എഴുത്തുകാരുടെ കൂട്ടത്തിലെ ഏറ്റവും ചീത്ത രാഷ്ട്രീയക്കാരനായതുകൊണ്ടാണ് മാധവന്‍ ഇങ്ങനെയായത്‌ 

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്രാധിപരുമായ എസ് ജയചന്ദ്രന്‍ നായരെ അധിക്ഷേപിച്ച എഴുത്തുകാരന്‍ എന്‍എസ് മാധവനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നു. 
എഴുത്തുകാരുടെ കൂട്ടത്തിലെ ഏറ്റവും ചീത്ത രാഷ്ട്രീയക്കാരനായതുകൊണ്ടാണ് മാധവന്‍ ഇങ്ങനെയായത്‌ 

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്രാധിപരുമായ എസ് ജയചന്ദ്രന്‍ നായരെ അധിക്ഷേപിച്ച എഴുത്തുകാരന്‍ എന്‍എസ് മാധവനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നു. പത്രാധിപ കുലപതി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന എസ് ജയചന്ദ്രന്‍നായര്‍ക്കെതിരായ മാധവന്റെ ഭാഷാപ്രയോഗം അശ്ലീലവും ആഭാസവുമാണെന്നാണ് വിമര്‍ശനമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. 


എഡിറ്ററുടെ വിവേചനാധികാരം അദ്ദേഹത്തിന്റെത് മാത്രമാണ്: രാംകുമാര്‍ (പത്രപ്രവര്‍ത്തകന്‍)


ന്റെ പ്രസിദ്ധീകരണത്തില്‍ അച്ചടിക്കേണ്ട കഥയിലോ, ലേഖനത്തിലോ എന്തെങ്കിലും തിരുത്ത് വരുത്താന്‍ ഒരു പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ക്ക് അവകാശമുണ്ടൊ? ഉണ്ട്! എന്ന് തന്നെയാണ്, ഉത്തരം.കാരണം അതില്‍ അച്ചടിച്ചതിന്റെ ഉത്തരവാദ്വിത്തം എഡിറ്റര്‍ക്കാണ്. അത് കൊണ്ടാണല്ലോ കേസ് വരുമ്പോള്‍ എഡിറ്റര്‍ കോടതിയില്‍ കൂട്ടില്‍ നില്‍ക്കുന്നത്. എഡിറ്ററുടെ വിവേചനാധികാരം അദ്ദേഹത്തിന്റെത് മാത്രമാണ്. അതില്‍ ഇടപെടാന്‍ പത്ര ഉടമക്ക് പോലും സാദ്ധ്യമല്ല!

ഇലസ്‌ട്രേറ്റഡ് വീക്കിലിയുടെ എഡിറ്റര്‍ പ്രിതിഷ് നന്ദിയും, ജെ.ബി.പട്‌നായ്ക്കും തമ്മിലുള്ള കേസില്‍ കോടതി ഉറപ്പിച്ച് പറഞ്ഞിട്ടുള്ളതാണ് ഇത്..
മലയാളത്തിലെ സമുന്നതനായ എല്ലാവരും ആദരിക്കുന്ന പത്രാധിപരായ എസ്.ജയചന്ദ്രന്‍ നായരെ, എന്‍.എസ്.മാധവന്‍, എം.സുകുമാരന്റെ ഒരു കഥയില്‍ ഒരു പദം അദ്ദേഹം വെട്ടിക്കളഞ്ഞു എന്ന ഒരു സംഭവത്തെ വലുതാക്കി അധിക്ഷേപിച്ചിരിക്കുന്നു.

പിന്നണിയില്‍ മാത്രം നില്‍ക്കാറുള്ള വ്യക്തിയാണ് എസ്.ജയചന്ദ്രന്‍ നായര്‍  പത്ത് മുപ്പത് വര്‍ഷമായി പത്ര രംഗത്ത് സജീവമായിട്ടും വിരലിലെണ്ണാവുന്ന അഭിമുഖമോ, ലേഖനമോ മാത്രമാണ്അദ്ദേഹത്തെ കുറിച്ച് അച്ചടിച്ച് വന്നിട്ടുള്ളത്. അതിനാല്‍ അദ്ദേഹം ഇതിനെതിരെ പ്രതികരിക്കാന്‍ സാദ്ധ്യതയില്ല!

