ആര്‍സിസിയില്‍ രണ്ടുപേര്‍ക്ക് കൂടി എച്ച്‌ഐവി ബാധിച്ചിരിക്കാമെന്ന് സംശയം

കുട്ടിക്ക് രക്തം നല്‍കിയ ദാതാവില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍
ആര്‍സിസിയില്‍ രണ്ടുപേര്‍ക്ക് കൂടി എച്ച്‌ഐവി ബാധിച്ചിരിക്കാമെന്ന് സംശയം

തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ ഒമ്പതുവയസ്സുകാരിക്ക് രക്തം സ്വീകരിച്ച് എച്ച്‌ഐവി ബാധിച്ചതുപോലെ രണ്ടുപേര്‍ക്ക് കൂടി രോഗം ബാധിച്ചിരിക്കാം എന്ന് സംശയം. കുട്ടിക്ക് രക്തം നല്‍കിയ ദാതാവില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

ഒരു ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തില്‍ നിന്ന് പ്ലേറ്റ്‌ലറ്റ്, പ്ലാസ്മ, റഡ് ബ്ലഡ് സെല്‍സ് എന്നിവ വേര്‍തിരിച്ചു മൂന്നുപേര്‍ക്കുവരെ ഉപയോഗിക്കാറുണ്ട്. കുട്ടിക്ക് പ്ലേറ്റ്‌ലറ്റാണ് നല്‍കിയിരിക്കുന്നത്. പ്ലാസ്മയും റഡ് ബ്ലഡ് സെല്‍സും മറ്റു രണ്ടുപേര്‍ക്കും നല്‍കിയിരിക്കാം. ആര്‍സിസിയിലെ രേഖകള്‍ അനുസരിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

അതേസമയം രക്തദാതാക്കളായ 49 പേരെക്കുറിച്ച് മെഡിക്കല്‍ കോളജ് പൊലീസും അന്വേഷണം ആരംഭിച്ചു. ദാതാക്കളുടെ ജീവിതസാഹചര്യവും സ്വഭാവവും നിരീക്ഷിക്കുകയാണ് ഇപ്പോള്‍. തുടര്‍ന്ന് സംശയമുള്ളവരെ വിളിച്ചുവരുത്തി പരിശോധനയ്ക്ക് വിധേയമാക്കും. പണത്തിനുവേണ്ടി രക്തം വില്‍ക്കുന്നവര്‍ ദാതാക്കളുടെ കൂട്ടത്തില്‍ ഉണ്ടെന്ന് സംശയിക്കുന്നു. 

രക്താര്‍ബുദം സ്ഥിരീകരിച്ച ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുട്ടിക്ക് രക്തം നല്‍കിയിട്ടില്ലെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടേയും ആലപ്പുഴയിലെയും ഹരിപ്പാടിലെയും സ്വകാര്യ ലാബുകളിലും കുട്ടിയുടെ രക്തം പരിശോധിച്ചിരുന്നു. അതുവഴി എച്ച്‌ഐവി ബാധയുണ്ടായോയെന്നും അന്വേഷിക്കുന്നുണ്ട്.

എച്ച്‌ഐവി ബാധിച്ചത് ആര്‍സിസിയിലെ ചികിത്സാപ്പിഴവ് മൂലമല്ലെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.ശ്രീകുമാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ കണ്ടെത്തല്‍ നടത്തിയ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പിനു കൈമാറും. ആര്‍സിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിലും സ്ഥാപനത്തിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com