നിരത്തുകള്‍ നിശ്ചലം: സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd April 2018 07:33 AM |
Last Updated: 02nd April 2018 07:33 AM | A+A A- |

തിരുവനന്തപുരം: സ്ഥിരംതൊഴില്‍ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരളമാകെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്നു രാത്രി 12ന് അവസാനിക്കും. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചു.
തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകുമെന്നു സംഘടനാപ്രതിനിധികള്‍ അറിയിച്ചു. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോടാക്‌സിട്രാന്‍സ്‌പോര്‍ട്ട് മേഖലകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. കടകമ്പോളങ്ങള്‍ അടച്ചു വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി-എം, കെടിയുസി-ജെ, ഐഎന്‍എല്‍സി, സേവ, ടിയുസിഐ, എഐസിടിയു, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ ഒരുമിച്ചാണു പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.
ബിഎംഎസിലെ തൊഴിലാളികളും സമരത്തില്‍ അണിനിരക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. പണിമുടക്കുന്ന തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്കു മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണു മാര്‍ച്ച്. ഞായറാഴ്ച സംസ്ഥാനമാകെ പ്രദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും നടത്തി.