ശ്രീജിത്തിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമല്ലെന്ന പൊലീസ് വാദം പൊളിയുന്നു ; ശരീരത്തിലെ മുറിവുകളുടെ പഴക്കം മൂന്നുദിവസം വരെ മാത്രം

ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ലെന്നും, വാസുദേവന്റെ വാസുദേവന്റെ വീട്ടില്‍വെച്ച് വെള്ളിയാഴ്ച ഉണ്ടായ സംഘര്‍ഷത്തിലാണ് പരുക്കേറ്റതെന്നുമായിരുന്നു പൊലീസിന്റെ വാദം
ശ്രീജിത്തിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമല്ലെന്ന പൊലീസ് വാദം പൊളിയുന്നു ; ശരീരത്തിലെ മുറിവുകളുടെ പഴക്കം മൂന്നുദിവസം വരെ മാത്രം

കൊച്ചി : കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് വാദം പൊളിയുന്നു. ഡോക്ടര്‍മാരുടെ മൊഴിയാണ് പൊലീസ് വാദത്തിന് തിരിച്ചടിയായത്. ശ്രീജിത്തിനു മര്‍ദനമേറ്റത് അയാളെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 

ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിനു മുന്‍പുള്ള മൂന്നുദിവസത്തിനുള്ളിലാണ്. കുടലിനേറ്റ മാരക പരുക്കുമായി ചികില്‍സയില്ലാതെ ഏറെനേരം നില്‍ക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്നും, ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടില്‍വെച്ച് വെള്ളിയാഴ്ച ഉണ്ടായ സംഘര്‍ഷത്തിലാണ് പരുക്കേറ്റതെന്നുമായിരുന്നു പൊലീസിന്റെ വാദം. 

അതിനിടെ ശ്രീജിത്തിനു മര്‍ദനമേറ്റത് വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. തങ്ങള്‍ ശ്രീജിത്തിനെ പിടികൂടി കൈമാറുമ്പോള്‍ ശ്രീജിത്തിന് അവശതയോ ദേഹത്തു പരുക്കോ ഉണ്ടായിരുന്നില്ലെന്ന് റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ പൊലീസുകാര്‍ പ്രത്യേക അന്വേഷണസംഘത്തിനു മൊഴിനല്‍കിയിട്ടുണ്ട്. റൂറല്‍ എസ്പി എ.വി.ജോര്‍ജിന്റെയും വടക്കന്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന്റെയും നിര്‍ദേശപ്രകാരമാണ് പ്രതികളെ പിടികൂടിയത്. മഫ്തിയില്‍ പോകാന്‍ നിര്‍ദേശിച്ചതും മേലുദ്യോഗസ്ഥരാണ്. ശ്രീജിത്തിനെയും സജിത്തിനെയും പിടികൂടി റോഡിലെത്തിച്ചു മുനമ്പം പൊലീസിനു കൈമാറിയെന്നും ഇവരുടെ മൊഴിയില്‍ പറഞ്ഞിരുന്നു.

ദേഹത്തു 18 പരുക്ക്, ചെറുകുടല്‍ മുറിഞ്ഞു വിട്ടുപോകാറായ നിലയില്‍, ദേഹമാകെ ചതവ്, അടിവയറ്റില്‍ ശക്തിയായ ക്ഷതം, ജനനേന്ദ്രിയത്തില്‍ പരുക്ക് തുടങ്ങിയവയാണ് ശ്രീജിത്തിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്യായമായി കസ്റ്റഡിയില്‍ വെച്ചുവെന്ന വകുപ്പുകൂടി എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com