ദേശീയപാത സര്‍വേക്കെതിരെ പ്രതിഷേധം : വേങ്ങരയില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്, പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയപാത സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്
ദേശീയപാത സര്‍വേക്കെതിരെ പ്രതിഷേധം : വേങ്ങരയില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്, പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

മലപ്പുറം : മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമെടുപ്പിനുള്ള സര്‍വേയ്‌ക്കെതിരെയുള്ള സമരത്തില്‍ സംഘര്‍ഷം. ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരെ ഇവിടെ പ്രതിഷേധം നിലനിന്നിരുന്നു. എആര്‍ നഗറില്‍ സര്‍വേ നടത്താനെത്തിയവരെ സമരക്കാര്‍ തടഞ്ഞു. തുടര്‍ന്ന് സമരക്കാരെ പൊലീസ് ലാത്തിവീശി ഓടിച്ചു. 

ഇതേത്തുടര്‍ന്ന് സമരക്കാര്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. സമരക്കാര്‍ക്ക് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതായാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസ് സമരക്കാരുടെ വീടുകളില്‍ ഇരച്ചുകയറി മര്‍ദിച്ചതായും നാട്ടുകാര്‍ ആരോപിച്ചു. 

സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയപാത സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ തളര്‍ന്നുവീണ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com