സ്വാശ്രയ കോളജുകള്‍ക്കെതിരെ വീണ്ടും സുപ്രീംകോടതി; പണം വാങ്ങി തോന്നിയതുപോലെ പ്രവേശനം നല്‍കുന്നത് അര്‍ഹര്‍ പുറത്തു നില്‍ക്കുമ്പോള്‍ 

സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശമം
സ്വാശ്രയ കോളജുകള്‍ക്കെതിരെ വീണ്ടും സുപ്രീംകോടതി; പണം വാങ്ങി തോന്നിയതുപോലെ പ്രവേശനം നല്‍കുന്നത് അര്‍ഹര്‍ പുറത്തു നില്‍ക്കുമ്പോള്‍ 

ന്യൂഡല്‍ഹി: സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശമം. പണം വാങ്ങി തോന്നിയതുപോലെ പ്രവേശനം നല്‍കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള മലബാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പുറത്തുനില്‍ക്കുമ്പോഴാണ് പണം വാങ്ങി മാനേജ്‌മെന്റുകള്‍ അനര്‍ഹര്‍ക്ക് പ്രവേശനം നല്‍കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ഉച്ചയ്ക്ക് രണ്ടുമണിയിലേക്ക് മാറ്റി. 

കോടതിയെ സമീപിച്ച ഒമ്പതുപേരില്‍ അഞ്ചുപേരും പരീക്ഷയില്‍ തോറ്റവരാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തോറ്റ വിഷയങ്ങള്‍ പിന്നീട് എഴുതിയെടുക്കാം എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ മറുപടി.  

വിദ്യാര്‍ഥികളുടെ ഹര്‍ജി തള്ളിക്കളയണമെന്ന് പ്രവേശന മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. 2016-17 അധ്യയന വര്‍ഷം മാനേജ്‌മെന്റ് ക്വോട്ടയില്‍ 78 വിദ്യാര്‍ഥികള്‍ക്കും എന്‍ആര്‍ഐ ക്വോട്ടയില്‍ എട്ടു വിദ്യാര്‍ഥികള്‍ക്കുമാണ് കോളജ് പ്രവേശനം നല്‍കിയത്. നീറ്റ് റാങ്ക് പരിഗണിക്കാതെ സ്‌പോട്ട് അഡ്മിഷനിലൂടെ നല്‍കിയ പ്രവേശനം മേല്‍നോട്ട സമിതി തടഞ്ഞു. പിന്നീട് 74 പേരുടെ പ്രവേശനം അംഗീകരിച്ച മേല്‍നോട്ട സമിതി, മാനേജ്‌മെന്റ് ക്വോട്ടയില്‍ നാലു പേരുടെയും എന്‍ആര്‍ഐ ക്വോട്ടയില്‍ ആറു പേരുടെയും പ്രവേശനം റദ്ദാക്കി. 

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷിച്ചവരുടെ പട്ടികയില്‍ ഈ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നില്ലെന്നായിരുന്നു കണ്ടെത്തല്‍. അപേക്ഷിക്കാനുള്ള അവസാന തീയതിയായ 2016 സെപ്റ്റംബര്‍ ഏഴിനു ശേഷമാണു 10 വിദ്യാര്‍ഥികളും അപേക്ഷിച്ചതെന്ന് കോളജ് ഹൈക്കോടതിയില്‍ സമ്മതിച്ചിരുന്നു.

പത്തു പേരില്‍ ഒന്നാമത്തെയാള്‍ക്ക് 26,886 റാങ്കും പത്താമത്തെയാള്‍ക്ക് 3,53,937 റാങ്കുമാണുള്ളത്. എന്തുകൊണ്ട് ഈ വിദ്യാര്‍ഥികളെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നു റാങ്ക് പട്ടികയില്‍ നിന്നു വ്യക്തമാണെന്ന് സമിതിക്കുവേണ്ടി സി.കെ.ശശി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com