ഔദ്യോഗികരേഖകള്‍ ദുരുപയോഗം ചെയ്ത്‌ മതരഹിത സമൂഹത്തെ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമം : കെപിഎ മജീദ്

കേരളത്തിന്റെ ചരിത്രത്തില്‍ നിന്നും സാമൂഹ്യഘടനയില്‍നിന്നും വേഗത്തില്‍ എടുത്തുമാറ്റാന്‍ കഴിയുന്നതല്ല മതവും സംസ്‌കാരവുമെന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ മനസിലാക്കുന്നത് നന്ന്
ഔദ്യോഗികരേഖകള്‍ ദുരുപയോഗം ചെയ്ത്‌ മതരഹിത സമൂഹത്തെ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമം : കെപിഎ മജീദ്


കോഴിക്കോട്: അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെത്തുന്ന പിഞ്ചുകുഞ്ഞുങ്ങളെ തങ്ങളുടെ മാതാപിതാക്കളും രക്ഷിതാക്കളും അറിയാതെ  മതമില്ലാത്തവരായി രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനം  ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംസ്ഥാനത്ത് ജാതിയും മതവും രേഖപ്പെടുത്താത്ത എത്രകുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയെന്ന ചോദ്യത്തിന് നിയമസഭയില്‍ ഒന്നേകാല്‍ ലക്ഷം എന്നാണ്  പരിഷത്തുകാരനായ വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയത്. ഇതു തെറ്റാണെന്ന കണക്കുകള്‍ വൈകാതെ പുറത്തുവന്നതായി മജീദ് വ്യക്തമാക്കി.  

കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം എ ബേബി  'മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗത്തിലൂടെ മതനിരാസം പിഞ്ചുഹൃദയങ്ങളില്‍ കുത്തിവെക്കാന്‍ ശ്രമിച്ചു.  എന്നാല്‍, ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി  ഔദ്യോഗികരേഖകള്‍ ദുരുപയോഗം ചെയ്ത്‌കൊണ്ടാണ് മതരഹിത സമൂഹത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.  

കേരളത്തിന്റെ ചരിത്രത്തില്‍ നിന്നും സാമൂഹ്യഘടനയില്‍നിന്നും വേഗത്തില്‍ എടുത്തുമാറ്റാന്‍ കഴിയുന്നതല്ല മതവും സംസ്‌കാരവുമെന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ മനസിലാക്കുന്നത് നന്ന്. തെറ്റായവിവരം നല്‍കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മന്ത്രിക്കെതിരെ നിയമസഭാ ചട്ടം അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും കെ പി എ മജീദ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com