റവന്യൂ വകുപ്പില്‍ ഇനി നേരിട്ട് ഇടപെടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി; മുന്നണി മര്യാദയുടെ പേരില്‍ നോക്കിനില്‍ക്കാന്‍ കഴിയില്ല

റവന്യൂവകുപ്പിലെ കാര്യങ്ങളില്‍ ഇനി സിപിഎം നേരിട്ട് ഇടപെടുമെന്ന് വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍
റവന്യൂ വകുപ്പില്‍ ഇനി നേരിട്ട് ഇടപെടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി; മുന്നണി മര്യാദയുടെ പേരില്‍ നോക്കിനില്‍ക്കാന്‍ കഴിയില്ല

കല്‍പറ്റ: റവന്യൂവകുപ്പിലെ കാര്യങ്ങളില്‍ ഇനി സിപിഎം നേരിട്ട് ഇടപെടുമെന്ന് വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍.എപ്പോഴും മുന്നണിമര്യാദയുടെ പേരില്‍ നോക്കിനില്‍ക്കാന്‍ കഴിയില്ല. ഇടതുഭരണം വരുമ്പോള്‍ അഴിമതിക്കു വഴി തേടി സിപിഐ അനുകൂല സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിലേക്കു ചേക്കേറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഗഗാറിന്‍ വിമര്‍ശിച്ചു. 


നാലാളെ കിട്ടുമെന്നു കരുതി ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകരുത്. ഇപ്പോള്‍ നടക്കുന്ന ഭൂമിക്കച്ചവട ആരോപണമെല്ലാം ഇത്തരം നടപടികളുടെ ഫലമാണ്. രാഷ്ട്രീയ നിലപാടുള്ള ജോയിന്റ് കൗണ്‍സിലുകാരെക്കുറിച്ചു പരാതിയില്ലെന്നും ഗഗാറിന്‍ പറഞ്ഞു.

ഇപ്പോഴത്തെ തരത്തിലാണു കാര്യങ്ങളെങ്കില്‍ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എന്ത് അഴിമതിയും കാണിക്കും. ഏക്കറു കണക്കിനു ഭൂമി ഇതിനോടകം അന്യാധീനപ്പെട്ടു. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പിന്തുണയുണ്ടെങ്കില്‍ ആര്‍ക്കും ഭൂമി തട്ടിയെടുക്കാമെന്നാണ് അവസ്ഥ. സര്‍ക്കാര്‍ ഭൂമി പോലും പതിച്ചു കൊടുക്കുന്നു. അതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ കേസുള്ളയാളാണു താന്‍. സിപിഐ നേതാക്കള്‍ സിപിഎമ്മിന്റെ മുന്നണി മര്യാദയെ അംഗീകരിക്കണം. ജനം അതു സംസാരിക്കുന്നുണ്ട്. സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയ്‌ക്കെതിരെ ആരോപണം വന്നപ്പോള്‍ തങ്ങള്‍ കടന്നാക്രമിച്ചില്ല. അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും, ജില്ലാ സെക്രട്ടറിയെ സ്ഥാനത്തു നിന്നു മാറ്റുമെന്നും പറഞ്ഞപ്പോള്‍ അംഗീകരിച്ചു. പക്ഷേ, ഇത് ശാശ്വതമല്ല. അന്വേഷണത്തില്‍ കുറ്റക്കാരെന്നു തെളിയിച്ചാല്‍ ഇതുപോലെയായിരിക്കില്ല പ്രതികരണം ഗഗാറിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com