മെഡിക്കല്‍ പ്രവേശന ബില്ല്; വോട്ടെടുപ്പില്‍ പങ്കെടുത്തിട്ടില്ല,ആരോപണം തളളി വി ടി ബല്‍റാം

സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം.
മെഡിക്കല്‍ പ്രവേശന ബില്ല്; വോട്ടെടുപ്പില്‍ പങ്കെടുത്തിട്ടില്ല,ആരോപണം തളളി വി ടി ബല്‍റാം

കൊച്ചി: സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം.ഞാന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു എന്നും അനുകൂലിച്ച് വോട്ട് ചെയ്തു എന്നും ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ഒരു വിശദീകരണം നല്‍കുന്നു എന്ന് മാത്രം- ബല്‍റാം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.


ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണമായിരുന്നു വോട്ടെടുപ്പ് വേളയില്‍ സഭയില്‍ നിന്ന് വിട്ടുനിന്നത്. ബില്ലിനോടുള്ള എന്റെ എതിരഭിപ്രായം ആദ്യം ക്രമപ്രശ്‌നമായും പിന്നീട് മറ്റൊരംഗത്തിന്റെ പ്രസംഗ മധ്യേ ഇടപെട്ടും സഭയില്‍ വ്യക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തേത്തുടര്‍ന്ന് സ്പീക്കര്‍ ക്രമപ്രശ്‌നം തള്ളുകയായിരുന്നു. തുടര്‍ന്നും ആ പ്രക്രിയയില്‍ പങ്കെടുക്കുന്നത് ഉചിതമായി തോന്നാതിരുന്നത് കൊണ്ട് ബില്‍ വകപ്പു തിരിച്ചുള്ള ചര്‍ച്ചയിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ പുറത്തു പോവുകയാണ് ചെയ്തത് - ബല്‍റാം കുറിച്ചു.

നിയമനിര്‍മ്മാണ ചര്‍ച്ചകളില്‍ അംഗങ്ങള്‍ക്ക് പൂര്‍ണ്ണമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് നമ്മുടെ നിയമസഭയുടേയും പാര്‍ലമെന്ററി രീതികളുടേയും പൊതു സ്വഭാവം. പിന്നീട് വോട്ടെടുപ്പ് വേളയില്‍ പാര്‍ട്ടി വിപ്പ് ഉണ്ടെങ്കില്‍ അതനുസരിച്ച് വോട്ട് ചെയ്യേണ്ടി വരും. എന്നാല്‍ ഇന്നലത്തെ നിയമത്തില്‍ അങ്ങനെ വോട്ട് ചെയ്യാനുള്ള വിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തിയതും തുടര്‍ന്ന് വിട്ടുനിന്നതും. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ എംബരാസ്‌മെന്റ് സൃഷ്ടിക്കുന്നത് പാര്‍ലമെന്ററി രീതികള്‍ക്ക് ഉചിതമല്ല എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. ഹാജരായിരുന്ന അംഗങ്ങളെ വച്ച് ശബ്ദവോട്ടോടെയാണ് പിന്നീട് സഭ നിയമം പാസാക്കിയത്- ബല്‍റാം കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com