സംഘടനയുണ്ടാക്കിയ തൊഴിലാളികള്‍ക്ക് നേരെ പ്രതികാര നടപടി; ഋഷിരാജ് സിങിന് 10,000രൂപ പിഴ
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 07th April 2018 10:11 AM |
Last Updated: 07th April 2018 10:11 AM | A+A A- |

കൊച്ചി: ശിക്ഷാനടപടിക്ക് വിധേരായ എക്‌സൈസ് ഡ്രൈവര്‍മാരെ തിരിച്ചെടുത്ത ശേഷം സ്ഥലം മാറ്റിയ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് 10,000 രൂപ പിഴയടക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഉത്തരവിനെതിരെ റിവ്യു പെറ്റീഷന്‍ നല്‍കാന്‍ ഗവണ്‍മെന്റ് പ്ലീഡറുടെ നിയമോപദേശം തേടിയിരിക്കുകയാണ് ഋഷിരാജ് സിങ്. വകുപ്പില്‍ ഡ്രൈവര്‍മാരുടെ സംഘടനയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ രണ്ടു ഡ്രൈവര്‍മാരെ കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. 250 ഡ്രൈവര്‍മാരാണ് വകുപ്പിലുള്ളത്.
നടപടിക്കെതിരെ ഇരുവരും അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. തിരിച്ചെടുക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവായി. എന്നാല്‍ ഈ ഉത്തരവിനെതിരെ എക്‌സൈസ് വകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി ഇരുവരേയും തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചു.
തിരിച്ചെടുത്ത ശേഷം ഇവരെ കോഴിക്കോട്,വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പഴയ സ്ഥലത്ത് തന്നെ നിയമിക്കാനും 10,000രൂപ കമ്മീഷണര്‍ പിഴ ഒടുക്കാനുമായിരുന്നു ഹൈക്കോടതി വിധി.