ചെന്നുപെട്ടാല്‍ നശിക്കുന്നിടമല്ല യൂണിവേഴ്‌സിറ്റി കോളജ്; ഇനിയുമതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്

ചെന്നുപെട്ടാല്‍ നശിക്കുന്നിടമല്ല യൂണിവേഴ്‌സിറ്റി കോളജ്; ഇനിയുമതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്

എസ്എഫ്‌ഐയുടെ ഏകസംഘടനാ വാദം മാത്രം മുന്നില്‍ നിര്‍ത്തി ഇനിയുമീ കലാലയത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്തിനാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്ന കാതലായ ചോദ്യം

രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയില്‍ കേരളത്തില്‍നിന്നു 17 കോളജുകളാണ് ഇടം പിടിച്ചിരിക്കുന്നത്. അതില്‍ ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജാണ്. പട്ടികയില്‍ 18ാം സ്ഥാനത്താണ് യൂണിവേഴ്‌സിറ്റി കോളജുള്ളത്. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളജിന്റെ ഈ ഒന്നാംസ്ഥാന നേട്ടം എന്തുകൊണ്ടോ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. പലമാധ്യമങ്ങളും വാര്‍ത്ത നല്‍കിയതുപോലുമില്ല. തങ്ങളുടെ കോളജിന് പകരം മറ്റേതെങ്കിലും കലാലയമാണ് ഒന്നാം സ്ഥാനത്ത് വന്നിരുന്നത് എങ്കില്‍ ഇങ്ങനെയായിരിക്കുമോ സ്ഥിതി എന്നാണ്  യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. 

ഭൂമാഫിയയുടെ കുതന്ത്രങ്ങളേയും സ്വയംഭരണാധികരം നല്‍കി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ചെറുത്തു തോല്‍പ്പിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് പുതിയ നേട്ടങ്ങള്‍ കൊയ്ത് മുന്നോട്ടുപോകുമ്പോള്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകുന്നതിന്റെ വിഷമത്തിലാണ് പൂര്‍വവിദ്യാര്‍ത്ഥികളും നിലവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം. 

യൂണിവേഴ്‌സിറ്റി കോളജിന് ഇപ്പോള്‍ ലഭിച്ച ഈ അംഗീകാരം തനിക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണെന്ന് കോളജിലെ മുന്‍ അധ്യാപികയും സിപിഎം നേതാവുമായ ടിഎന്‍ സീമ പറയുന്നു. സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നുള്ള കുട്ടികളും പഠിക്കാനെത്തുന്ന കോളജാണ് അവിടം. രണ്ടുവര്‍ഷം അവിടെ പഠിപ്പിച്ചതിന്റെ അനുഭവത്തില്‍ പറയട്ടേ, മറ്റു കോളജുകളെ അപേക്ഷിച്ച് അവിടെ അധ്യാപകര്‍ ഒരുതരത്തിലുള്ള വിവേചനവും വിദ്യാര്‍ത്ഥികളോട് കാണിക്കാറില്ല. എല്ലാ നിലപാടുകളും തുറന്നുസ്വീകരിക്കാന്‍ കഴിയുന്ന ഒരു ജനാധിപത്യ അന്തരീക്ഷം ക്യാമ്പസില്‍ ഇപ്പോഴും ഉണ്ട് എന്നുതന്നയാണ് ഞാന്‍ വിശ്വസിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ പകര്‍ന്നുകൊടുക്കുന്നതുകൊണ്ടാകാം ചിലര്‍ കോളജിനെ ടാര്‍ഗറ്റ് ചെയ്ത് അക്രമിക്കുന്നത്. 

വിദ്യാര്‍ത്ഥി സംഘടന രാഷ്ട്രീയത്തിന്റെ പേരില്‍ ഒരുപാട് അവഹേളിക്കപ്പെട്ടിട്ടുള്ള കലാലയമാണവിടം. യൂണിവേഴ്‌സിറ്റ് കോളജ് സ്ഥിതി ചെയ്യുന്നത് നഗരത്തിന്റെ കണ്ണായ പ്രദേശത്താണ്. ആ ഭൂമി കണ്ണുവെച്ചുകൊണ്ട് കോളജിനെ തകര്‍ക്കാന്‍ പലവിധ ശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കുകയാണ് ആ കലാലയം ചെയ്തത്. 

എന്തുപ്രശ്‌നം നടന്നാലും ആദ്യം പ്രതിഷേധക്കൊടി ഉയര്‍ത്തുന്നത് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളാണ്. ഇടതുപക്ഷ രാഷ്ട്രീയത്തെ എതിര്‍ക്കുക എന്ന ഒറ്റലക്ഷ്യം വെച്ചുകൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.  ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കലാലയമാണ്. കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക വളര്‍ച്ചക്കൊപ്പം നടന്ന കലാലയമാണ്.പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് അത്രമേല്‍ വേരോട്ടമുള്ള കലാലയമാണ്, അതിനെയൊക്കെ തന്നെ ഇകഴ്ത്തിക്കാട്ടി യൂണിവേഴ്‌സിറ്റി കോളജെന്നാല്‍ എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയ കോട്ട എന്ന തരത്തില്‍ ചിത്രീകരിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല- സീമ പറയുന്നു. 

എസ്എഫ്‌ഐയുടെ ഏകാധിപത്യഭരണം നടക്കുന്ന കോളജാണെന്നും ചെന്നുപെട്ടുപോയാല്‍ നശിച്ചുപോകുമെന്നും പറഞ്ഞു വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അംഗീകാരമെന്ന് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോളജിലെ എംഎ മലയാളം വിദ്യാര്‍ത്ഥിയുമായ റിയാസ് പറയുന്നു. 

എസ്എഫ്‌ഐ ക്യാമ്പസില്‍ അഴിഞ്ഞാടുകയാണെന്നും വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ സമ്മതിക്കുന്നില്ല എന്നും എതിര്‍ക്കുന്നവരെ കൊന്നു കൊലവിളിക്കുകയാണ് എന്നുമൊക്കെയാണ് പ്രചാരണം, അങ്ങനെയൊക്കെയാണെങ്കില്‍ മികച്ച വിദ്യാഭ്യാസാ അന്തരീക്ഷമുള്ള കലാലയങ്ങളുടെ കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ യൂണിവേഴ്‌സിറ്റി കോളജ് ഉള്‍പ്പെടുന്നതെങ്ങനെ? റിയാസ് ചോദിക്കുന്നു. 

150 വര്‍ഷം പഴക്കമുള്ള യൂണിവേഴ്‌സിറ്റി കോളജില്‍ നിരവധി പ്രമുഖരാണ് പഠിച്ചും പഠിപ്പിച്ചുമിറങ്ങിപ്പോയത്. കേരളത്തിന്റെ വളര്‍ച്ചക്കൊപ്പം സഞ്ചരിച്ച, പഴയകേരളത്തേയും പുതിയ കേരളത്തേയും ഒരുപോലെ കണ്ട, അത്രമേല്‍ സമരങ്ങള്‍ കണ്ട യൂണിവേഴ്‌സിറ്റി കോളജ് പുതിയ നേട്ടങ്ങളിലേക്ക് കുതിക്കുമ്പോള്‍ എസ്എഫ്‌ഐയുടെ ഏകസംഘടനാ വാദം മാത്രം മുന്നില്‍ നിര്‍ത്തി ഇനിയുമീ കലാലയത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്തിനാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്ന കാതലായ ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com