റേഡിയോ ജോക്കി വധം : അലിഭായിയുടെ സഹായി അപ്പുണ്ണി പിടിയില്‍ 

റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നാം പ്രതി അപ്പുണ്ണിയെയും പൊലീസ് അറസ്റ്റ് ചെയ്തു
റേഡിയോ ജോക്കി വധം : അലിഭായിയുടെ സഹായി അപ്പുണ്ണി പിടിയില്‍ 

തിരുവനന്തപുരം : റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നാം പ്രതി അപ്പുണ്ണിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്രതി അലിഭായിയുടെ സഹായിയായിരുന്ന അപ്പുണ്ണിയാണ് പിടിയിലായത്. ഇയാളെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. 

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് അപ്പുണ്ണി. കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുത്തത് രാജേഷുമായി ബന്ധമുണ്ടായിരുന്ന യുവതിയുടെം മുന്‍ഭര്‍ത്താവായ സത്താറാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സത്താര്‍ സുഹൃത്തായ അലിഭായിക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. അലിഭായി നാട്ടിലെ സുഹൃത്തായ അപ്പുണ്ണിയെ കൃത്യത്തിന് കൂടെ കൂട്ടുകയായിരുന്നു. 

ആയുധങ്ങളെത്തിക്കുക, വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുക, കൃത്യത്തിന് ശേഷം ഒളിവില്‍ താമസിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്തത് അപ്പുണ്ണിയാണ്. അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകവും ആസൂത്രണവും നടത്തിയത്. കൃത്യത്തിന് ശേഷം ചെന്നൈയിലേക്ക് മുങ്ങിയ അപ്പുണ്ണി കഴിഞ്ഞദിവസം പൊലീസിന്റെ പിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. 

കേസിലെ മുഖ്യപ്രതിയായ അലിഭായിയെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനായെങ്കിലും അപ്പുണ്ണിയെ പിടികൂടാനാകാത്തത് അന്വേഷണസംഘത്തിന് വലിയ ക്ഷീണമായിരുന്നു. കേസിലെ മറ്റുപ്രതികളെയെല്ലാം പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രാജേഷിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സത്താറിനെ മാത്രമാണ് കേസില്‍ ഇനി പിടികൂടാനുള്ളത്. ഇദ്ദേഹം വിദേശത്താണുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com