കത് വ ബലാത്സംഗം: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ പിണറായിക്കെതിരെ പരാതിയുമായി കുമ്മനം

കശ്മീരില്‍ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയെന്നാരോപിച്ചാണ് മുഖ്യമന്ത്രിക്കെതിരെ കുമ്മനം ഡിജിപിക്ക് പരാതി നല്‍കിയത്‌ 
കത് വ ബലാത്സംഗം: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ പിണറായിക്കെതിരെ പരാതിയുമായി കുമ്മനം


തിരുവനന്തപുരം: കത് വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം 8 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനെതിരെ കുമ്മനം ഡിജിപിക്ക് പരാതി നല്‍കി. കശ്മീരില്‍ ഉണ്ടായത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് കുമ്മനം പറഞ്ഞു.

ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. ഇത്തരം കേസുകളില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്. ഇത് ഇരയെ അപമാനിക്കലാണ്. ഈ നിയമത്തെപ്പറ്റിയുള്ള അജ്ഞത മൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തത്. സംഭവത്തിന് വര്‍ഗ്ഗീയനിറം നല്‍കാന്‍ ശ്രമിച്ചതിലൂടെ ഇത് മന:പൂര്‍വ്വമാണെന്നും വ്യക്തമായി.  മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരളാ പൊലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിഞ്ചു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മനുഷ്യത്വമുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്ന സംഭവമല്ല അവിടെ നടന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ നടപടികളാണ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സഹായിച്ചത്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത കശ്മീര്‍ സര്‍ക്കാരിന്റെ നിലപാട് മാതൃകാപരമാണ്.

സംഭവത്തില്‍ പ്രതികളെ പിടിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ കശ്മിരിലെ ബിജെപിയുടെ രണ്ട് മന്ത്രിമാര്‍ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ ഏറെ വൈകിയാണ് ബിജെപി നേതാക്കളുടെ പ്രതികരണം ഉണ്ടായത്. ഇപ്പോഴും പ്രധാനമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിക്കന്നതിനെതിരെ പ്രതിഷേധം ശക്തമാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com