യൂബര്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ മര്‍ദ്ദിച്ച സംഭവം; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം

സംഭവത്തില്‍ യുവതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസെടുത്തതിനെ കുറിച്ചും അന്വേഷണമുണ്ടാകും
യൂബര്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ മര്‍ദ്ദിച്ച സംഭവം; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം

യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചിട്ടില്ലെന്ന യുവതികളുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കി സിസിടിവി ദൃശ്യങ്ങള്‍ വന്നതിന് പിന്നാലെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ബെഹ്‌റ ശക്തമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

സംഭവത്തില്‍ യുവതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസെടുത്തതിനെ കുറിച്ചും അന്വേഷണമുണ്ടാകും. ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച മൂന്ന് യുവതികള്‍ക്കെതിരെ വ്യക്തമായ സാക്ഷി മൊഴി ഉണ്ടായിട്ടും ഇവരെ ജാമ്യത്തില്‍ വിട്ട പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. 

വൈറ്റിലയ്ക്ക് സമീപം വെച്ച് മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിക്കുന്നതിന് ഷിനോജ് എന്നയാള്‍ സാക്ഷി മൊഴി നല്‍കിയിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷിനോജ്. ജാമ്യമില്ല വകുപ്പ് പ്രകാരം യുവതികള്‍ക്കെതിരെ കേസെടുക്കുമെന്നാണ് തന്റെ മൊഴിയെടുത്ത പൊലീസുകാരന്‍ പറഞ്ഞതെന്നും, എന്നാല്‍ പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഷിനോജ് പറയുന്നു. 

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജംഗ്ഷനിലായിരുന്നു സംഭവം.ഷിനോജ് എറണാകുളം ഷേണായീസിന് സമീപത്ത് നിന്നും തൃപ്പൂണിത്തുറയിലെ ഓഫിസിലേക്കു പോകുന്നതിന് ഓണ്‍ലൈന്‍ ഷെയര്‍ ടാക്‌സി വിളിച്ചു യാത്രചെയ്തു. വൈറ്റിലയില്‍ ടാക്‌സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെ തുടര്‍ന്ന് യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്ന് ഷിനോജ് അറിയിച്ചു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയടക്കമുള്ളവരായിരുന്നു ആക്രമണത്തിന് നേതൃത്വം കൊടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com