മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍ ആക്രമണം; ദുര്‍ഗ മാലതി പൊലീസില്‍ പരാതി നല്‍കി

കത്തുവ ബലാത്സംഗ കൊലപാതത്തില്‍ പ്രതിഷേധിച്ച് ചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ നടക്കുന്ന സംഘപരിവാറിന്റെ സോഷ്യല്‍ മീഡിയ ആക്രമണത്തിനെതിരെ ചിത്രകാരി ദുര്‍ഗ മാലതി പൊലീസില്‍ പരാതി നല്‍കി
 മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍ ആക്രമണം; ദുര്‍ഗ മാലതി പൊലീസില്‍ പരാതി നല്‍കി


പട്ടാമ്പി: കത്തുവ ബലാത്സംഗ കൊലപാതത്തില്‍ പ്രതിഷേധിച്ച് ചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ നടക്കുന്ന സംഘപരിവാറിന്റെ സോഷ്യല്‍ മീഡിയ ആക്രമണത്തിനെതിരെ ചിത്രകാരി ദുര്‍ഗ മാലതി പൊലീസില്‍ പരാതി നല്‍കി. പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് പരാതി നല്‍കിയത്.
തന്റെ മുഖവും മറ്റാരുടേയോ നഗ്നശരീരവും മോര്‍ഫ് ചെയ്ത് അശ്ലീലമായ രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്നതും ആവിഷ്‌കാര സ്വാതനന്ത്ര്യത്തെ ഹനിക്കുന്നതുമായ പ്രചാരണങ്ങളാണ് സാമഹ്യ മാധ്യമങ്ങളില്‍ നടക്കുന്നതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. ദുര്‍ഗയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പട്ടാമ്പി പൊലീസ് സമകാലിക മലയാളത്തോട് സ്ഥിരീകരിച്ചു. 

പ്രതിഷേധ സൂചകമായി രണ്ടു ചിത്രങ്ങളാണ് ദുര്‍ഗ വരച്ചത്. ആദ്യത്തേതില്‍ ബിജെപിയുടതിന് സമാനമായ കൊടി വരച്ചു ചേര്‍ത്തിരുന്നു. രണ്ടാമത്തേതില്‍ ത്രിശൂലവും. ഇത് ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദു ചിഹ്നങ്ങളെ അവഹേളിച്ചുവെന്നുമാണ് സംഘപരിവാര്‍ പറയുന്നത്. എന്നാല്‍ ബിജെപിയുടെ കൊടി എന്നാണ് ഹിന്ദു മതത്തിന്റെ ചിഹ്നമായത് എന്നാണ് ദുര്‍ഗ തിരിച്ചു ചോദിക്കുന്നത്.

ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍,ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍,ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍,അവരുടേതും കൂടിയാണു ഭാരതം..ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും എന്ന ക്യാപ്ഷനോടെയാണ് ദുര്‍ഗ ആദ്യ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതര സംസ്ഥാന സംഘപരിവാര്‍ അനുഭാവികളാണ് കൂടുതലും ഇവര്‍ക്കെതിരെ പ്രചാരണം നടത്തുന്നത്. 

ആദ്യമായല്ല ദുര്‍ഗയ്ക്ക് നേരെ സംഘപരിവാര്‍ ആക്രമണം നടക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദുര്‍ഗ വരച്ച ചിത്രത്തിന് എതിരെയും സംഘപരിവാര്‍ വ്യാപക ആക്രമണം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com