വരാപ്പുഴ കസ്റ്റഡി മരണം: മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.
വരാപ്പുഴ കസ്റ്റഡി മരണം: മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐക്കെതിരെ തല്‍ക്കാലം നടപടിയില്ല.  ശ്രീജിത്ത് തന്റെ അച്ഛനെ മര്‍ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ലെന്ന് വാസുദേവന്റെ മകന്‍ വിനീഷ് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരായ നടപടി. 

അതേസമയം ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വരാപ്പുഴയില്‍ എത്തിച്ചത്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഉപരോധിച്ചത്. ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

ശ്രീജിത്തിന് മര്‍ദനേറ്റിട്ടുണ്ട് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങള്‍ക്ക് മുറിവേറ്റതായും കണ്ടെത്തി. മുറിവുകള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.നേരത്തെ ശ്രീജിത്തിന്റെ ഉദരത്തില്‍ മാരക മുറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ രേഖകള്‍ പുറത്തുവന്നിരുന്നു. ശ്രീജിത്തിന്റെ ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു. ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് സമാനമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

ശനിയാഴ്ച പുലര്‍ച്ചയോടെ ആശുപത്രിയിലെത്തിച്ച ശ്രീജിത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് കഠിനമായ ക്ഷതമേറ്റിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഞായറാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്.അടിവയറ്റിലെ ക്ഷതം ആരോഗ്യനില വഷളാക്കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ശ്രീജിത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയായിരുന്നുവെന്നും ചികില്‍സാ രേഖകള്‍ വ്യക്തമാക്കുന്നു. ആന്തരികാവയങ്ങള്‍ക്ക് കഠിനമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന ആശുപത്രി റിപ്പോര്‍ട്ട്, ഇയാള്‍ക്ക് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന വാദത്തെ ബലപ്പെടുത്തുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും, വയറ്റില്‍ ചവിട്ടിയെന്നും അമ്മയും മറ്റ് ബന്ധുക്കളും ആരോപിച്ചിരുന്നു. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com