എന്റെ ആശയങ്ങളും കലയും ഒരു മതതീവ്രവാദിക്ക് മുന്നിലും അടിയറവ് വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല; സംഘപരിവാര്‍ ആക്രമണത്തിനെതിരെ ദുര്‍ഗ മാലതി 

 കലയെ പേടിക്കുന്നവര്‍,ആശയങ്ങളെ പേടിക്കുന്നുവര്‍ ചിലച്ചുകൊണ്ടേയിരിക്കട്ടേ, മുന്നോട്ടുപോകുകതന്നെ ചെയ്യും 
എന്റെ ആശയങ്ങളും കലയും ഒരു മതതീവ്രവാദിക്ക് മുന്നിലും അടിയറവ് വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല; സംഘപരിവാര്‍ ആക്രമണത്തിനെതിരെ ദുര്‍ഗ മാലതി 

മ്മു കശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരിയെ മൃഗീയമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരെ പ്രതിഷേധ ചിത്രം വരച്ചതിനെത്തുടര്‍ന്നുള്ള സംഘപരിവാര്‍ ആക്രമണത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ചിത്രകാരി ദുര്‍ഗ മാലതി. ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍ എന്ന പേരിലുള്ള ദുര്‍ഗയുടെ ചിത്രത്തിന് എതിരെയാണ് സംഘപരിവാര്‍ വ്യാപക ആക്രമണം നടത്തുന്നത്. ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും നിരവധി ബലാത്സംഗ, കൊലപാതക ഭീഷണികളാണ് ദുര്‍ഗയ്ക്ക് ലഭിക്കുന്നത്. 

മതത്തെക്കുറിച്ചല്ല, പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ പറ്റിയാണ് ചിത്രങ്ങളിലൂടെ സംവദിക്കാന്‍ ശ്രമിച്ചതെന്ന് ദുര്‍ഗ പറയുന്നു. ലിംഗം കൊണ്ട് ചിന്തിക്കുകയും ലിംഗം കൊണ്ട് രാഷ്ട്രീയം പറയുകയും ചെയ്യുന്നതുകൊണ്ടാണ് ഒരു കുട്ടിയെ ക്ഷേത്രത്തിനകത്തുവച്ച് പീഡിപ്പിച്ചത്. ശരിക്കും ഇത് ചെയ്തവരും ഇതിനെ ന്യായീകരിക്കുന്നവരുമാണ് മതത്തേയും മത ചിഹ്നങ്ങളെയും ആക്ഷേപിക്കുന്നത്- ദുര്‍ഗ പറയുന്നു. 

പ്രതിഷേധ സൂചകമായി രണ്ടു ചിത്രങ്ങളാണ് ദുര്‍ഗ വരച്ചത്. ആദ്യത്തേതില്‍ ബിജെപിയുടതിന് സമാനമായ കൊടി വരച്ചു ചേര്‍ത്തിരുന്നു. രണ്ടാമത്തേതില്‍ ത്രിശൂലവും. ഇത് ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദു ചിഹ്നങ്ങളെ അവഹേളിച്ചുവെന്നുമാണ് സംഘപരിവാര്‍ പറയുന്നത്. എന്നാല്‍ ബിജെപിയുടെ കൊടി എന്നാണ് ഹിന്ദു മതത്തിന്റെ ചിഹ്നമായത് എന്നാണ് ദുര്‍ഗ തിരിച്ചു ചോദിക്കുന്നത്. 

ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍,ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍,ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍,അവരുടേതും കൂടിയാണു ഭാരതം..ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും എന്ന ക്യാപ്ഷനോടെയാണ് ദുര്‍ഗ ആദ്യ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളികള്‍ മാത്രമല്ല, ഇതര സംസ്ഥാന സംഘപരിവാറുകാരും ദുര്‍ഗക്കെതിരെ കൊലവിളിയുമായി രംഗത്ത് വന്നിട്ടുണ്ട്. 

