കാലിഫോര്‍ണിയയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും ഈല്‍ നദിയില്‍ നിന്ന് കണ്ടെടുത്തു
കാലിഫോര്‍ണിയയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി


ന്യൂയോര്‍ക്ക് : കാലിഫോര്‍ണിയയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഈല്‍ നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും നദിയില്‍ നിന്ന് കണ്ടെടുത്തു.

കൊച്ചി സ്വദേശി സന്ദീപ് തോട്ടപ്പള്ളിയുടെ മകന്‍ സിദ്ധാന്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. സന്ദീപ് തോട്ടപ്പള്ളി, മകള്‍ സച്ചി എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഈ മാസം അഞ്ചുമുതലാണ് ഇവരെ കാണാതായത്. 

ഓറിഗനിലെ പോര്‍ട്‌ലാന്‍ഡില്‍നിന്നു സനോസെയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിനോടു ചേര്‍ന്നു കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവരുടെ കാര്‍ വീഴുകയായിരുന്നു. ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.

സന്ദീപിന്റെ മൃതദേഹം കാറിന്റെ പിന്‍ഭാഗത്താണു കണ്ടത്. കുട്ടികളെ രക്ഷിക്കാന്‍ പിന്നോട്ടിറങ്ങിയതാണെന്നു കരുതുന്നു. കാറിന്റെ വിന്‍ഡോ തകര്‍ന്നിരുന്നു. കാര്‍ നദിയിലേക്കു വീഴുന്നതു കണ്ട ദൃക്‌സാക്ഷിയാണു പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. കാര്‍ അപകടസ്ഥലത്തുനിന്ന് അര മൈല്‍ അകലെ നാലടിയിലേറെ താഴ്ചയില്‍ ചെളി കയറി മുങ്ങിക്കിടക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com