അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴ;വ്യാപക നാശ നഷ്ടം; മൂന്നുദിവസം കൂടി തുടരും

പലയിടത്തും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഗതാഗത തടസ്സം
അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴ;വ്യാപക നാശ നഷ്ടം; മൂന്നുദിവസം കൂടി തുടരും

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ ശമനമില്ലാത തുടരുന്നു.പലയിടത്തും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഗതാഗത തടസ്സം.  കണ്ണൂരില്‍ കനത്ത മഴയില്‍ തെങ്ങു വീണ് മാട്ടൂല്‍ മടക്കരയില്‍ ഓട്ടക്കണ്ണന്‍ മുഹമ്മദ് കുഞ്ഞി (58),ക്വാറിയിലെ വെള്ളക്കെട്ട് നീക്കുന്നതിനിടെ കല്ലു വീണു പാനൂര്‍ കൊളവല്ലൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കര്‍ണാടക ജാഗിരി സ്വദേശി ക്രിസ്തുരാജ് (20) കോതമംഗലത്ത്വെള്ളപ്പൊക്കത്തില്‍ കരകവിഞ്ഞൊഴുകിയ കരിപ്പുഴിക്കടവ് പാലം മറികടക്കവെ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.കുന്നപ്പള്ളി ബൈജുവിനെയാണ് താണാതായത്. അട്ടപ്പാടിയില്‍ വണ്ടന്‍പാറയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇന്നു പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടിയത്. മണ്ണര്‍ക്കാട് കോട്ടത്തറയില്‍ പാതയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇതേ അവസ്ഥയില്‍ തന്നെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു.ആറ് ഡാമുകള്‍ ഷട്ടര്‍ തുറന്നിട്ടുണ്ട്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. കല്ലാര്‍കുട്ടി, മലങ്കര, പൊന്മുടി, നെയ്യാര്‍, പേപ്പാറ, വടക്കഞ്ചേരി മംഗലം ഡാമുകളുടെ ഷട്ടര്‍ തുറന്നു.

കോട്ടയത്ത് കനത്ത മഴയില്‍ ഗുരുവായൂര്‍-ഇടമണ്‍ പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെ ചിങ്ങവനം പൂവന്‍തുരുത്ത് മേല്‍പാലത്തിന് സമീപത്തുനിന്ന് റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞ് വീണു. പാളത്തില്‍ വീണ പാറക്കല്ലിലും മണ്ണിലും കയറി ആടിയുലഞ്ഞ ട്രെയിന്‍ തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10.10 നു കനത്ത മഴയില്‍ മേല്‍പാലത്തിന്റെ അരികിലെ കല്‍ക്കെട്ടിലെ പാറകളും മണ്ണും ട്രെയിനിന്റെ എന്‍ജിനിലേക്കു വീഴുകയായിരുന്നു. അപകടം ഉണ്ടായതിന്റെ 200 മീറ്റര്‍ ദൂരെ മാറ്റിയാണ് ട്രെയിന്‍ നിര്‍ത്താനായത്.

എന്‍ജിന്റെ പുറത്തു കല്ലു വീണ് കേടുപാടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ചിങ്ങവനം സ്‌റ്റേഷനിലെത്തിച്ചു തകരാര്‍ ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണു യാത്ര തുടര്‍ന്നത്. കോട്ടയം -ചങ്ങനാശേരി റൂട്ടില്‍ രണ്ടു മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നാല് ട്രെയിനുകള്‍ കോട്ടയം-ചിങ്ങവനം സ്‌റ്റേഷനുകള്‍ക്കിടയില്‍ പിടിച്ചിട്ടു. 12.10 നു ട്രാക്ക് പൂര്‍വസ്ഥിതിയിലാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

തൃശൂരിനും പൂങ്കുന്നത്തിനും ഇടയ്ക്ക് കോട്ടപ്പുറം പാലത്തിനു സമീപം റെയില്‍വേ പാലത്തിലേക്ക് രാത്രി മണ്ണിടിഞ്ഞു വീണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ട്രെയിനുകള്‍ വൈകാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ രാത്രിയാത്രയ്ക്ക് കര്‍ശന നിയമന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.  രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെയുള്ള യാത്രകള്‍ക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളില്‍ രാത്രി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശവുമുണ്ട്. താമരശേരി ചുരം വഴി വയനാട്ടിലേക്കുള്ള യാത്രയ്ക്ക് ജില്ലാകലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങള്‍ മാത്രമേ മേഖലകളിലേക്കു കടത്തിവിടൂവെന്നും ദുരന്തനിവാരണ അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി. മലയോര മേഖലയില്‍ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.മൂന്നാറിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങളെല്ലാം നേര്യമംഗലത്ത് തടയും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗത നിരോധനം തുടരും. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവച്ചു, പള്ളിവാസലിനു സമീപം രണ്ടാം മൈലിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞു വീണ് ഒരു കാര്‍ നശിച്ചിട്ടുണ്ട്. പാലക്കാട് മണ്ണാര്‍കാട്–അട്ടപ്പാടി ചുരം റോഡിലും ഗതാഗതം നിരോധിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com