സിപിഐ മറ്റു പാര്‍ട്ടികളെപ്പോലെയല്ല; പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2018 06:08 PM |
Last Updated: 03rd April 2018 06:08 PM | A+A A- |

കൊച്ചി: എല്ലാ സംഭവങ്ങളിവലും സിപിഐ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭൂമിയിടപാട് വിവാദവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കാനം.
സിപിഐയുടെ രാഷ്ട്രീയ നിലപാടുകള്‍ മറ്റുപാര്‍ട്ടികളെപ്പോലെയല്ല, അതുകൊണ്ട് പ്രവര്‍ത്തകരും നേതാക്കളും കൂടുത ജാഗ്രത പുലര്‍ത്തണം. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനം വിജയന്‍ ചെറുകരയുടേതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മിച്ചഭൂമി പണം വാങ്ങി സ്വകാര്യവ്യക്തിക്ക് പതിച്ചുകൊടുക്കാന്‍ കൂട്ടുനിന്നാതായി ഒരു സ്വകാര്യ ചാനല്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനം. കെ രാജന്‍ എംഎല്‍എയ്ക്കാണ് പകരം ചുമതല.
സത്യന്‍ മൊകേരി പങ്കെടുത്ത ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സെക്രട്ടറിയുടെ നടപടി പാര്‍ട്ടി പ്രതിച്ഛായ മങ്ങലുണ്ടാക്കിയെന്ന് യോഗത്തില്‍ ഭൂരിഭാഗവും അറിയിച്ചതിന് പിന്നാലെ തുടരാനില്ലെന്ന് വിജയന്‍ ചെറുകര അറിയിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന കാര്യത്തില്‍ അദ്ദേഹം ഉറച്ചുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍
ഒരു സ്വകാര്യ ചാനല്‍ ഇന്നലെ പുറത്തുവിട്ട വാര്‍ത്തയില്‍ തന്നെ കുറിച്ചും ജില്ലാ കൗണ്‍സില്‍ അംഗം ഇ ജെ ബാബുവിനെ കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നായിരുന്നു വിജയന്‍ ചെറുകര വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ചാനല്‍ റിപ്പോര്‍ട്ടര്‍ തന്റെ വീട്ടില്‍ വന്ന് എടുത്ത മുഴുവന്‍ വീഡിയോയും പുറത്ത് വിടാന്‍ തയ്യാറാകണമെന്നും സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.