ഭാരത് ആശുപത്രിയില്‍ സമരം നടത്തിയ മുഴുവന്‍ നഴ്‌സുമാരെയും പിരിച്ചുവിട്ടു

സമരം അന്‍പതു ദിവസം പിന്നിടുന്ന ദിവസമാണ് മാനേജ്‌മെന്റ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്
ഭാരത് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം (ഫയല്‍ ചിത്രം)
ഭാരത് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം (ഫയല്‍ ചിത്രം)

കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തിയ നഴ്‌സുമാരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു. അനി്ശ്ചിതകാല സമരം നടത്തിവന്ന 60 നഴ്‌സുമാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. സമരം അന്‍പതു ദിവസം പിന്നിടുന്ന ദിവസമാണ് മാനേജ്‌മെന്റ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്. 

കരാര്‍ അവസാനിച്ചു എന്ന കത്ത് നല്‍കിയാണ് ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന നഴ്‌സുമാരെപ്പോലും പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യവുമായി ആശുപത്രിയിലെ നഴ്‌സുമാരും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമാണ് സമരം നടത്തിവന്നത്.  സമരം നാല്‍പ്പത് ദിവസം തികഞ്ഞ ദിവസം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുഎന്‍എ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപം പൊലീസ് തടയുകയും ബലപ്രയോഗം നടത്തുകയും ചെയ്തിരുന്നു. 

കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടിട്ടുള്ള നഴ്‌സുമാരുടെ കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് പിരിച്ചു വിട്ടതെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ ന്യായം. എന്നാല്‍ മാനേജ്‌മെന്റിന്റെ നടപടി അന്യായമാണെന്നും അത്തരത്തിലൊരു കരാര്‍ തന്നെ നിലവിലുണ്ടോ എന്ന കാര്യം ഇതേവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും സമരക്കാര്‍ പറയുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യൂണിറ്റ് രൂപീകരിക്കുകയും സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതിന്റെ പ്രതികാര നടപടിയാണ് വ്യക്തമായ കാരണം കാണിക്കാതെയുള്ള പിരിച്ചുവിടലെന്നും സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. 

ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ ഒന്നുമെഴുതാത്ത മുദ്രപത്രം ഒപ്പിട്ടുവാങ്ങുന്നുണ്ടെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിക്കും. അതില്‍ എന്താണ് എഴുതുന്നതെന്നോ എന്താണ് കരാറെന്നോ അറിയില്ലെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. ഒമ്പത് നഴ്‌സുമാരെ പുറത്താക്കിയതായി നോട്ടീസ് നല്‍കിയപ്പോഴാണ് ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി മാനേജ്‌മെന്റിനെ സമീപിച്ചത്. തുടര്‍ന്ന് ലേബര്‍ ഓഫിസ് വഴി ശ്രമിച്ചിട്ടും പരിഹാരം ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com