വിടി ബല്‍റാമിന്റെ കാര്‍ കയ്യില്‍ തട്ടിയെന്ന് പൊലീസുകാരന്‍ ; എംഎല്‍എയുടെ ഡ്രൈവര്‍ക്കെതിരെ കേസ്

വിടി ബല്‍റാമിന്റെ കാര്‍ കയ്യില്‍ തട്ടിയെന്ന് പൊലീസുകാരന്‍ ; എംഎല്‍എയുടെ ഡ്രൈവര്‍ക്കെതിരെ കേസ്

പരുക്കേറ്റ പൊലീസുകാരന്‍ ചികില്‍സയിലാണെന്നും, ഇദ്ദേഹത്തെ വാഹനം തട്ടിയപ്പോഴാണ് കണ്ണാടി തകര്‍ന്നതെന്നും പൊലീസ്

പാലക്കാട് : വിടി ബല്‍റാം എംഎല്‍എക്കെതിരായ സിപിഎം പ്രതിഷേധത്തിനിടെ, അദ്ദേഹത്തിന്റെ കാര്‍ തന്റെ കയ്യില്‍ തട്ടിയെന്ന് പൊലീസുകാരന്‍. പൊലീസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പരുക്കേറ്റ പൊലീസുകാരന്‍ ചികില്‍സയിലാണെന്നും, ഇദ്ദേഹത്തെ വാഹനം തട്ടിയപ്പോഴാണ് കണ്ണാടി തകര്‍ന്നതെന്നും പൊലീസ് പറയുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ രാജേഷിന്റെ കൈക്കാണ് പരുക്കേറ്റത്. 

തൃത്താല കൂടല്ലൂരിന് സമീപം കൂട്ടക്കടവില്‍ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധന വിതരണ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ബല്‍റാം. കൂടല്ലൂര്‍ എജെബി സ്‌കൂളിന് ഏതാനും മീറ്റര്‍ അകലെ ബല്‍റാമിന്റെ വാഹനം എത്തിയപ്പോള്‍ റോഡിന്റെ ഇടതുവശത്ത് നിന്ന സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി കുതിക്കുകയായിരുന്നു. 

എംഎല്‍എയുടെ കാര്‍ പ്രതിഷേധക്കാരെ മറികടന്ന് മുന്നോട്ടുപോകുന്നതിനിടെ ഇടതുവശത്തെ കണ്ണാടി പൊട്ടി റോഡില്‍ വീഴുകയായിരുന്നു. സ്ഥലത്തെത്തിയ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റിപ്പുറം-തൃത്താല റോഡ് ഉപരോധിക്കുകയും, പ്രതിഷേധമാര്‍ച്ച് നടത്തുകയും ചെയ്തു. എകെജിക്കെതിരായ വിവാദപരാമര്‍ശത്തെ തുടര്‍ന്നാണ് ബല്‍റാമിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധം തുടരുന്നത്. 

അതേസമയം സിപിഎം പ്രവര്‍ത്തകര്‍ തന്റെ വാഹനം ആക്രമിച്ചെന്നും, പൊലീസുകാരനെ കാറിന് മുന്നിലേക്ക് തള്ളിയിട്ടതായും ബല്‍റാം സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com