര്‍പ്പുകളാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com