റബ്ബര്‍ചെരിപ്പുമിട്ട് ചവിട്ടിയാല്‍ ബൂട്ടിന് ചവിട്ടിയത് പോലെ പരിക്കുണ്ടാകുന്നത് എങ്ങിനെ? മര്‍ദ്ദിച്ചത് ആരെന്നതില്‍ വ്യക്തതയില്ലാതെ അന്വേഷണ സംഘം

കൈലിമുണ്ടും റബ്ബര്‍ ചെരുപ്പുമിട്ട് മഫ്ടിയിലെത്തിയ പൊലീസുകാര്‍ ബൂട്ടിട്ട് ചവിട്ടിയതെന്നത് പോലെ പരിക്കേല്‍ക്കുന്നത് എങ്ങിനെയെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്
റബ്ബര്‍ചെരിപ്പുമിട്ട് ചവിട്ടിയാല്‍ ബൂട്ടിന് ചവിട്ടിയത് പോലെ പരിക്കുണ്ടാകുന്നത് എങ്ങിനെ? മര്‍ദ്ദിച്ചത് ആരെന്നതില്‍ വ്യക്തതയില്ലാതെ അന്വേഷണ സംഘം

വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ സങ്കീര്‍ണതയിലേക്ക. മൊഴികളിലെ വൈരുദ്ധ്യവും, ലോക്കല്‍ പൊലീസും ടൈഗര്‍ ഫോഴ്‌സും തമ്മിലുള്ള പരസ്പര പഴിചാരലുമാണ് അന്വേഷണത്തെ സങ്കീര്‍ണമാക്കുന്നത്. 

ശ്രീജിത്തിന് മര്‍ദ്ദനമേറ്റതില്‍ പൊലീസിന്റെ ഭാഗത്തുള്ള പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ടെങ്കിലും ആരാണ് മര്‍ദ്ദിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. മഫ്ടിയിലെത്തിയ പൊലീസുകാരാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതെന്നാണ് സഹോദരന്‍ സജിത്ത് മൊഴി നല്‍കിയിരിക്കുന്നത്. പിടികൂടി മിനിറ്റുകള്‍ക്കകം ശ്രീജിത്തിനെ ടൈഗര്‍ ഫോഴ്‌സ് ലോക്കല്‍ പൊലീസിന് കൈമാറിയെന്നും പറയുന്നു. 

എന്നാല്‍ ടൈഗര്‍ ഫോഴ്‌സിന്റെ ഭാഗത്ത് നിന്നുമാണ് ശ്രീജിത്തിന് മര്‍ദ്ദനം ഏറ്റിരിക്കുന്നത് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് വരാപ്പുഴ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കൈലിമുണ്ടും റബ്ബര്‍ ചെരുപ്പുമിട്ട് മഫ്ടിയിലെത്തിയ പൊലീസുകാര്‍ ബൂട്ടിട്ട് ചവിട്ടിയതെന്നത് പോലെ പരിക്കേല്‍ക്കുന്നത് എങ്ങിനെയെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. 

കസ്റ്റഡിയില്‍ എടുക്കുന്ന സമയമോ, വരാപ്പുഴ സ്റ്റേഷനിലോ, മുനമ്പം സ്റ്റേഷനിലോ വെച്ചുമാകാം ശ്രീജിത്ത് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ശ്രീജിത്തിന് മര്‍ദ്ദനമേറ്റതിന്റെ ഉത്തരവാദിത്വം ടൈഗര്‍ ഫോഴ്‌സിലുണ്ടായിരുന്നവര്‍ക്കാണ് എന്ന് അന്വേഷണ സംഘക്കെ ബോധ്യപ്പെടുത്താന്‍ ശ്രീജിത്തിനെ കൊണ്ടുപോകുന്നതില്‍ ദൃക്‌സാക്ഷിയായ അമ്മയേയും  സഹോദരനേയും അന്വേഷണ സംഘത്തിന് മുന്‍പില്‍ കൊണ്ടുവരാനും വരാപ്പുഴ പൊലീസിന്റെ ഭാഗത്ത് നിന്നും നീക്കം നടക്കുന്നുണ്ട്. 

ഏപ്രില്‍ ആറിന് വൈകീട്ട് 6നും പതിനൊന്നിനും ഇടയിലാണ് കേസിലെ പത്ത് പ്രതികളില്‍എട്ട പേരേയും പിടികൂടിയത്. പ്രതികളെ പിടികൂടിയതിന് പിന്നാലെ നാട്ടുകാരില്‍ ചിലര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെങ്കില്‍ അവിടെ എത്തിയവര്‍ക്ക് അറിയാന്‍ സാധിക്കുമെന്നും പൊലീസ് പറയുന്നു. 

അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പൊലീസുകാരെ ചോദ്യം ചെയ്യും. പറവൂര്‍ സിഐ ക്രിസ്പിന്‍, വരാപ്പുള എസ്‌ഐ ദീപക് ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളേയും വീണ്ടും ചോദ്യം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com