'വയല്‍ക്കിളികള്‍ക്ക്' പിന്തുണ പ്രഖ്യാപിച്ച് ബിജെപി; സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നെന്ന് കുമ്മനം

വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്‍മാറുംവരെ സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
'വയല്‍ക്കിളികള്‍ക്ക്' പിന്തുണ പ്രഖ്യാപിച്ച് ബിജെപി; സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നെന്ന് കുമ്മനം

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ മധ്യത്തിലൂടെ നാലുവരിപ്പാതയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടന്നുവരുന്ന വയല്‍ക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി. വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്‍മാറുംവരെ സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കുമ്മനം. 

ജനങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള അതിജീവന പോരാട്ടം ആയതുകൊണ്ടാണ് ബിജെപി പിന്തുണ പ്രഖ്യാപിക്കുന്നത്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ആവശ്യമായ പാരിസത്ഥിതിക പഠനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോയെന്ന് കുമ്മനം ചോദിച്ചു. തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ജലസ്രോതസ്സുകള്‍ മണ്ണിട്ട് നികത്തുകയാണ്. ഇത് ജനകീയ സമരമാണ്,മുന്നോട്ടുകൊണ്ടുപോകും. ദേശീയപാത അതോറിറ്റിയുടെ മുന്നില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സിപിഎം ശക്തികേന്ദ്രമായ കണ്ണൂരില്‍ പാര്‍ട്ടി അണികള്‍ തന്നെ സര്‍ക്കാരിനെതിരെ നടത്തുന്ന സമരം പ്രയോജനപ്പെടുത്താനാണ് ബിജെപി തീരുമാനം. സമരം അനാവശ്യമാണെന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റിയ്ക്കുള്ളത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയും ഹരിതരാഷ്ട്രീയം ചര്‍ച്ചയാക്കിയും അധികാരത്തിലേറിയ ഇടതുമുന്നണിയുടെ പരിസ്ഥിതി വിരുദ്ധ നിലപാടുകള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ സിപിഎമ്മിനു വെല്ലുവിളിയായിട്ടുണ്ട്.

തളിപ്പറമ്പിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരമായി കുപ്പംകുറ്റിക്കോല്‍ ബൈപാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം പരിഗണിക്കാതെ പുതിയ നീക്കത്തിലൂടെ ഏക്കറു കണക്കിന് പാടം നികത്തിയുള്ള പുതിയ പദ്ധതിയുമായി സര്‍ക്കാര്‍  മുന്നോട്ടുനീങ്ങിയപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ച് സമരത്തിനിറങ്ങിയത്. എട്ടു മാസം മുമ്പ് അന്തിമ സര്‍വേ പൂര്‍ത്തിയാക്കി ദേശീയപാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ച് കീഴാറ്റൂര്‍വഴി പുതിയ ബൈപാസ് നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. വയലിലേക്കു കടക്കാതെ നിര്‍ദേശിക്കപ്പെട്ട പാത കീഴാറ്റൂര്‍ വയല്‍പ്രദേശത്തു കൂടി കൊണ്ടുപോകാന്‍ തീരുമാനിച്ചതില്‍ അഴിമതി ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. 

പുതിയ രൂപരേഖ പ്രകാരം ബൈപാസ് പദ്ധതി നടപ്പായാല്‍ നാലുവരിപ്പാതയ്ക്കായി 60 മീറ്റര്‍ വീതിയില്‍ നെല്‍വയല്‍ നികത്തപ്പെടും. ഇത് 250 ഏക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷിയെയും പ്രദേശത്തെയാകെ ജലലഭ്യതയെയും ബാധിക്കും. സിപിഎം അണികള്‍ ഉള്‍പ്പെടുന്ന 'വയല്‍ക്കിളികള്‍' എന്ന സംഘടനയുടെ നേതൃത്വത്തിലാണു സമരം. വയല്‍ നികത്തുന്നതിന് ഒത്താശ ചെയ്ുന്നവയര്‍ സിപിഎമ്മിന്റെ പ്രകടനപത്രിക പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com