ആറന്മുളയില്‍ ബിജെപിക്കൊപ്പം സമരം ചെയ്തതില്‍ വിശദീകരണവുമായി എംഎ ബേബി

കീഴാറ്റൂരില്‍ സംഭവിച്ച പോലെ ഒരു ചെറുകൂട്ടം ആളുകള്‍ നടത്തിയിരുന്ന സമരം സംഘപരിവാരം വന്ന് കയ്യടക്കുകയായിരുന്നില്ല ഇവിടെ
ആറന്മുളയില്‍ ബിജെപിക്കൊപ്പം സമരം ചെയ്തതില്‍ വിശദീകരണവുമായി എംഎ ബേബി

കൊച്ചി: ആറന്മുളയിലെ വിമാനത്താവള പദ്ധതിക്കെതിരായ സമരത്തില്‍ ബിജെപി നേതാക്കളുമായി വേദി പങ്കിട്ടതില്‍ വിശദീകരണവുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. ആ സമരത്തില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരന്നിരുന്നെന്നും അത് ഒരു പ്രാദേശിക സമരമായിരുന്നെന്നും ബേബി പറഞ്ഞു. ആ സമരം മുന്നൂറേക്കര്‍ പാടവും ജലശേഖരവും നികത്തി സ്വകാര്യമേഖലയില്‍ ഒരു വിമാനത്താവളം ഉണ്ടാക്കാന്‍ ഒരു വ്യവസായിക്ക് അനുവാദം നല്‍കിയതിനെതിരെ ആയിരുന്നെന്നും ബേബി വ്യക്തമാക്കി

പോസ്റ്റിന്റെ പൂര്‍ണരൂപം


തളിപ്പറമ്പ് കീഴാറ്റൂരില്‍ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കം നടക്കുകയാണല്ലോ. കീഴാറ്റൂരിലെ സമരക്കാര്‍ നിര്‍ഭാഗ്യവശാല്‍ ആര്‍ എസ് എസിന്റെ കയ്യിലെ പാവകളായിരിക്കുകയാണ്. ഇന്ത്യ മുഴുവന്‍ കൃഷിയിടങ്ങള്‍ കയ്യേറി വന്‍വ്യവസായികള്‍ക്ക് കൈമാറുന്നതിനായി നിയമനിര്‍മാണം നടത്തിയത് ബിജെപി സര്‍ക്കാരാണ്. അതേ ബിജെപിയുടെ നിയന്ത്രണത്തിലാണ് ഈ സമരം എന്നത് അതിന്റെ ഉദ്ദേശശുദ്ധിയെ സംശയാസ്പദമാക്കുന്നു. കേരളത്തില്‍ സി പി ഐ എമ്മിനെതിരെ കോണ്‍ഗ്രസ്, ആര്‍ എസ് എസ്, നക്‌സലൈറ്റുകള്‍, ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, മറ്റ് മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ എന്നിവരുടെ ഒരു വിശാലമുന്നണി ഉണ്ടാക്കാനുള്ള വിപുലമായ ഒരു പദ്ധതിയുടെ പരീക്ഷണമാണ് കീഴാറ്റൂരില്‍ നടക്കുന്നത്. അവിടത്തെ റോഡ് ഏതു വഴി വേണമെന്നത് പരിസ്ഥിതി അടക്കമുള്ള എല്ലാ വശങ്ങളും പരിഗണിച്ച് തീരുമാനിക്കണം. പക്ഷേ, ഈ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ രാഷ്ട്രീയ നീക്കം കാണാതിരിക്കാനാവില്ല. കേരളത്തിലെ പുരോഗമനവാദികളെല്ലാം ഇക്കാര്യത്തില്‍ ജാഗരൂകരായിരിക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. ഈ വിരുദ്ധമുന്നണി കേരളത്തിന്റെ രാഷ്ട്രീയത്തെ വിമോചനസമരകാലത്തെന്ന പോലെ പിന്നോട്ടടിക്കും.

കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട്, ആറന്മുളയിലെ വിമാനത്താവള പദ്ധതിക്കെതിരെയുണ്ടായ സമരത്തില്‍, ഞാന്‍ അടക്കമുള്ള സിപിഐ എം പ്രവര്‍ത്തകര്‍ ബിജെപി നേതാക്കളുമായി വേദി പങ്കിട്ടതിനെക്കുറിച്ച് വീണ്ടും വീണ്ടും പരാമര്‍ശമുണ്ടാകുന്നു. അക്കാര്യത്തില്‍ ഒരു വിശദീകരണം വേണമെന്ന് തോന്നുന്നു. 2011ല്‍ ആറന്മുളക്കാര്‍ വിമാനത്താവളത്തിനായി പാടശേഖരം ഏറ്റെടുക്കുന്നതിനെതിരെ സമരം തുടങ്ങുമ്പോള്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ആ നാട്ടുകാരെല്ലാവരുമുണ്ടായിരുന്നു. അവിടത്തെ സിപിഐ എമ്മും ഡിവൈഎഫ്‌ഐ തുടങ്ങിയ ബഹുജന സംഘടനകളും സമരത്തിലുണ്ടായിരുന്നു. അവിടെ മുന്നൂറേക്കര്‍ പാടവും ജലശേഖരവും നികത്തി സ്വകാര്യമേഖലയില്‍ ഒരു വിമാനത്താവളം ഉണ്ടാക്കാന്‍ ഒരു വ്യവസായിക്ക് അനുവാദം നല്‍കിയതിനെതിരെ ആയിരുന്നു സമരം. ഈ സമരം ഒരു പ്രാദേശിക മുന്‍കൈ ആയിരുന്നു.

പ്രശ്‌നം ശ്രീ കെ സച്ചിദാനന്ദന്‍ പറഞ്ഞപോലെ, 'പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള ഒരു ദേശീയപാതയ്ക്ക് സ്ഥലമെടുക്കുന്നതും ഒരു കോര്‍പ്പറേറ്റ് വ്യവസായ സംരംഭത്തിന്നായി കര്‍ഷകരെ കുടിയൊഴിക്കുന്നതും ഒരു പോലെ കാണുക വയ്യ.' എന്നതാണ്. ആറന്മുളയിലേത് ഒരു വ്യവസായ സംരംഭകന് പാടശേഖരം നിയമം ലംഘിച്ച് നികത്താന്‍ വിട്ടുകൊടുക്കുന്നതായിരുന്നു. നാട്ടുകാരുടെ ഒരു പൊതു ആവശ്യമായിരുന്നില്ല. ആ പ്രദേശത്ത് വിമാനത്താവളം വേണമെങ്കില്‍ തന്നെ, അതിന് പരിസ്ഥിതി ആഘാതം കുറവുള്ള മറ്റ് സാധ്യതകളുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ആറന്മുളയിലെ വിമാനത്താവള പദ്ധതിക്ക് നല്കപ്പെട്ടിരുന്ന അനുമതികള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു.

2013 ഫെബ്രുവരി 24ന് ആറന്മുളയില്‍ സുഗതകുമാരി ടീച്ചറുടെ വാഴുവേലില്‍ തറവാട്ടു മുറ്റത്ത് കൂടിയ സര്‍വകക്ഷിയോഗം മുതല്‍ ടീച്ചറാണ് സമര്‍പ്പിത മനസ്സോടെ ഈ സമരത്തിന് നേതൃത്വം നല്കിയത്. സഖാക്കള്‍ മുല്ലക്കര രത്‌നാകരന്‍, പി പ്രസാദ്, എ പത്മകുമാര്‍, ടി കെ ജി നായര്‍ എന്നിവരും കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയവരുമാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. ആറന്മുളയില്‍ സംഘപരിവാര്‍ സംഘടനകള്‍ വേറെ പന്തലുകെട്ടി സ്വന്തം സമരമായിരുന്നു നടത്തിയിരുന്നത്. എല്‍ ഡിഎഫ് ഇവിടെ നടത്തിയ സമരങ്ങളില്‍ സഖാക്കള്‍ വൈക്കം വിശ്വന്‍, അനന്തഗോപന്‍, രാജു എബ്രഹാം, സുനില്‍ കുമാര്‍, എന്നിവരും മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി തുടങ്ങിയവരും ഒക്കെ പങ്കെടുത്തു. സംഘപരിവാരം സമരം ചെയ്യുന്നു എന്ന പേരില്‍ സിപിഐ എമ്മിന് ഈ പ്രശ്‌നം കണ്ടില്ല എന്നു നടിച്ച് മാറിനില്ക്കാനാവുമായിരുന്നില്ല. പക്ഷേ, കീഴാറ്റൂരില്‍ സംഭവിച്ച പോലെ ഒരു ചെറുകൂട്ടം ആളുകള്‍ നടത്തിയിരുന്ന സമരം സംഘപരിവാരം വന്ന് കയ്യടക്കുകയായിരുന്നില്ല ഇവിടെ. ആറന്മുളയിലെ ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ അങ്ങനെയാവാതെ നോക്കാനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ശേഷി സിപിഐഎമ്മിനും എല്‍ഡിഎഫിനും ഉണ്ടായിരുന്നു.

