175 രൂപ അംഗത്വഫീസ് അടച്ചില്ല; 95 കാരിയുടെ മൃതദേഹം കബറടക്കാന്‍ വിസമ്മതിച്ച് കൊല്ലം തട്ടാമല ജുമുഅത്ത് പള്ളി

പ്രതിമാസം 175 രൂപയാണ് കമ്മിറ്റിയുടെ അംഗത്വ ഫീസ്. കഴിഞ്ഞ മാസം വരെ ഈ ഫീസ് അടച്ചതിന്റെ റസീറ്റ് ഖദീജ ബീവിയുടെ മക്കള്‍ കമ്മറ്റിയെ കാണിച്ചെങ്കിലും ഖബറടക്കാന്‍ അനുമതി നല്‍കിയില്ലെന്നാണ് മക്കള്‍ ആരോപിക്കുന്നത
175 രൂപ അംഗത്വഫീസ് അടച്ചില്ല; 95 കാരിയുടെ മൃതദേഹം കബറടക്കാന്‍ വിസമ്മതിച്ച് കൊല്ലം തട്ടാമല ജുമുഅത്ത് പള്ളി

കൊല്ലം: പള്ളിക്കമ്മറ്റി അംഗത്വി ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ 95 കാരിയുടെ മൃതദേഹം ഖബറടക്കാന്‍ വിസമ്മതിച്ച് പള്ളി കമ്മറ്റി. കൊല്ലം തട്ടാമല ജുമുഅത്ത് പള്ളിയിലാണ് സംഭവം. ആറ് വര്‍ഷത്തോളം കിടപ്പിലായിരുന്ന ഖദീജ ബീവി എന്ന സ്ത്രീയുടെ മൃതദേഹത്തിനോടാണ് പള്ളിക്കമ്മറ്റി അനാദരവ് കാട്ടിയത്

ഫെബ്രുവരി 10നാണ് ഖദീജ ബീവി മരിച്ചത്. തന്നെ തട്ടാമല പള്ളിയില്‍ ഖബറടക്കണമെന്നായിരുന്നു ഇവര്‍ മക്കളോട് പറഞ്ഞിരുന്നത്. ജീവിതം മുഴുവന്‍ പള്ളിയിലെ കാര്യങ്ങള്‍ നോക്കി നടന്നിരുന്ന ഇവര്‍ മരിച്ചപ്പോള്‍ ഖദീജ ബീവി അംഗത്വ ഫീസ് അടച്ചിട്ടില്ലെന്നും ഇവരെ ഇവിടെ ഖബറടക്കാന്‍ സമ്മതിക്കില്ലെന്നുമാണ് കമ്മിറ്റിയുടെ കടുംപിടുത്തം.

പ്രതിമാസം 175 രൂപയാണ് കമ്മിറ്റിയുടെ അംഗത്വ ഫീസ്. കഴിഞ്ഞ മാസം വരെ ഈ ഫീസ് അടച്ചതിന്റെ റസീറ്റ് ഖദീജ ബീവിയുടെ മക്കള്‍ കമ്മറ്റിയെ കാണിച്ചെങ്കിലും ഖബറടക്കാന്‍ അനുമതി നല്‍കിയില്ലെന്നാണ് മക്കള്‍ ആരോപിക്കുന്നത്. ഖദീജ ബീവിയെ നേരത്തെ ഉപേക്ഷിച്ച് പോയ ഭര്‍ത്താവിന്റെ കൂടെ ഖബറടക്കാനാണ് പള്ളിക്കമ്മറ്റി മക്കളോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് തങ്ങളുടെ മാതാവിന്റെ മൃതദേഹത്തെ അപമാനിച്ച് പള്ളിക്കമ്മറ്റിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഖദീജ ബീവിയുടെ മക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

ഖദീജ ബീവി മരണപ്പെട്ട ദിവസം പത്ത് മണിയോടെ ഖബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ബന്ധുക്കളും മറ്റും പള്ളിയിലെത്തുകയും ചെയ്‌തെങ്കിലും മൃതദേഹം ഖബറടക്കാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പള്ളിക്കമ്മറ്റി. റസീറ്റ് വ്യാജമാണെന്നും കമ്മറ്റി പറഞ്ഞതായി മക്കള്‍ ആരോപിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വനിതാകമ്മീഷന്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ എ ശ്രീനിവാസിന് നിര്‍ദേശം നല്‍കി. വഖഫ് ബോര്‍ഡ് തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസറിനോടും ഇക്കാര്യത്തില്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷമാകും ഇക്കാര്യത്തില്‍ നടപടിയെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com