പുഴയില്‍ മാലിന്യമെറിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവ്; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി

നിലവിലെ നിയമത്തില്‍ പതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് പിഴ, തടവ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയും
പുഴയില്‍ മാലിന്യമെറിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവ്; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിനുളള നിയമഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ വിധിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നിലവിലെ നിയമത്തില്‍ പതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് പിഴ, തടവ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയും. ശിക്ഷ വര്‍ധിപ്പിക്കുന്നതിന് കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ടിലാണ് ഭേദഗതി വരുത്തുന്നത്.

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യപക  അനധ്യാപക നിയമനത്തില്‍ ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 610 പുതിയ തസ്തികകള്‍
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ 610 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും തസ്തികകള്‍ ഇതില്‍ പെടും.

കാസര്‍കോട് ജില്ലയിലെ കോടോംബേളൂര്‍, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ പുതിയ ഐ.ടി.ഐ. ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തസ്തികകളും സൃഷ്ടിക്കും. ഐ.ടി.ഐയ്ക്കുളള സ്ഥലവും കെട്ടിടവും ഫര്‍ണിച്ചറും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് തീരുമാനം.
7 പുതിയ പോലീസ് സ്‌റ്റേഷനുകള്‍

201617 ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഏഴു പൊലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. അച്ചന്‍കോവില്‍ (കൊല്ലം റൂറല്‍), കൈപ്പമംഗലം (തൃശ്ശൂര്‍ റൂറല്‍), കൊപ്പം (പാലക്കാട്), തൊണ്ടര്‍നാട് (വയനാട്), നഗരൂര്‍ (തിരുവനന്തപുരം റൂറല്‍), പിണറായി (കണ്ണൂര്‍), പുതൂര്‍ (പാലക്കാട്) എന്നിവിടങ്ങളിലാണ് പുതിയ പൊലീസ് സ്‌റ്റേഷനുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com