കണ്ണൂർ, കരുണ ബില്ലിൽ ​ഗവർണറുടെ തീരുമാനം നിർണ്ണായകം ; അം​ഗീകാരം നൽകരുതെന്ന് ബിജെപി

വിവാദ ബില്ലിന് അം​ഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് ​ഗവർണറെ കാണും
കണ്ണൂർ, കരുണ ബില്ലിൽ ​ഗവർണറുടെ തീരുമാനം നിർണ്ണായകം ; അം​ഗീകാരം നൽകരുതെന്ന് ബിജെപി

തിരുവനന്തപുരം: വിവാദമായ കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജ് പ്രവേശന ബില്ലിൽ ​ഗവർണറുടെ തീരുമാനം ഉടൻ ഉണ്ടായേക്കും. ഇന്നലെ രാത്രിയോടെയാണ് ബിൽ ​ഗവർണറുടെ അനുമതിയ്ക്ക് കൈമാറിയത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെയാണ് ബിൽ ​ഗവർണറുടെ മുന്നിലെത്തുന്നത്. കണ്ണൂര്‍, കരുണ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ നിയമപരമായി നിലനില്‍ക്കുമോ എന്നകാര്യത്തില്‍ സംശയമുണ്ട് എന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ വിയോജനക്കുറിപ്പ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ​ഗവർണറുടെ തീരുമാനം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളവും സർക്കാരും. 

ഈ വിഷയത്തിലെ ഓര്‍ഡിനന്‍സില്‍ രാജീവ് സദാനന്ദന്‍ തുടക്കത്തില്‍ വിയോജനക്കുറിപ്പെഴുതിയിരുന്നു. മികച്ച റാങ്കുള്ളവര്‍ക്കുമാത്രം പ്രവേശനം നല്‍കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗവര്‍ണര്‍ക്ക് ബില്‍ അപ്പാടെ അംഗീകരിക്കുകയോ സര്‍ക്കാരിനോട് വിശദീകരണം തേടുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാം. ​ഗവർണർ വിശദീകരണം ആരായുകയാണെങ്കില്‍ അതുസഹിതം ബില്‍ വീണ്ടും സമര്‍പ്പിക്കാനാണ് തീരുമാനം. 

രണ്ടാമതും സമര്‍പ്പിച്ചാല്‍ സാധാരണഗതിയില്‍ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കുകയാണ് പതിവ്. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ പ്രവേശനം സാധുവാക്കുന്ന നിയമം പ്രാബല്യത്തിലാകും. അതേസമയം ​ഗവർണർ അം​ഗീകാരം നൽകിയാലും സുപ്രീംകോടതിക്ക് ബില്‍ അസാധുവാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാവും. ഇക്കാര്യം സർക്കാരിനെ അലട്ടുന്നുണ്ട്. 

അതിനിടെ വിവാദ ബില്ലിന് അം​ഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് ​ഗവർണറെ കാണുന്നുണ്ട്. തിരക്കിട്ട് ബിൽ പാസാക്കിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന് ബിജെപി നേതാക്കൾ ​ഗവർണറെ അറിയിക്കും. ഒമ്പതാം തീയതി മുതൽ ഒരാഴ്ച ഗവർണ്ണർ ചികിത്സയ്ക്കായി ചെന്നൈക്ക് പോകും. അതിന് മുൻപ് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com