രാമലീലയുടെ ഡബ്ബിങ്ങിനിടെ ദിലീപും പറഞ്ഞു; ''അറം പറ്റിയ സ്‌ക്രിപ്റ്റാണല്ലോ ഭായി''

രാമലീലയില്‍ ജയിലില്‍ നിന്നു തന്നെയാണ് അച്ഛന് ബലിയിടാന്‍ രാമനുണ്ണി എത്തുന്നത്. ദിലീപിന്റെ യഥാര്‍ഥ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചത് യാദൃശ്ചികം മാത്രമാണ്‌
രാമലീലയുടെ ഡബ്ബിങ്ങിനിടെ ദിലീപും പറഞ്ഞു; ''അറം പറ്റിയ സ്‌ക്രിപ്റ്റാണല്ലോ ഭായി''

രാമലീലയുടെ ഡബ്ബിങ് സമയത്ത് ദിലീപ് ചോദിച്ചു, അറം പറ്റിയ സ്‌ക്രിപ്റ്റാണല്ലോ ബായി എന്ന്. രാമലീലയുടെ സംഭാഷണങ്ങള്‍ക്കും സീനുകള്‍ക്കും ദിലീപിന്റെ ഇപ്പോഴത്തെ ജീവിതവുമായി സാമ്യമുണ്ടെന്ന ചര്‍ച്ചകള്‍ ഉയരുന്നതിനിടയിലാണ് ദിലീപ് തന്നെ ഡബ്ബിങ്ങിന്റെ സമയത്ത് ഇക്കാര്യം പറഞ്ഞതായി രാമലീലയുടെ തിരക്കഥാകൃത്ത് സച്ചി പറയുന്നത്. 

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഇറങ്ങിയ ടീസര്‍ മുതല്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ രാമലീലയുടെ പോസ്റ്ററില്‍ വരെ ദിലീപിന്റെ യഥാര്‍ഥ ജീവിതവുമായി സിനിമയ്ക്കുള്ള സാദൃശ്യം വ്യക്തമായിരുന്നു. പിതൃക്കള്‍ക്ക് ബലിയിടുന്ന ദൃശ്യമുള്ള സിനിമയുടെ പോസ്റ്ററായിരുന്നു പുറത്തുവന്നത്. അതും ദിലീപ് അച്ഛന്റെ ശ്രദ്ധ ദിനത്തിന് ബലിയിടാന്‍ കോടതിയുടെ അനുമതിയോടെ വന്നതിന് ശേഷം 

സിനിമയില്‍ താനെഴുതിയ തിരക്കഥയുമായി സാമ്യമുള്ള നിരവധി കാര്യങ്ങള്‍ ദിലീപിന്റെ യഥാര്‍ഥ ജീവിതത്തില്‍ പിന്നീട് സംഭവിച്ചു എന്ന് സച്ചിയും പറയുന്നു. ജനപ്രീയനായ എംഎല്‍എ രാമനുണ്ണിയായിട്ടാണ് ദിലീപ് രാമലീലയില്‍ എത്തുന്നത്. രാഷ്ട്രീയ ഗൂഢാലോചയുടെ ഇരയായ രാമനുണ്ണി വിചാരണകളെ നേരിട്ട് സത്യം തെളിയിക്കുന്നതാണ് രാമലീലയുടെ ഇതിവൃത്തം. 

രാമലീലയില്‍ ജയിലില്‍ നിന്നു തന്നെയാണ് അച്ഛന് ബലിയിടാന്‍ രാമനുണ്ണി എത്തുന്നത്. ദിലീപിന്റെ യഥാര്‍ഥ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചത് യാദൃശ്ചികം മാത്രമാണെന്ന് സച്ചി പറയുന്നു. 

പുലിമുരുകന്‍ നൂറ് കോടി ക്ലബില്‍ എത്തിച്ചതിന് പിന്നാലെ രാമലീല 200 കോടി ക്ലബില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണോ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ നീക്കങ്ങളെന്ന്, സിനിമയ്ക്കും ദിലീപിന്റെ ജീവിതത്തിലുമുള്ള സാമ്യങ്ങളെ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയര്‍ന്നിരുന്നു. സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ദിലീപ് അച്ഛന്റെ ശ്രദ്ധ ദിനത്തിന് ബലിയിടാന്‍ എത്തിയതെന്നും ആരോപണങ്ങളും രാമലീലയുടെ തിരക്കഥാകൃത്ത് തള്ളുന്നു. 

ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ഷൂട്ടിങ് അവസാനിച്ചിരുന്നു. നടി ആക്രമിക്കപ്പെടുന്നത് ഫെബ്രുവരിയിലാണ്. ഈ സമയം രാമലീലയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയായിരുന്നു. ബലി ഇടുന്നതിന് പുറമെ സിനിമയിലെ മറ്റൊരു ഡയലോഗ്,  പ്രതി ഞാന്‍ ആവണമെന്നൊരു തീരുമാനം ഉള്ളത് പോലെ എന്നതിനും ദിലീപിന്റെ യഥാര്‍ഥ ജീവിതവുമായി ബന്ധമുണ്ടായിരുന്നു. 

തെളിവുകള്‍ തീരുമാനിക്കും പ്രതി ആരാവണമെന്നുള്ളത് എന്നാണ് മുകേഷിന്റെ കഥാപാത്രം രാമനുണ്ണിക്ക് മറുപടി നല്‍കുന്നത്. സമാനമായ ചോദ്യങ്ങള്‍, ദിലീപിനെ കൂടുക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നു എന്നതുള്‍പ്പെടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നു. അത് സിനിമയില്‍ വന്നത് മനപൂര്‍വമല്ല. 

രാമനുണ്ണിയുടെ പ്രസംഗം കേട്ടതിന് ശേഷം ഷാജോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രം ദിലീപിനോട് പറയുന്നു, നിനക്കൊരുപാട് ജനസമ്മിതി ഉണ്ടല്ലോ എന്ന്. തനിക്ക് വധശിക്ഷ വിധിച്ചാല്‍ ഈ ജനങ്ങള്‍ പ്രതികരിക്കും എ്‌നാണ് രാമനുണ്ണി ഷാജോണ്‍ അവതരിപ്പിക്കുന്ന തോമസ് ചാക്കോയ്ക്ക് മറുപടി നല്‍കുന്നത്. 

ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം ജനങ്ങള്‍ കൂട്ടത്തോടെ അദ്ദേഹത്തെ കാണാനായി എത്തി. അത്രയും ജനങ്ങള്‍ ഒരിക്കലും ദിലീപിന്റെ ലൊക്കേഷന്‍ സെറ്റുകളില്‍ എത്തിയിരുന്നില്ലെന്നും സച്ചി പറയുന്നു. 

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഇതിലെ കഥാപാത്രങ്ങള്‍ക്ക് സാമ്യമില്ലെന്നാണ് സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ പറയാറ്. രാമലീല കാണാന്‍ തീയറ്ററിലെത്തണമോ വേണ്ടയോ എന്ന്‌  പറഞ്ഞ് മലയാളികള്‍ രണ്ട് ചേരികളില്‍ നില്‍ക്കുമ്പോള്‍, ദിലീപിന്റെ ജീവിതവുമായി രാമലീലയ്ക്ക് സാമ്യമുണ്ടെന്ന ചര്‍ച്ചകളും തകൃതിയായി നടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com