ദലിത് ഹര്‍ത്താല്‍: വ്യാപക വഴിതടയല്‍; കല്ലേറ്; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു

പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമം ലഘൂകരിച്ച സുപ്രീംകോടതി നടപടിക്കെതിരെ വിവിധ ദലിത് സംഘടനകള്‍ ആഹ്വാന ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ വ്യാപക സംഘര്‍ഷം
ദലിത് ഹര്‍ത്താല്‍: വ്യാപക വഴിതടയല്‍; കല്ലേറ്; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു

തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമം ലഘൂകരിച്ച സുപ്രീംകോടതി നടപടിക്കെതിരെ വിവിധ ദലിത് സംഘടനകള്‍ ആഹ്വാന ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ വ്യാപക സംഘര്‍ഷം. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുകയാണ്. 

ആലപ്പുഴയില്‍ ഹര്‍ത്താലിനിടെ വാഹനം തടയാന്‍ ശ്രമിച്ച പതിനൊന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തരപുരം തമ്പാനൂരില്‍ റോഡ് ഉപരോധിക്കുന്നു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു.കണ്ണൂരിലും വാഹനങ്ങള്‍ തടയുന്നതായി വിവരങ്ങള്‍ ലഭിക്കുന്നു.

കൊച്ചിയില്‍ ആദിവാസി ഗോത്രമഹസാസഭ നേതാവ് ഗീതാനന്ദനെ പൊസീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. സി.എസ് മുരളി,വി.സി ജെന്നി എന്നീ നേതാക്കളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ വലപ്പാട് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു.ഡ്രൈവര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരത്ത് ദലിത് ഐക്യവേദി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. കോട്ടയത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

കൊല്ലത്ത് സര്‍വീസ് നടത്താനൊരുങ്ങിയ കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. പാലക്കാടും നിലമ്പൂരും ബസ് തടഞ്ഞവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി. ഇതിനെത്തുടര്‍ന്ന് സ്ഥലത്ത് യാത്രക്കാര്‍ പ്രതിഷേധത്തിലാണ്. കൊല്ലം ചിന്നക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാത ഉപരോധിക്കുകയാണ്.

തിരുവനന്തപുരം ചാലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിച്ചത് തര്‍ക്കത്തിന് ഇടയായി. മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കോഴിക്കോട് മുക്കത്തും വാഹനങ്ങള്‍ തടയുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com