സമരം കൂടുതല്‍ കൂടുതല്‍ ശക്തവും വ്യാപകവുമാക്കാന്‍ ഒ എന്‍ വി കുറുപ്പ് സാറിന്റെ വീട്ടില്‍ കൂടിയ യോഗത്തില്‍ ഞാനും ബിനോയ് വിശ്വവും ഒ രാജഗോപാലും തുടങ്ങിയ കക്ഷി പ്രതിനിധികള്‍ കൂടാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു. ഇതിനെത്തുടര്‍ന്നാണ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. സഖാക്കള്‍ വി എസ് അച്യുതാനന്ദന്‍, തോമസ് ഐസക്, എം വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, സുനില്‍ കുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍, വി മധുസൂദനന്‍ നായര്‍, സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, പിസി ജോര്‍ജ്, മാത്യു ടി തോമസ് തുടങ്ങിയവരും ഒക്കെ ഈ സത്യഗ്രഹസമരത്തില്‍ പങ്കെടുത്തു. ഇതിന്റെ ഉദ്ഘാടനത്തിനാണ് ഞാനും കുമ്മനം രാജശേഖരനും പ്രസംഗിച്ചത്. ഒരു നാട്ടിലെ ജനങ്ങളാകെ കക്ഷി രാഷ്ട്രീയഭേദമില്ലാതെ പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രസ്ഥാനവുമായി വരുമ്പോള്‍, അതില്‍ ആര്‍ എസ് എസുകാരുണ്ട് എന്നതിനാല്‍ പങ്കെടുക്കില്ല എന്ന നയം സിപിഐഎമ്മിനില്ല. അത് കീഴാറ്റൂരിലെ പോലെ സംഘപരിവാറിന്റെ തോളിലേറിയുള്ള, അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിനായുള്ള സമരം പോലെ അല്ല.

സംഘപരിവാര്‍ സംഘടനകളുമായി ഒരു സാഹചര്യത്തിലും സഹകരിക്കില്ല എന്ന നയം സിപിഐഎമ്മിനില്ല. തൊഴില്‍ സമരങ്ങളിലും മറ്റും ബിഎംഎസിനെ കഴിയുന്നത്ര കൂടെ കൂട്ടാനാണ് ശ്രമിക്കുന്നത്. അവരുടെ നേതൃത്വം ആര്‍ എസ് എസ് ആണെന്ന് അറിയാഞ്ഞിട്ടല്ല ഇത്. ആറന്മുളയില്‍ സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷിക്കാനുള്ള സമരത്തില്‍ സംഘപരിവാരവും ഉണ്ട് എന്നതിനാല്‍ വിട്ടുനില്‍ക്കണ്ട എന്നാണ് സിപിഐഎം തീരുമാനിച്ചത്.ആ സമരം വിജയം നേടുകയും അവിടെ വിമാനത്താവളത്തിനായി പാടം എടുക്കേണ്ട എന്നു തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അവിടെ കൃഷിചെയ്ത് വിളവെടുപ്പ് നടത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com