കളക്ടര്‍ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് സ്ഥിരീകരണം

മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു.
കളക്ടര്‍ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് സ്ഥിരീകരണം

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഭൂനിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

പരിശോധനയുടെ ഭാഗമായി ഈ പ്രദേശത്തിന്റെ 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ചിത്രങ്ങളില്‍ രേഖപ്പെടുത്തിയ ഭൂമിയുടെ ഘടനയില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. ഇവിടെ നികത്തലും കയ്യേറ്റവും നടന്നിട്ടുണ്ടെന്നാണ് വിവരം. ഭൂ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് റിസോര്‍ട്ടിന്റെ ഉടമസ്ഥരായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ അധികൃതരെ 26ാം തീയതി കളക്ടര്‍ ഹിയറിങ്ങിന് വിളിച്ചിട്ടുണ്ട്.

ഇന്ന് അഞ്ചുമണിയോടെയാണ് കളക്ടര്‍ ടിവി അനുപമ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടറെ അടിയന്തിരമായി വിളിപ്പിക്കുകയായിരുന്നു.
അതിനിടെ, തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോട്ടിന് 2004 മുതല്‍ ലഭ്യമായിരുന്ന നികുതിയിളവ് റദ്ദാക്കാന്‍ ഇന്നുചേര്‍ന്ന ആലപ്പുഴ നഗരസഭാ യോഗം തീരുമാനിച്ചു. ഇതുവരെ ലഭിച്ച നികുതിയിളവ് തിരിച്ചടയ്ക്കാന്‍ നിര്‍ദ്ദശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 

റിസോര്‍ട്ടിനെതിരായുള്ള ആരോപണങ്ങളില്‍ നഗരസഭ നടത്തിയ അന്വേഷണത്തില്‍ അപാകതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സൂപ്രണ്ട് അടക്കം നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും യോഗം തീരുമാനിച്ചു.
മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുന്‍വശം അഞ്ചുകിലോമീറ്ററോളം കായല്‍ വേലികെട്ടി വേര്‍തിരിച്ച് അധീനതയിലാക്കിയതായും ആലപ്പുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് റിസോര്‍ട്ടിന്റെ നികുതി വെട്ടിപ്പ് നടത്തിയതായും തോമസ് ചാണ്ടിക്കെതിരെ ആരോപണമുണ്ട്. ആലപ്പുഴയില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോര്‍ട്ട് വരെയുള്ള 400 മീറ്റര്‍വരെമാത്രം ടാര്‍ ചെയ്തുവെന്നും റിസോട്ടിനായി നിലം നികത്തിയെന്നും ആരോപണമുണ്ട്.

തോമസ് ചാണ്ടിക്കെതിരായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സമയത്ത് കളക്ടറായിരുന്ന വീണാമാധവന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കാര്യമായിട്ടൊന്നും കണ്ടെത്തിയിരുന്നില്ല. റിപ്പോര്‍ട്ടില്‍ ഏറെ വൈരുദ്ധ്യവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി റിപ്പോര്‍ട്ട്  തിരിച്ചയച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പിന്നീട് അന്വേഷണം നടത്തിയത് പുതുതായി ചുമതലയേറ്റ ടിവി അനുപമയാണ്.  ആരോപണമുയര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് അനുപമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com