'ഇങ്ങോട്ടുതന്നെയാണ് തിരിച്ചു വരേണ്ടതെന്ന് മറക്കേണ്ട' ;  സജിത്തിന് പൊലീസിന്റെ ഭീഷണി

മാധ്യമപ്രവർത്തകർക്ക് മുമ്പിൽ എന്തെങ്കിലുമൊക്കെ പറഞ്ഞാൽ ഇങ്ങോട്ടുതന്നെ വരണമെന്ന കാര്യം മറക്കണ്ട എന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായി സജിത്ത്
'ഇങ്ങോട്ടുതന്നെയാണ് തിരിച്ചു വരേണ്ടതെന്ന് മറക്കേണ്ട' ;  സജിത്തിന് പൊലീസിന്റെ ഭീഷണി

കൊച്ചി : എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞാല്‍ ഇങ്ങോട്ടുതന്നെയാണ് തിരിച്ചു വരേണ്ടതെന്ന് മറക്കേണ്ടെന്ന് മരിച്ച ശ്രീജിത്തിന്റെ സഹോദരൻ സജിത്തിന് വരാപ്പുഴ പൊലീസിന്റെ ഭീഷണി. മാധ്യമപ്രവർത്തകർക്ക് മുമ്പിൽ പോയി എന്തെങ്കിലും വിളിച്ചുപറയരുത്. എന്തെങ്കിലുമൊക്കെ പറഞ്ഞാൽ ഇങ്ങോട്ടുതന്നെ വരണമെന്ന കാര്യം മറക്കണ്ട എന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായി സജിത്ത് വെളിപ്പെടുത്തി. 

​ഗൃഹനാഥൻ വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശ്രീജിത്തിനൊപ്പം സജിത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീജിത്തിനെയും തന്നെയും പൊലീസ് ക്രൂരമായി മർദിച്ചെന്ന് സജിത്ത് വെളിപ്പെടുത്തിയിരുന്നു. വയറ്റിൽ ബൂട്ടിട്ട് ചവിട്ടിയെന്നും, ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് കരഞ്ഞപ്പോൾ, വരാപ്പുഴ എസ്ഐയും പൊലീസുകാരും സമ്മതിച്ചില്ലെന്നും സജിത്ത് വെളിപ്പെടുത്തിയിരുന്നു. 

ശ്രീജിത്തിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്‍ സജിത്തിന് കോടതി രണ്ടുദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. ശ്രീജിത്തിന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് സജിത്തിന് ജാമ്യം അനുവദിച്ചത്.   ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സജിത്തിന് ചൊവ്വാഴ്ച വൈകീട്ടാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ 11-ന് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. 

ശ്രീജിത്തിനെ പൊലീസുകാർ കോളറില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ചാണ് വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോയത്. തൊട്ടടുത്ത ജങ്ഷന്‍ എത്തുന്നതുവരെ മര്‍ദിച്ചു. തുടര്‍ന്ന് വണ്ടിയില്‍ കയറ്റുന്നതിനുമുമ്പ് അടിച്ചപ്പോള്‍ ശ്രീജിത്ത് നിലത്തുവീണു. അപ്പോള്‍ പോലീസ് ശ്രീജിത്തിന്റെ വയറിന് ചവിട്ടിയതായും സജിത്ത് പറയുന്നു. 

വയര്‍ പൊത്തിപ്പിടിച്ച് അസഹ്യമായ വേദനയോടെ ശ്രീജിത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ ശരിയാക്കിത്തരാമെന്നാണ് പോലീസ് പറഞ്ഞത്. തുടര്‍ന്ന് നിലത്തുകിടന്നിരുന്ന ശ്രീജിത്തിനെ കാലുകൊണ്ട് തട്ടി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീണ്ടും നിലത്തേക്ക് വീണുപോയി.തീര്‍ത്തും അവശനിലയിലായപ്പോള്‍മാത്രമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതേ കേസില്‍ കസ്റ്റഡിയില്‍ എടുത്ത മറ്റുള്ളവരെയും പോലീസ് മൃഗീയമായി മര്‍ദിച്ചു. അടിയേറ്റ ഒരാളുടെ പല്ല് ഇളകി. മറ്റൊരാളുടെ ചുണ്ടിനാണ് പരിക്കെന്നും സജിത്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com