സമരം അവസാനിപ്പിച്ച് വയല്‍ക്കിളികള്‍; ബൈപ്പാസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും കൊടിയെടുക്കുമെന്ന് മുന്നറിയിപ്പ് 

21 ദിവസം നീണ്ടുനിന്ന സമരത്തിന് 68കാരിയായ നമ്പ്രാടത്ത് ജാനകിയായിരുന്നു നേതൃത്വം നല്‍കിയത്
സമരം അവസാനിപ്പിച്ച് വയല്‍ക്കിളികള്‍; ബൈപ്പാസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും കൊടിയെടുക്കുമെന്ന് മുന്നറിയിപ്പ് 

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തിവന്ന ജനകീയ സമരം അവസാനിപ്പിച്ചു. നെല്‍വയല്‍ ഏറ്റെടുക്കാന്‍ വിജ്ഞാപനമിറക്കാനുള്ള തീരുമാനം മരവിപ്പിക്കാമെന്നും ബൈപ്പാസിനു ബദല്‍മാര്‍ഗം പരിശോധിക്കാമെന്നും മന്ത്രി ജി.സുധാകരന്‍ ഇന്നലെ തിരുവനന്തപുരത്തെ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് സമരസമിതി സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 

വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാന്‍ വീണ്ടും ശ്രമിച്ചാല്‍ സമരമുഖത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് സമരസമിതി സമരം അവസാനിപ്പിച്ചത്. എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും മുന്‍കൈയെടുത്തതിലെ ആഹ്ലാദവും സമരസമിതി മറച്ചുവെച്ചില്ല. 
21 ദിവസം നീണ്ടുനിന്ന സമരത്തിന് 68കാരിയായ നമ്പ്രാടത്ത് ജാനകിയായിരുന്നു നേതൃത്വം നല്‍കിയത്. 

സിപിഎം ശക്തി കേന്ദ്രമായ കീഴാറ്റൂരിലെ സര്‍ക്കാര്‍ വിരുദ്ധ സമരം പാര്‍ട്ടിയ്ക്ക് തലവേദനയായിരുന്നു. സിപിഎം നേതൃത്വം ഇടപെട്ട് സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ബിജെപിയും കോണ്‍ഗ്രസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.

ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതില്‍ സമവായമുണ്ടാക്കുമെന്ന ഉറപ്പു നല്‍കിയ സര്‍ക്കാരിനും പാര്‍ട്ടിക്കും സമരക്കാര്‍ നന്ദി പറഞ്ഞു. 

തളിപ്പറമ്പിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരമായി കുപ്പംകുറ്റിക്കോല്‍ ബൈപാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം പരിഗണിക്കാതെ പുതിയ നീക്കത്തിലൂടെ ഏക്കറു കണക്കിന് പാടം നികത്തിയുള്ള പുതിയ പദ്ധതിയുമായി സര്‍ക്കാര്‍  മുന്നോട്ടുനീങ്ങിയപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ച് സമരത്തിനിറങ്ങിയത്. 

വയലിലേക്കു കടക്കാതെ നിര്‍ദേശിക്കപ്പെട്ട പാത കീഴാറ്റൂര്‍ വയല്‍പ്രദേശത്തു കൂടി കൊണ്ടുപോകാന്‍ തീരുമാനിച്ചതില്‍ അഴിമതി ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. 

പുതിയ രൂപരേഖ പ്രകാരം ബൈപാസ് പദ്ധതി നടപ്പായാല്‍ നാലുവരിപ്പാതയ്ക്കായി 60 മീറ്റര്‍ വീതിയില്‍ നെല്‍വയല്‍ നികത്തപ്പെടും. ഇത് 250 ഏക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷിയെയും പ്രദേശത്തെയാകെ ജലലഭ്യതയെയും ബാധിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com