തന്റെ വീട് ആക്രമിച്ചതില്‍ ശ്രീജിത്തിന് പങ്കില്ല,ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടുമില്ല; വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മകന്‍

ശ്രീജിത്തുമായി ഒരു വാക്കുതര്‍ക്കം പോലും ഉണ്ടായിട്ടില്ലെന്നും ബിനിഷ് വെളിപ്പെടുത്തി
തന്റെ വീട് ആക്രമിച്ചതില്‍ ശ്രീജിത്തിന് പങ്കില്ല,ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടുമില്ല; വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മകന്‍

കൊച്ചി: പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അക്രമി സംഘത്തിന്റെ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്‍ ബിനിഷാണ് ശ്രീജിത്തിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്. തന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ല. ശ്രീജിത്തിന്റെ പേര് പൊലീസുകാരോട് പറഞ്ഞിട്ടില്ല.ശ്രീജിത്തുമായി ഒരു വാക്കുതര്‍ക്കം പോലും ഉണ്ടായിട്ടില്ലെന്നും ബിനിഷ് വെളിപ്പെടുത്തി. 

ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്ന് അയല്‍വാസിയായ സന്തോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ടത് സജിത്ത് എന്ന ആളായിരുന്നു. ഇയാള്‍ക്ക് പകരം ശ്രീജിത്തിനെ പൊലീസ് പിടികൂടുകയായിരുന്നുവെന്നും സന്തോഷ് വെളിപ്പെടുത്തി.
ഇതിന് പിന്നാലെയാണ് പൊലീസിനെ വെട്ടിലാക്കി ബിനിഷിന്റെ വെളിപ്പെടുത്തലും പുറത്തുവന്നത്. ഇതോടെ പൊലീസ് നടപടിയുടെ വിശ്വാസ്യത വീണ്ടും ചോദ്യചെയ്യപ്പെടുകയാണ്. 

പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ ഉദരത്തില്‍ മാരക മുറിവുണ്ടായിരുന്നുവെന്ന് സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ രേഖകള്‍ പുറത്തുവന്നു. ശ്രീജിത്തിന്റെ ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു. ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ശനിയാഴ്ച പുലര്‍ച്ചയോടെ ആശുപത്രിയിലെത്തിച്ച ശ്രീജിത്തിന്റെആന്തരികാവയവങ്ങള്‍ക്ക് കഠിനമായ ക്ഷതമേറ്റിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഞായറാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്.അടിവയറ്റിലെ ക്ഷതം ആരോഗ്യനില വഷളാക്കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ശ്രീജിത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയായിരുന്നുവെന്നും ചികില്‍സാ രേഖകള്‍ വ്യക്തമാക്കുന്നു. ആന്തരികാവയങ്ങള്‍ക്ക് കഠിനമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന ആശുപത്രി റിപ്പോര്‍ട്ട്, ഇയാള്‍ക്ക് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന വാദത്തെ ബലപ്പെടുത്തുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും, വയറ്റില്‍ ചവിട്ടിയെന്നും അമ്മയും മറ്റ് ബന്ധുക്കളും ആരോപിച്ചിരുന്നു. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com