മലയാളമാഗസിന്‍ ജേര്‍ണലിസത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കലാകൗമുദിയുടെ സുവര്‍ണ കാലമായ70 കളുടെ അവസാനം മുതല്‍ 90 കള്‍ വരെ അത് വായിച്ചവര്‍ക്ക് നന്നായി അറിയാം! അത്തരമൊരാളെ, നീച പദം കൊണ്ട് വിശേഷിപ്പിച്ച സാഹിത്യകാരനെതിരെ പ്രതികരിക്കേണ്ടത് ഇവിടുത്തെ, വായനക്കാര്‍ തന്നെയാണ്. എന്തിനും, ഏതിനും പ്രതികരിക്കുന്ന, സംസ്‌കാരിക ശിങ്കങ്ങള്‍ ഈ സംഭവത്തില്‍ പ്രതികരിച്ച് കണ്ടില്ല! എം.ടി.വാസുദേവന്‍ നായരെ മാതൃഭൂമിയുടെ പത്രാധിപര്‍ സ്ഥാനത്ത് നിന്ന് 77 ല്‍ പുറത്താക്കിയപ്പോള്‍ കലാകൗമുദി മാത്രമാണ് അതില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ എഴുതിയത് എന്ന് ഓര്‍മ്മിക്കുക!


മാധവനെ പോലെ ഒരാള്‍ ഇത്രയും മോശമായ ഒരു പരാമര്‍ശം നടത്തുന്നത് അവിശ്വസനീയം: രഘുനാഥന്‍ പറളി (നിരൂപകന്‍)

എന്‍ എസ് മാധവന്‍ എനിക്ക് പ്രിയപ്പെട്ട കഥാകൃത്താണ്. പല കാര്യങ്ങളിലും ഏറെ അവബോധത്തോടെയും ഒരു തിരുത്തല്‍ ശക്തിപോലെയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അദ്ദേഹത്തിനു കഴിയാറുണ്ട്. പക്ഷേ അദ്ദേഹം കലാകൗമുദി-മലായളം മുന്‍ പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായരെ 'ചെറ്റ' എന്നു വിളിച്ച സാഹചര്യം ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. മാധവനെ പോലെ ഒരാള്‍ ഏതു സാഹചര്യത്തിലായാലും ഇത്രയും മോശമായ ഒരു പരാമര്‍ശം നടത്തുന്നത് അവിശ്വസനീയം..! (ചെറ്റ എന്ന വിളിയിലെ ഫ്യൂഡല്‍ മനസ്സും വിമര്‍ശിക്കപ്പെടേണ്ട ഒന്നാകുന്നുണ്ടല്ലോ..) തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് തുടര്‍ച്ചയായി ജയചന്ദ്രന്‍ നായരെ അദ്ദേഹം ആക്ഷേപിച്ചു കണ്ടത്. മുമ്പ് തന്റെ കഥയ്ക്ക് പ്രതിഫലം കുറഞ്ഞു പോയതില്‍ പ്രതിഷേധിച്ച് എന്‍ എസ് മാധവന്‍ ജയചന്ദ്രന്‍ നായര്‍ക്ക് കത്തെഴുതിയതായും ആ ചെക്ക് എക്കാലത്തേക്കുമായി ചില്ലിട്ടു സൂക്ഷിക്കുന്നുവെന്ന് പരിഹസിച്ചു പറഞ്ഞതായും കേട്ടിട്ടുണ്ട്.. (കേട്ടറിവു മാത്രം). അത്തരം സംഭവങ്ങള്‍ ഉള്‍പ്പെടുന്ന തികച്ചും വ്യക്തിഗതമായ ഒരു തലമാണോ അതോ രാഷ്ട്രീയം മാത്രമാണോ അതല്ലെങ്കില്‍ രണ്ടും കൂടിയാണോ ഈ ഹീന ശകാരത്തിനു പിന്നില്‍ എന്ന സന്ദേഹങ്ങള്‍ സ്വാഭാവികമായി ഉണ്ടാകുന്നു.. ഏതായാലും ഏറെ നിര്‍ഭാഗ്യകരമായ ഒരു സന്ദര്‍ഭമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുന്നുള്ളൂ എന്നു  പറയട്ടെ.

