ഫോണ്‍ എവിടെ?: ഹൈക്കോടതി; തെളിവ് എവിടെയെന്ന് പ്രതിഭാഗം

ഫോണ്‍ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍
ഫോണ്‍ എവിടെ?: ഹൈക്കോടതി; തെളിവ് എവിടെയെന്ന് പ്രതിഭാഗം

കൊച്ചി: നടി ആക്രമിക്കപ്പട്ട കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എവിടെയെന്ന് ഹൈക്കോടതി. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജാമ്യം തടയാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ഇന്നലെ വാദിച്ചിരുന്നു. ഈ പശ്ചാത്തലത്തലിലാണ് കോടതിയുടെ ചോദ്യം. ഫോണ്‍ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 

ദിലീപിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന നിലപാട് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.  നേരത്തെ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ദിലീപിനെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന് പ്രതിഭാഗം പറഞ്ഞു. തെളിവുണ്ടെന്നു പറയുന്നതല്ലാതെ അത് എന്തൊക്കെയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചു. നേരത്തെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് തന്നെയാണ് ഹര്‍ജി പരിഗണിക്കുന്നത്. 

അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് അറിയിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ വിവരങ്ങള്‍ അറിയുകയെന്നത് പ്രതിയുടെ അവകാശമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തുന്നില്ല. എന്തെല്ലാം കുറ്റങ്ങളാണ് ചുമത്തുന്നതെന്നും അറിയില്ലെന്ന് ദിലീപീന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.  

കേസുമായി ബന്ധപ്പെട്ട് താന്‍ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല. അന്‍പതു കോടിയുടെ സിനിമാ പ്രൊജക്ടുകളാണ് അവതാളത്തിലായിരിക്കുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോടു ശത്രുതയുണ്ട്. ഒരു പരസ്യ കരാറുമായി ബന്ധപ്പെട്ട് താന്‍ ഇടപെടന്ന ധാരണയാണ് ഈ ശത്രുതയ്ക്ക് അടിസ്ഥാനം. ഈ കേസില്‍ ആദ്യം ഗൂഢാലോചന ആരോപിച്ച മഞ്ജു വാര്യര്‍ക്ക് എഡിജിപി ബി സന്ധ്യയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ദീലീപ് ജാമ്യഹര്‍ജിയില്‍ ആവര്‍ത്തിച്ചു.

കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെതിരെ 11 കേസുകളുണ്ട്. ഈ പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് പൊലീസ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും ദീലിപ് പറയുന്നു.

സ്വാഭാവിക ജാമ്യത്തന് അര്‍ഹതയുണ്ട് എന്ന വാദമാണ് ഈ ജാമാ്യാപേക്ഷയിലും ദിലീപ് മുന്നോട്ടുവയ്ക്കുന്നത്. ഇതേ വാദം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കൂട്ട ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന വാദവും ആവര്‍ത്തിച്ചിട്ടുണ്ട്. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഇതിന് അറുപത് ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കേണ്ടതാണെന്നുമുള്ള ദിലീപിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com