ദുര്‍ഗ വരച്ച ചിത്രം

ദുര്‍ഗ വരച്ച ചിത്രം
 

ആദ്യമായല്ല ദുര്‍ഗയ്ക്ക് നേരെ സംഘപരിവാര്‍ ആക്രമണം നടക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദുര്‍ഗ വരച്ച ചിത്രത്തിന് എതിരെയും സംഘപരിവാര്‍ വ്യാപക ആക്രമണം നടത്തിയിരുന്നു. 

ഓലപാമ്പുകാട്ടി പേടിപ്പിക്കേണ്ടെന്നും അക്ഷരമറിയാത്തവരുടെ ഭീഷണികള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കില്ലെന്നും ദുര്‍ഗ സമകാലിക മലയാളത്തോട് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ കേസ് കൊടുക്കും എന്നാണ് അവര്‍ ആക്രോശിക്കുന്നത്. കേസ് കൊടുത്താല്‍ അതിനെ നിയമപരമായി നേരിടുമെന്നും തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മാസ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ ശ്രമമുണ്ടെന്നും ദുര്‍ഗ പറയുന്നു. 

പേജിലും പ്രൊഫൈലിലും വരുന്ന ഒരു തെറി പോലും ഡിലീറ്റ് ചെയ്യില്ല. സംഘപരിവാറിന്റെ തനി സ്വരൂപം ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. പീഡനക്കേസില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം നാലാംകിട പ്രചാരണങ്ങളുമായി സംഘപരിവാര്‍ കളം നിറഞ്ഞാടുന്നത്. എങ്ങനെയൊക്കെ ആക്രമിക്കാന്‍ ശ്രമിച്ചാലും മതതീവ്രവാദികള്‍ക്കെതിരെ കലകൊണ്ട് ശബ്ദിച്ചുകൊണ്ടേയിരിക്കും- ദുര്‍ഗ പറഞ്ഞു. 

സ്ത്രീയെ ബഹുമാനിക്കാന്‍ അറിയാത്ത, ഏറ്റവും വൃത്തികെട്ട ഭാഷയില്‍ അവരെ അപമാനിക്കുന്ന ഇക്കൂട്ടരാണ് ഭാരതാംബയെ സേവിക്കാന്‍ നടക്കുന്നതെന്ന് ആലോചിക്കുമ്പോള്‍ ഒരേസമയം സങ്കടവും ചിരിയും വരുന്നു. ഇവരുടെയൊക്കെ വീടുകളിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥ ആലോചിക്കുമ്പോള്‍ ഉള്‍ഭയമേറുന്നു. 

ഹിന്ദുമതത്തെ അപമാനിച്ച ദുര്‍ഗ, ജീവനുവേണ്ടി യാചിക്കേണ്ടിവരും എന്നാണ് ഭീഷണികള്‍ വരുന്നത്. ഹിന്ദി,തമിഴ്,തെലുങ്ക് തുടങ്ങി പല ഭാഷകളിലാണ് ആക്രമണം നടക്കുന്നത്. ഇത്രയും ഭീകരമായി ഒരു സ്ത്രീക്ക് നേരെ വെര്‍ബല്‍ റേപ്പ് നടത്തുമ്പോള്‍ പുരോഗമന ചിന്താഗതിക്കാര്‍ മൗനമായിരിക്കുന്നതിന്റെ പിന്നിലെന്താണ് എന്ന് മനസ്സിലാകുന്നില്ല. ഒരു ഹിന്ദു പെണ്‍കുട്ടിയാണ് മുസ്‌ലിം ഭീകരരുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ടിരുന്നതെങ്കില്‍ എങ്ങനെയാകുമായിരുന്നു സംഘപരിവാറിന്റെ പ്രതികരണം? ഞാനപ്പോഴും പ്രതിഷേധിക്കും. ഞാനപ്പോഴും ചിത്രം വരക്കും. എന്റെ ആശയങ്ങളും പ്രതിഷേധങ്ങളും കലയും ഒരു മതതീവ്രവാദിക്ക് മുന്നിലും അടിയറവ് വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല, കലയെ പേടിക്കുന്നവര്‍,ആശയങ്ങളെ പേടിക്കുന്നുവര്‍ ചിലച്ചുകൊണ്ടേയിരിക്കട്ടേ, മുന്നോട്ടുപോകുകതന്നെ ചെയ്യും- ദുര്‍ഗ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com