എഴുത്തുകാരുടെ കൂട്ടത്തിലെ ഏറ്റവും ചീത്ത രാഷ്ട്രീയക്കാരനായതുകൊണ്ടാണ് മാധവന്‍ ഇങ്ങനെയായത്‌: കരുണാകരൻ ( എഴുത്തുകാരൻ)

കഥയില്‍ നക്സല്‍ബാരി രാഷ്ട്രീയത്തോട് ഒരിക്കല്‍ കൂറ് പുലര്‍ത്തിയിരുന്ന എം. സുകുമാരന്റെ അവസാനകാലത്തെ ഒരു കഥയായ “പിതൃതര്‍പ്പണ”ത്തില്‍ നിന്നും  “നാറിയ ഗാന്ധിതൊപ്പി” എന്ന വാചകത്തില്‍ നിന്ന് “നാറിയ” എന്ന പദം വെട്ടുമ്പോള്‍ പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ ഓര്‍ത്തതും സന്ദര്‍ശിച്ചതും മിക്കവാറും സുകുമാരന്റെ പൂര്‍വ്വകാലകഥകളിലെ “സായുധ തീവ്രവാദ”മായിരിക്കും. ആ കഥ പ്രസിദ്ധീകരിച്ചു വന്ന കാലം കൊണ്ട്  കേരളത്തിലെ ഇടത് തീവ്രവാദരാഷ്ട്രീയത്തിനു വന്ന മാറ്റ മായിരിക്കും, ആ രാഷ്ട്രീയത്തിന്റെ തകര്‍ച്ച വഴി വെച്ച പല കൈവഴികളായിരിക്കും. ഒരുപക്ഷെ, ഗാന്ധിസത്തിനു വന്ന അപചയത്തെക്കാള്‍. അതായിരിക്കാം, ഒരുപക്ഷെ സുകുമാരന്‍ പിന്നെ തന്റെ കഥയില്‍ സന്ദര്‍ശിച്ചതും. അതായിരിക്കാം അദ്ദേഹത്തിന് ആ തിരുത്തില്‍  ഇഷ്ടക്കേടു തോന്നാതിരുന്നതും. കഥ ഊഹങ്ങളുടെ കൂടി കലയാണ്‌. എന്നാല്‍, ജയചന്ദ്രന്‍ നായരുടെ പ്രവര്‍ത്തിയെ ‘ചെറ്റത്തര’മായി ഉറപ്പിക്കുന്ന  കഥാകൃത്ത് എന്‍. എസ്. മാധവന് ഇതൊക്കെ എന്ത് ഊഹങ്ങളുടെ കല! മലയാളി എഴുത്തുകാരുടെ കൂട്ടത്തിലെ ഏറ്റവും ചീത്ത രാഷ്ട്രീയക്കാരനായതുകൊണ്ടാണ് (Dirty Politician) മാധവന്‍  ഇങ്ങനെയായത് എന്ന് ഊഹിക്കുമ്പോള്‍ എനിക്കും ഒരു സമാധാനം. സമാധാനമാണല്ലോ (peace) പ്രധാനം, അതിപ്പോള്‍ ഗാന്ധിതൊപ്പി വെച്ച് തൂങ്ങിച്ചത്താലും, വേണുകുമാരമേനോന്റെ കാര്യത്തിലെന്കിലും ഒരു സമാധാനം (peace/reply) ആയല്ലോ! 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com