ഗുരുവിന്റെ സ്വപ്‌നത്തെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് പിണറായി പറഞ്ഞതിന് പിന്നാലെ പിണറായി വെള്ളാപ്പള്ളി കൂടിക്കാഴ്ച

വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി - എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പിണറായി വെള്ളാപ്പള്ളി കൂടിക്കാഴ്ച 
ഗുരുവിന്റെ സ്വപ്‌നത്തെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് പിണറായി പറഞ്ഞതിന് പിന്നാലെ പിണറായി വെള്ളാപ്പള്ളി കൂടിക്കാഴ്ച

തിരുവനന്തപുരം: ജാതിയില്ലെന്ന് ശ്രീനാരായണ ഗുരു പ്രഖ്യാപിച്ചിട്ട് അത് അട്ടിമറിക്കാനാണ് ചിലര്‍  ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളാപ്പള്ളി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് വിട്ടു നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. 

കൂടിക്കാഴ്ചയ്ക്ക് ശേഷം വെളള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത് 

കേരളത്തില്‍ എന്‍ഡിഎ ഇല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജെപി കേരളത്തില്‍ ഒരുകാലത്തും അധികാരത്തില്‍ വരാന്‍ പോകുന്നില്ല. പിണറായി വിജയന്‍ അടുത്ത തിരഞ്ഞെടുപ്പിന് ശേഷവും മുഖ്യമന്ത്രിയാകും. താന്‍ മനസുകൊണ്ട് ഇടതുപക്ഷമാണ്. എല്‍ഡിഎഫും യുഡിഎഫും ഇടം നല്‍കാത്തതിനാലാണ് എന്‍ഡിഎ മുന്നണിയിലേക്ക് ബിഡിജെഎസ് പോയത്. എന്‍ഡിഎയില്‍ നിന്നതുകൊണ്ട കാര്യമില്ല. നിലപാടില്‍ മാറ്റംവരും. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ബിഡിജെഎസിന്റെ നിലപാടില്‍ മാറ്റമുണ്ടാകുമെനും വെള്ളാപ്പള്ളി പറഞ്ഞു.

ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ സമാപന സെമിനാറില്‍ പിണറായി പറഞ്ഞത്. 

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ജാതി വിവേചനത്തിന്റെയുംമ അന്ധകാരാവൃതമായ സമൂഹത്തിലേക്ക്  മനുഷ്യസ്‌നേഹവുമായി വന്ന്് കേരളത്തിന്റെ മഹാഗുരുവായി മാറിയ ശ്രീനാരായണ ഗുരുവിനെ പ്രത്യേക മതത്തിന്റെ പ്രചാരകന്‍ എന്ന നിലയിലേക്ക് താഴ്ത്തികെട്ടാന്‍ അദ്ദേഹത്തിന്റെ പേരില്‍ സങ്കുചിത മതവര്‍ഗീയ ചിന്തകളെ മുന്നോട്ട് കൊണ്ടുപോകാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നായിരുന്നു പിണറായി പറഞ്ഞത്. ജാതിയെ കുറിച്ചുള്ള ഗുരുവിന്റെ കാഴ്ചപ്പാട് മനുഷ്യന് മനുഷ്യത്വമാണ് ജാതി എന്നുള്ളതാണ്. ഈ തത്വം ആരും അറിയുന്നില്ലെന്നായിരുന്നു ഗുരുവിന്റെ സങ്കടമെന്നും പിണറായി പറഞ്ഞു.

ഒരു ജാതിയിലും മതത്തിലും പെടുന്നില്ലെന്ന് ഗുരു പ്രഖ്യാപിച്ചിട്ടും ഗുരുവിനെ സ്വന്തമാക്കാന്‍ ഗുരുവിന്റെ ആദര്‍ശങ്ങളെ വളച്ചൊടിച്ചും വക്രീകരിച്ചുമാണ് പിന്തിരിപ്പന്‍ ശക്തികള്‍ ശ്രമിക്കുന്നത്. ഈ ശ്രമങ്ങളെ ഒരുമിച്ച് നിന്ന് തോല്‍പ്പിക്കണം. ഇതിന് നമുക്ക് കഴിയുമെന്ന് ഉറപ്പാണ്. ഗുരുവിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കാന്‍ വേണ്ട ഉള്‍ക്കാമ്പ് നമ്മുടെ സമൂഹത്തിനുണ്ടെന്നും പിണറായി പറഞ്ഞിരുന്നു. നൂറ് വര്‍ഷം മുമ്പ് ഗുരു പറഞ്ഞ കാര്യങ്ങല്‍ നൂറ് മടങ്ങായി തിരിച്ചുകൊണ്ടുവരാനാണ് ഈ ശക്തികള്‍ ശ്രമിക്കുന്നത്. 

ഗുരു അവസാനമായി പങ്കെടുത്ത എസ്എന്‍ഡിപിയുടെ കോട്ടയം സമ്മേളനത്തില്‍ ഗുരു നല്‍കിയ സന്ദേശം ഒരു പ്രത്യേക വര്‍ഗക്കാരെ ചേര്‍ത്ത് ഒരു സമുദായത്തെ സൃഷ്ടിക്കുക എന്നതാവരുത്. ഇത് നാം വിസ്മരിക്കരുത്. നമ്മുടെ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേര്‍ക്കുന്നതായിരിക്കണം. ഇതൊക്കെ ചിലരെല്ലാം മറക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പിണറായി പറഞ്ഞു.

ജാതിയുടെയും മതങ്ങളുടെയും തടവറയ്ക്കപ്പുറം സ്വതന്ത്രനായ മനുഷ്യന്‍ എന്നതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ സ്വപ്നം. ഗുരുവിന്റെ സ്വപ്‌നം അട്ടിമറിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥ ഇല്ലാതാക്കാന്‍ കഴിയുന്നവരുമായുള്ള കൂട്ട് നമ്മുടെ രാജ്യത്തെ അപകടപ്പെടുത്തുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com