മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ ത്രിശങ്കുവില്‍, ഞായറാഴ്ചയ്ക്കകം ഗവര്‍ണര്‍ ബില്‍ ഒപ്പിട്ടില്ലെങ്കില്‍ അസാധുവാകും

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ ബില്‍ ഏപ്രില്‍ എട്ടിനുമുമ്പ് ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ അസാധുവാകും
മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ ത്രിശങ്കുവില്‍, ഞായറാഴ്ചയ്ക്കകം ഗവര്‍ണര്‍ ബില്‍ ഒപ്പിട്ടില്ലെങ്കില്‍ അസാധുവാകും

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ ബില്‍ ഏപ്രില്‍ എട്ടിനുമുമ്പ് ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ അസാധുവാകും. ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേചെയ്ത സ്ഥിതിക്ക് ഗവര്‍ണര്‍ ഒപ്പിടാതെ ബില്‍ അസാധുവായാല്‍ ഇതിനായി ഇതുവരെ നടത്തിയ നടപടികളെല്ലാം പാഴാവും.

സുപ്രീംകോടതിയില്‍നിന്ന് തിരിച്ചടിനേരിട്ടെങ്കിലും ബില്ലുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. ബില്‍ ഗവര്‍ണര്‍ക്ക് അയയ്ക്കുന്നതിന് മുന്നോടിയായി അന്തിമ പരിശോധനയ്ക്ക് നിയമവകുപ്പിന് കൈമാറി.

നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും നടപടികള്‍ക്ക് നിയമസാധുത നല്‍കാനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. നിയമസഭ ചേര്‍ന്ന് 42 ദിവസത്തിനുള്ളില്‍ ഇത് ബില്ലായി സഭയില്‍ അവതരിപ്പിച്ച് പാസാക്കി ഗവര്‍ണര്‍ ഒപ്പിടണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കണം.

ഇത്തവണ നിയമസഭാ സമ്മേളനം തുടങ്ങിയത് ഫെബ്രുവരി 26നാണ്. ഏപ്രില്‍ എട്ടിന് 42 ദിവസം തികയും. ഇനി മൂന്നുദിവസംകൂടി. ഇതിനകം ബില്ല് ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സിന്റെ സ്വാഭാവികകാലാവധി കഴിയും. ബില്ല് നിയമവുമാകില്ല. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തിരിക്കുന്നതിനാല്‍ അത് വീണ്ടും പുറപ്പെടുവിക്കാനുമാവില്ല.

നിയമസഭ പാസാക്കിയ പല നിയമങ്ങളും മുന്‍പ് സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, ബില്‍ പാസാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാകാനുള്ള ഇടവേളയില്‍ ബില്ലിന് അടിസ്ഥാനമായ ഓര്‍ഡിനന്‍സുതന്നെ റദ്ദാക്കപ്പെടുന്നത് ഇതാദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com